പിണറായി വിജയന് ടെലഫോണില്‍ വോട്ടര്‍മാരെ നേരിട്ട് വിളിച്ച് വോട്ട് അഭ്യര്‍ഥിക്കുന്നു. ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്ന മുദ്രാവാക്യം ആവര്‍ത്തിച്ചുപറയുന്നു. ഇടതു മുന്നണിയുടെ ഉറപ്പ് സത്യമാക്കിക്കൊടുക്കുകയാണോ കോണ്‍ഗ്രസ് എന്ന സംശയം ബലപ്പെടുകയാണ്. ‘ഒരു വെടി നീവയ്ക്ക് ഒരു വെടി ഞാന്‍ വയ്ക്കാം’ എന്ന പോലെ പരസ്പര ധാരണയിലാണ് ഇരുകൂട്ടരും നീങ്ങുന്നത്. ധര്‍മ്മടത്തടക്കം കരുത്തരായ സ്ഥാനാര്‍ത്ഥികളെ ഇറക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇരു മുന്നണികളുടെയും കരുത്തരെന്ന് കരുതുന്ന നേതാക്കളെ നേരിടാന്‍ എന്‍ഡിഎ-ബിജെപി കരുത്തുറ്റ നേതാക്കളെ രംഗത്തിറക്കിയിട്ടുണ്ട്. ധര്‍മ്മടത്ത് കോണ്‍ഗ്രസ് മുട്ടിട്ടടിച്ചപ്പോള് മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭനാണ് ബിജെപി സ്ഥാനാര്‍ത്ഥി. ധര്‍മ്മടത്ത് കോണ്‍ഗ്രസിന് ഒരു പ്രാദേശിക നേതാവാണ്. അയാള്‍ സ്ഥാനാര്ത്ഥിയായതെങ്ങിനെയെന്ന് പറഞ്ഞ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഇന്നലെ കൈപ്പത്തി ചിഹ്്നം അനുവദിക്കാന്‍ കത്തുനല്‍കി.
സ്വന്തം പരാജയം മൂടിവയ്ക്കാന്‍ ബിജെപിക്കെതിരെ തൊണ്ടതുറക്കുകയാണ്. സിപിഎമ്മും ബിജെപിയും തമ്മില്‍ അന്തര്‍ധാരയെന്ന കല്ലുവച്ച നുണയാണ് മുല്ലപ്പള്ളി തട്ടിവിട്ടിട്ടുള്ളത്. ഒ.രാജഗോപാലും സിപിഎമ്മും തമ്മിലുള്ള ധാരണയെക്കുറിച്ച് താന്‍ പറയേണ്ട കാര്യമുണ്ടോയെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രന് ചോദിക്കുന്നത്.
സിപിഎം നിര്‍ത്തിയ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ വേണ്ടി തീരുമാനിച്ചപ്പോള്‍ ഒ രാജഗോപാല്‍ പറഞ്ഞത് പേരില്‍ രാമനുമുണ്ട് കൃഷ്ണനുമുണ്ട് ഇതിലപ്പുറം മറ്റൊരു സ്ഥാനാര്‍ത്ഥിയെ കാണുന്നില്ല എന്നായിരുന്നു. അപ്പോള്‍ തന്നെ അന്തര്‍ധാര ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു. സിപിഎം സ്പീക്കര്‍ സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുക, എന്നിട്ട് മതപരമായ മാനം കൊടുത്ത് ന്യായീകരിക്കുക അതാണ് രാജഗോപാല്‍ നടത്തിയതെന്നും മുല്ലപ്പള്ളി പറയുന്നു.
ശബരിമല വിഷയം ഒരു മുഖ്യ തെരഞ്ഞെടുപ്പ് വിഷയമാക്കാന്‍ കോണ്‍ഗ്രസ് ഉദ്ദേശിച്ചിട്ടില്ലെന്നും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമായി വരുമ്പോള്‍ തങ്ങള്‍ നിലപാട് വ്യക്തമാക്കുകയാണ് ചെയ്യുന്നതെന്നും മുല്ലപ്പളളി പറയുമ്പോള്‍ രമേശും ഉമ്മന്‍ചാണ്ടിയും വേറെ അഭിപ്രായമാണ് പറയുന്നത്. ഡല്‍ഹിയിലെ സിപിഎം-കോണ്‍ഗ്രസ് അന്തര്‍ധാരയാണ് മുല്ലപ്പള്ളിയുടെ ആവനാഴിയിലുള്ളത് ബംഗാളില്‍ സഖ്യം രൂപപ്പെടുത്തിയ സീതാറാം യെച്ചൂരിയുടെയും രാഹുലിന്റെയും സ്വരമാണ് മുല്ലപ്പള്ളി വഴി പുറത്തുവരുന്നത്.
സിപിഎം നേതാക്കളുടെ നിലപാടുകളിലെ വൈരുധ്യം ചൂണ്ടിക്കാണിക്കണ്ടേ. യെച്ചൂരി ഒന്ന് പറയുന്നു, മുഖ്യമന്ത്രി പലവട്ടം വാക്ക് മാറ്റിപറയുന്നു. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ തിരുവനന്തപുരത്തുളള മന്ത്രി മറ്റൊന്ന് പറയുന്നു. അദ്ദേഹം വിലാപ കാവ്യം രചിച്ചുകൊണ്ടാണ് മാധ്യമപ്രവര്‍ത്തകരെ കണ്ടത്. അദ്ദേഹം പറയുന്നു, എന്റെ മനസ്സ് വേദനിക്കുന്നു, നിലപാട് തെറ്റാണ് എന്ന്. എന്താണ് ശബരിമല വിഷയത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നിലപാട്. അത് ഇനിയെങ്കിലും വിശദീകരിക്കണം. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുടെ നിലപാടാണോ പിണറായി വിജയന്റെ നിലപാടാണോ, മുഖ്യമന്ത്രിയുടെ വിശ്വസ്തനായ കടകംപള്ളിയുടെ അഭിപ്രായമാണോ ശരി. എന്ന് ചോദിക്കുന്ന മുല്ലപ്പള്ളി എന്തുകൊണ്ട് രാഹുലിന്റെ നിലപാട് പറയുന്നില്ല. ശബരിമല വിഷയത്തില്‍ രാഹുലിനും യെച്ചൂരിക്കും ഒരേ നിലപാടല്ലെ?
അബദ്ധവശാല്‍ യുഡിഎഫിന് ഭരിക്കാന്‍ സാഹചര്യമൊരുങ്ങിയാല്‍ ഒന്നാമനാകാന്‍ രണ്ടല്ല മൂന്നാളുകളായി എന്നര്‍ത്ഥം. നേരത്തെ ഉമ്മന്‍ചാണ്ടിയോ ചെന്നിത്തലയോ, മുകളില്‍ കയറി മുരളീധരന്. താന്‍ മത്സരിക്കുന്നത് ഒന്നാമനാകാന്‍ എന്നാണ് മുരളീധരന് പറയുന്നത്.
ചെങ്ങന്നൂരില്‍ ഒരു വാ പോയ കോടാലി പ്രയോഗം കയറിപ്പിടിച്ചാണ് ഒന്നാമനാകാന്‍ ഒരുങ്ങിയ മുക്കാളികള് പോരിനിറങ്ങുന്നത്. സിപിഎമ്മുമായോ കോണ്‍ഗ്രസുമായോ ഏതെങ്കിലും ഒരു ഡീല്‍ നടത്താന്‍ ബിജെപിയെ കിട്ടില്ല. അരി ആഹാരം കഴിക്കുന്ന ഒരാളും ആ ആരോപണം മുഖവിലക്കെടുക്കില്ല. എന്നിട്ടും എന്തിനാണാവോ ചെങ്ങന്നൂരിലെ പൊയ് വെടിയില്‍ ഇവര്‍ ആവേശം കൊള്ളുന്നത്?
ഒരിക്കല്‍ എ.കെ. ആന്റണിയെ മുക്കാലിയില്‍ കെട്ടിയിട്ട് അടിക്കണമെന്ന് പറഞ്ഞ നേതാവാണ് നേമത്തെ കൈ ചിഹ്്നക്കാരന്. ”എനിക്ക് ഇങ്ങിനെ ഒരച്ഛനില്ലെന്ന്” പറഞ്ഞത് മറക്കണോ? നേമത്തും സിപിഎം-ബിജെപി ഡീലുണ്ടെന്നാണ് പുതിയ മൊഴി. കേരള രാഷ്ട്രീയത്തിലെ നമ്പര്‍ വണ്‍ ഡീലര്‍ ആരായിരുന്നെന്ന് പേരുപറയാതെ തന്നെ ജനങ്ങള്‍ തിരിച്ചറിയും. ആ പാരമ്പര്യം കൊണ്ട് തന്നെയാവണം ധര്‍മ്മടത്തുനിന്ന് കെ. സുധാകരന് ഒളിച്ചോടിയത്. മുല്ലപ്പള്ളിയാണ് രാഹുലിന്റെ മനസ്സറിഞ്ഞ് പ്രാദേശിക നേതാവിനെ ധര്‍മ്മടത്ത് നിര്‍ത്തിയത്.
വ്യാഴാഴ്ച രാത്രിവരെ ധര്‍മ്മടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആരെന്ന് നിശ്ചയിച്ചിട്ടില്ലെന്ന് പറഞ്ഞത് കെപിസിസി പ്രസിഡന്റാണ്. അതേ പ്രസിഡന്റ് ആരോടും ചോദിക്കാതെ പത്രിക സമര്‍പ്പിച്ച ഒരാള്‍ക്ക് കൈപ്പത്തി ചിഹ്നവും നല്കി. അതിനുശേഷമാണ് രാഹുല്‍ കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക കണ്ട് സംതൃപ്തി ഉണ്ടെന്ന് പ്രസ്താവിച്ചത്. എമ്മാതിരി ഡീലാണ് ഡല്‍ഹിയില്‍ നിന്നും ഉറപ്പിച്ചതെന്ന് വ്യക്തമല്ലെ?
ധര്‍മ്മടത്ത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും മുമ്പ് സിപിഎം കോണ്‍ഗ്രസിലെ ചില നേതാക്കള്‍ക്കെതിരെ പ്രഗത്ഭരെ നിര്‍ത്തിയില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. പുതുപ്പള്ളിയിലും ഹരിപ്പാട്ടും നിര്‍ത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ തന്നെ ഉദാഹരണം. ശബരിമല പ്രശ്നം കൊഴുപ്പിക്കാനെന്ന പേരില്‍ പ്രസ്താവന നടത്തുന്ന കോണ്‍ഗ്രസ് കഴക്കൂട്ടത്ത് ആരെയാണ് സ്ഥാനാര്‍ത്ഥിയാക്കിയത്? അവിടെ ദേവസ്വം മന്ത്രി കടകംപള്ളിയാണ് സ്ഥാനാര്‍ത്ഥി. എതിര് സ്ഥാനാര്‍ത്ഥി ആരെന്ന് അന്വേഷിച്ചാല്‍ ശോഭാ സുരേന്ദ്രന് എന്നാണ് ജനങ്ങളെല്ലാം പറയുന്നത്. ഏതായാലും സ്വയം തോല്‍ക്കാനും മറുപക്ഷത്തെ ചിലര്‍ക്ക് അനായാസ വിജയം ഉറപ്പാക്കാനും നിശ്ചയിച്ച സ്ഥാനാര്‍ത്ഥി പട്ടിക യുഡിഎഫിന്റെ ഞാണിന്മേല് കളി മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: