തിരുവനന്തപുരം: അഞ്ചുവര്‍ഷത്തിനിടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിയമനം ലഭിച്ചവര്‍ ഒരുലക്ഷത്തില്‍ താഴെയെന്ന് വിവരാവകാശ രേഖകള്‍. ഇക്കാലയളവില്‍ ഒന്നരലക്ഷം പേര്‍ക്ക് പിഎസ്സി വഴി നിയമനം നല്‍കിയെന്ന വാദം തെറ്റെന്ന് തെളിയിക്കുന്നതാണ് പുതിയ വിവരങ്ങള്‍. അഞ്ചുവര്‍ഷംകൊണ്ട് 1,51,513 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയെന്നാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അവകാശവാദം. ഇത് യാഥാര്‍ഥത്തില്‍ ജോലി ലഭിച്ചവരുടെ കണക്കാകണമെന്നില്ലെന്ന് നേരത്തേ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
കാരണം ഒരാള്‍ക്ക് ഒന്നിലധികം ശുപാര്‍ശ ലഭിക്കാം. നിയമസഭയിലടക്കം ഇതു സംബന്ധിച്ച് ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് ‘വിവരം ശേഖരിച്ചുവരുന്നു’ എന്ന് മറുപടി നല്കിയ സര്‍ക്കാര്‍ കൃത്യമായ കണക്ക് പുറത്തുവിട്ടിരുന്നില്ല. ശമ്പള സോഫ്ട്വയറായ സ്പാര്‍ക്ക് വഴിയുള്ള വിവരങ്ങളാണ് സേവ് എജ്യുക്കേഷന്‍ കമ്മിറ്റി സംസ്ഥാന സെക്രട്ടറി എം ഷാജര്‍ഖാന്‍ ശേഖരിച്ചത്.
2016 ജൂണ്‍ മുതല്‍ ഈ വര്‍ഷം ഫെബ്രുവരിവരെ സ്പാര്‍ക്കില്‍ പുതിയതായി അക്കൗണ്ട് സൃഷ്ടിച്ചതും ശമ്പളം നല്കിയതും 1,09,585 പേര്‍ക്കുമാത്രം. ഇതില്‍ 14,389 പേര് മാനേജ്മെന്റുകള്‍ നിയമനം നടത്തിയ എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍. ശേഷിക്കുന്ന 95,196 പേര്‍ക്കാണ് പിഎസ്സിയിലൂടെ ജോലി കിട്ടിയത്. ഈ അഞ്ചുവര്‍ഷത്തിനിടെ ഓരോ വര്‍ഷവും ശരാശരി 20,000 ആളുകളെങ്കിലും വിരമിച്ചിട്ടുണ്ട്. ഈ തസ്തികകളും പുതിയതായി സൃഷ്ടിച്ച തസ്തികകളും കൂടിയാകുമ്പോള്‍ ഇതിലേറെ നിയമനം നടക്കേണ്ടതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: