ഇന്ത്യയുടെ ആത്മാവിനെ എക്കാലവും പ്രചോദിപ്പിക്കുന്നത് ഉപനിഷത്തുകളാണ്. അസ്വാസ്ഥ്യമുളവാക്കുന്ന ചോദ്യങ്ങളാണ് ഉപനിഷത്തിലെ ഋഷി നേരിടുന്നത് എന്നുതോന്നാം. മുഗ്ധസാരള്യത്തോടെ കേനര്‍ഷി മറുപടി പറഞ്ഞുതുടങ്ങി.
“ശ്രോത്രസ്യ ശ്രോത്രം മനസോ മനോയദ്
വാചോഹവാചം സ ഉ പ്രാണസ്യ പ്രാണഃ
ചക്ഷുഷശ്ചക്ഷുരതിമുച്യ ധീരാഃ
പ്രേത്യാസ്മാല്ലോകാദമൃതാ ഭവന്തി (ക:2)
ബ്രഹ്മം എന്താണെന്നും എന്തല്ലെന്നും ശിഷ്യന് ഗുരു പറഞ്ഞുകൊടുക്കുകയാണിവിടെ. അതിനുപയോഗിച്ചിരിക്കുന്ന ഗംഭീരോദാരമായ കവിതയാണിത്. കേനത്തിന്റെ ആദ്യരണ്ടു ഖണ്ഡങ്ങളും പദ്യമാണെന്നതിവിടെ ഓര്‍മ്മിക്കുക. ചിത്തശുദ്ധിയും ബുദ്ധിശക്തിയുമുള്ളവനാണിവിടെ ശിഷ്യന്. എന്താണ് ചോദിച്ചതെന്നുനോക്കാം.
ഇന്ദ്രിയപ്രത്യക്ഷമായ ഈ ലോകത്തിനപ്പുറമെന്തോ ഉണ്ട് എന്ന് അവ്യക്തമായി മനസ്സിലാക്കിയ യുവാവാണിവിടെ ചോദ്യകര്‍ത്താവ്. മനസ്സും പഞ്ചേന്ദ്രിയങ്ങളും അവയുടെ കര്‍മ്മങ്ങളില്‍ വ്യാപരിക്കുന്നത് ഏതുശക്തിയുടെ ആഗ്രഹം ഹേതുവായിട്ടെന്നാണല്ലോ ജിജ്ഞാസുവായ ശിഷ്യന് ചോദിക്കുന്നത്.
ജഡങ്ങളായ അന്തഃകരണം, പ്രാണന്, വാക്ക്, ജ്ഞാനേന്ദ്രിയങ്ങള്‍, കര്മ്മേന്ദ്രിയങ്ങള് എന്നിവയ്ക്ക് അവയുടെ കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുവാനുള്ള ശക്തിയും യോഗ്യതയും പ്രദാനം ചെയ്യുന്നതും അവയെ പ്രവര്‍ത്തിപ്പിക്കുന്നതുമായ ചൈതന്യശക്തി ഏതാണെന്നതാണ് ചോദ്യത്തിന്റെ മര്‍മ്മം.
പ്രപഞ്ചരഹസ്യത്തിന്റെ അവ്യക്തകഠിനമായ പ്രശ്നമാണ് ശിഷ്യനിവിടെ ഉന്നയിച്ചിട്ടുള്ളത്. അനുഭൂതിനിഷ്ഠങ്ങളായ ഉത്തരങ്ങള്‍ നല്കി ബ്രഹ്മജിജ്ഞാസ ശമിപ്പിക്കുവാനുള്ള ബാധ്യത ഉപനിഷദ്ഗുരുവിനുണ്ട്. ചെവിയുടെ ചെവിയായും മനസ്സിന്റെ മനസ്സായും വാക്കിന്റെ വാക്കായും പ്രാണന്റെ പ്രാണനായും കണ്ണിന്റെ കണ്ണായും ഒരു ശക്തിവിശേഷമുണ്ട്. അത് തിരിച്ചറിയുന്നവര്‍ അമരത്വം പ്രാപിക്കുന്നു. അവിടെ മനസ്സോ വാക്കോ കണ്ണോ ഒന്നും എത്തിപ്പെടുന്നില്ല. അറിയപ്പെട്ടവയില്നിന്നും അറിയപ്പെടാത്തവയില്നിന്നും അന്യമാണത്.മനസ്സിനും ഇന്ദ്രിയങ്ങള്‍ക്കും ലഭ്യമാകുന്ന വിവരങ്ങളെല്ലാം പരബ്രഹ്മത്തിന്റെ വാസ്തവികരൂപങ്ങളല്ല. മഹര്‍ഷി ബ്രഹ്മത്തെ ഇങ്ങനെ വിശദീകരിച്ചുതരുന്നു.
ബ്രഹ്മസ്വരൂപത്തോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്നതാണ് വേദത്തിന്റെ ജ്ഞാനകാണ്ഡമായ ഉപനിഷത്തുകള്‍. നമുക്കിങ്ങനെ പറയാം. ബ്രഹ്മസ്വരൂപം ഉപനിഷത്തുകളില്‍ സ്ഥിതിചെയ്യുന്നു. വേദങ്ങളുടെ ഗൂഢാര്‍ത്ഥമാണ് ഉപനിഷത് മന്ത്രങ്ങളില്‍നിന്നും നമുക്ക് ലഭിക്കുന്നത് എന്നും അറിയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: