കൊല്ലം: കാലങ്ങളായി തെരഞ്ഞെടുപ്പുകളില്‍ സിപിഎമ്മും കോണ്‍ഗ്രസുമായി തുടരുന്ന അവിശുദ്ധ സഖ്യവും നീക്കുപോക്കും ചര്‍ച്ചയാകുമ്പോള്‍ ശ്രദ്ധേയമാകുന്ന മണ്ഡലങ്ങളാണ് ഹരിപ്പാടും ചെങ്ങന്നൂരും. സ്വന്തം ഘടക കക്ഷിയായ സിപിഐയെ പോലും ചതിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഹരിപ്പാട്ട് സഹായിക്കുന്നത് സിപിഎമ്മാണെന്നത് പരസ്യമായ രഹസ്യമാണ്. ഇത്തവണയും വോട്ടുമറിക്കലിന് കളമൊരുങ്ങി കഴിഞ്ഞു. ചെങ്ങന്നൂരിലെ രണ്ട് തദ്ദേശസ്ഥാപനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ പോലും തള്ളിപ്പറഞ്ഞ് കോണ്‍ഗ്രസ്, ഇടതുപക്ഷത്തിന് ഏകപക്ഷീയമായ പിന്തുണ നല്‍കിയത് ഇതിന്റെ ഭാഗമാണ്.
ഇത് ചര്‍ച്ചയാകാതിരിക്കാനാണ് രമേശ് ചെന്നിത്തല കുപ്രചാരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്ന ചെന്നിത്തലയ്ക്കെതിരെ ഗുരുതരമായ നിരവധി ആരോപണങ്ങളാണുയര്‍ന്നത്. പലതിലും പിണറായി സര്‍ക്കാരിന്റെ തുടക്കകാലത്ത് പ്രഖ്യാപിച്ച അന്വേഷണങ്ങള്‍ എവിടെയെത്തിയെന്ന് ആര്‍ക്കും അറിയില്ല. എല്ലാം ഒത്തുകളിയുടെ ഭാഗമായി പൂട്ടിക്കെട്ടി. പോലീസ് നിയമന തട്ടിപ്പ് കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണവും ഹരിപ്പാട് മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണവും എങ്ങുമെത്താതെ അവസാനിച്ചു.
ഒത്തുകളി രാഷ്ട്രീയത്തിന്റെ കരാര്‍ ഉറപ്പിക്കലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്വന്തം നാടായ ചെന്നിത്തല പഞ്ചായത്തിലും, ചെങ്ങന്നൂര്‍ മണ്ഡലത്തിലെ തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലും നടന്ന ജനാധിപത്യവിരുദ്ധ സഖ്യം. തെരഞ്ഞെടുപ്പില്‍ പോരടിച്ച സിപിഎമ്മും കോണ്‍ഗ്രസും ഭരണം പിടിക്കാന്‍ ഒന്നിക്കുകയായിരുന്നു. ഇരു പഞ്ചായത്തുകളിലും കോണ്‍ഗ്രസ്, സിപിഎമ്മിനെ പിന്തുണച്ചു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താനെന്ന കാരണം പറഞ്ഞാണ് കോണ്‍ഗ്രസ്, സിപിഎമ്മിനെ പിന്തുണച്ചത്. രണ്ടിടത്തും കോണ്‍ഗ്രസ് പിന്തുണയോടെ ജയിച്ചതിനാല്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും രണ്ടു വട്ടമാണ് രാജി വെച്ചത്. നിയമസഭാ തെരഞ്ഞടുപ്പ് വരെ രാജി എന്ന നാടകം തുടരുക, പിന്നീട് ഒന്നിച്ച് ഭരണം നടത്തുക എന്ന തന്ത്രമാണ് ഇരുകൂട്ടരും പയറ്റുന്നത്. രമേശ് ചെന്നിത്തല ഹരിപ്പാട് മത്സരിച്ച കഴിഞ്ഞ രണ്ടു ടേമിലും സിപിഎമ്മിലെ ഒരു വിഭാഗം രമേശിനെ സഹായിക്കുകയായിരുന്നു എന്ന് വോട്ടു കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇത്തവണ നില പരുങ്ങലിലായ ചെങ്ങന്നൂരിലെ സിപിഎം സ്ഥാനാര്‍ത്ഥി സജി ചെറിയാനും രമേശ് ചെന്നിത്തലയും തമ്മിലുള്ള നീക്കുപോക്കിന്റെ ഭാഗമായാണ് ഇരു പഞ്ചായത്തുകളിലും കോണ്‍ഗ്രസ് ഏകപക്ഷീയമായി സിപിഎമ്മിനെ പിന്തുണയ്ക്കുന്നതെന്നാണ് വിമര്‍ശനം. ഇരു പാര്‍ട്ടികളിലെയും അണികളില്‍ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.
സിപിഎം സ്ഥിരമായി മത്സരിച്ചിരുന്ന ഹരിപ്പാട് മണ്ഡലം 2011ല്‍ രമേശ് ചെന്നിത്തല മത്സരിക്കാന്‍ എത്തിയതോടെയാണ് സിപിഐക്ക് വിട്ടുനല്‍കിയത്. സിപിഎം, കോണ്‍ഗ്രസ് ഒത്തുകളിയുടെ ഭാഗമായിരുന്നു ആലപ്പുഴ മണ്ഡലം സിപിഎം ഏറ്റെടുത്ത് സിപിഐക്ക് ഹരിപ്പാട് നല്‍കിയത്. 2011ല്‍ സിപിഐയിലെ ജി. കൃഷ്ണപ്രസാദിനെ 5520 വോട്ടിനു തോല്‍പ്പിച്ച രമേശ് ചെന്നിത്തല കഴിഞ്ഞ തവണ 18621 വോട്ടാക്കി ഭൂരിപക്ഷം വര്‍ധിപ്പിച്ചു. സിപിഐയുടെ പി. പ്രസാദായിരുന്നു എതിരാളി. 2011ല്‍ സിപിഐ സ്ഥാനാര്‍ത്ഥിക്ക് 61858 വോട്ടുകളാണ് ലഭിച്ചത്. എന്നാല്‍ 2016ല്‍ 57359 വോട്ടായി കുറഞ്ഞു. കോണ്‍ഗ്രസിന് അതിന് അനുസരിച്ച് വോട്ടുകള്‍ വര്‍ദ്ധിക്കുകയും ചെയ്തു. ഇടതുപക്ഷത്തെ ഒരു വിഭാഗം വോട്ടുകള്‍ യുഡിഎഫിന് മറിഞ്ഞു എന്ന് വ്യക്തം.
ബിജെപിക്കാകട്ടെ വോട്ടുകള്‍ ഗണ്യമായി വര്‍ധിക്കുകയാണുണ്ടായത്. 2011ല്‍ 3145 വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. 2016ല്‍ ഇത് 12985 വോട്ടുകളായി വര്‍ദ്ധിച്ചു, പിന്നീട് ലോക്സഭാ തെരഞ്ഞെടുപ്പിലും, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ ഇതിന്റെ ഇരട്ടിയിലേറെ വോട്ടുകള്‍ നേടി കരുത്ത് തെളിയിക്കാന്‍ എന്‍ഡിഎയ്ക്കായി. ഇത്തവണ ജില്ലാ കൗണ്‍സിലും, ജില്ലാ എക്സിക്യൂട്ടിവും നിര്‍ദ്ദേശിച്ച പേരുകള്‍ പോലും തള്ളി കൊല്ലം സ്വദേശിയായ എഐവൈഎഫ് നേതാവിനെ ഹരിപ്പാട് സ്ഥാനാര്‍ത്ഥിയാക്കിയത് സിപിഐയും സംശയനിഴലിലാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: