ഈ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന മണ്ഡലമാണ് നേമം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ കേരള രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമായി നേമം മാറി. 2016 ല്‍ നിയമസഭയിലേക്ക് ആദ്യമായി ബിജെപി അക്കൗണ്ട് തുറന്ന മണ്ഡലമാണ് നേമം. ഒ. രാജഗോപാല്‍ എന്ന ബിജെപിയുടെ സമുന്നതനായ നേതാവാണ് കഴിഞ്ഞ അഞ്ചു വര്‍ഷം ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്.
ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് ഏറ്റവും കൂടുതല്‍ ചര്‍ച്ചകള്‍ നടന്നിട്ടുള്ളത് നേമം മണ്ഡലത്തെ കുറിച്ചാണ്. നേമത്ത് ബിജെപിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുമെന്നും കരുത്തുറ്റ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും തുടക്കം മുതല്‍ കോണ്‍ഗ്രസ് ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു കൊണ്ടിരുന്നു.
ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി മത്സരിക്കുക നേമത്തായിരിക്കും എന്നുപോലും വാര്‍ത്തകള്‍ വന്നു. നേമത്തെ കോണ്‍ഗ്രസ് സാധ്യതാ പട്ടികയില്‍ ഉമ്മന്‍ചാണ്ടിയുടെയും, രമേശ് ചെന്നിത്തലയുടെയും പേരുകള്‍ വന്നു. എന്നാല്‍ ഇരുവരും നേമത്ത് മത്സരിക്കുന്നതിലുള്ള തങ്ങളുടെ വിമുഖത വ്യക്തമാക്കി. അവസാനം ശശി തരൂരിന്റെയും കെ. മുരളീധരന്റെയും കെ.സി. വേണുഗോപാലിന്റെയും പേരുകള്‍ വരെ നേമത്ത് ഉയര്‍ന്നു കേട്ടു. എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ശക്തമായ നിര്‍ദ്ദേശം ഉണ്ടായിട്ടും നേമത്ത് ഇക്കാര്യത്തില്‍ ഇളവനുവദിക്കണമെന്ന ചര്‍ച്ച കോണ്‍ഗ്രസില്‍ നടന്നത് തന്നെ നേമത്തെ രാഷ്ട്രീയ പോരാട്ടത്തിന്റെ പ്രാധാന്യം എത്രമാത്രം വലുതാണെന്നതിന്റെ സൂചനയാണ്. ഒടുവില്‍ കോണ്‍ഗ്രസ് കെ. മുരളീധരന് എംപിയെ തന്നെ നേമത്ത് സ്ഥാനാര്‍ത്ഥിയുമാക്കി.
എന്തുകൊണ്ടാണ് നേമം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വവും മത്സരവും ഈ തെരഞ്ഞെടുപ്പില്‍ ഇത്ര വലിയ രാഷ്ട്രീയ വിഷയമാവുന്നത്? കേരള രാഷ്ട്രീയത്തില്‍ ബിജെപി നിര്‍ണായകമായ സ്വാധീന ശക്തിയായി മാറിക്കഴിഞ്ഞുവെന്ന് ഇരുമുന്നണികളും ഒരുപോലെ അംഗീകരിക്കുന്നതിന്റെ തെളിവാണിത്. ഇപ്പോള്‍ കേരള രാഷ്ട്രീയത്തിന്റെ ഗതിനിര്‍ണയിക്കുന്നതും, അജണ്ട തീരുമാനിക്കുന്നതും ബിജെപിയാണ്. അതുകൊണ്ടാണ് ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റിലെ മത്സരം ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചയാവുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെക്കുറിച്ചോ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെക്കുറിച്ചോ ചര്‍ച്ചകളുണ്ടാവുന്നില്ല. ഇത് തിരിച്ചറിയുമ്പോഴാണ് നേമത്തിന്റെ രാഷ്ട്രീയ പ്രാധാന്യത്തിന്റെ പ്രസക്തി ഏറുന്നത്.
നേമത്ത് ബിജെപിക്കെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് പിണറായി വിജയന് മത്സരിക്കുന്ന ധര്‍മ്മടത്ത് കരുത്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് പറയാതിരുന്നത് എന്തുകൊണ്ടാണ്? 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന് 87329 വോട്ടും, കോണ്‍ഗ്രസിലെ മമ്പറം ദിവാകരന് 50424 വോട്ടുമാണ് അവിടെ ലഭിച്ചത്. എന്നാല്‍ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പി.കെ ശ്രീമതിക്ക് 74730 വോട്ടും കെ. സുധാകരന് 70631 വോട്ടും ധര്‍മ്മടത്ത് ലഭിച്ചു. അതായത് ഇരുവരും തമ്മിലുള്ള വ്യത്യാസം 4099 വോട്ട് മാത്രം.
രണ്ട് വര്‍ഷം മുന്‍പ് കോണ്‍ഗ്രസിന് എഴുപതിനായിരം വരെ വോട്ട് ഇവിടെ ലഭിച്ചിരുന്നു. അതായത് സിപിഎമ്മിന്റെ കേരളത്തിലെ ഉറച്ച കോട്ടയില്‍ കോണ്‍ഗ്രസ് ചിഹ്നത്തില്‍ അത്രയും ആളുകള്‍ വോട്ട് ചെയ്യാന്‍ തയ്യാറായിട്ടുണ്ട് എന്നര്‍ത്ഥം. അങ്ങനെയെങ്കില്‍ എം.പിയായ കെ. മുരളീധരനെ നേമത്ത് നിര്‍ത്തിയതുപോലെ പിണറായി വിജയനെതിരെ കെ. സുധാകരനെപ്പോലെ കരുത്തനെന്ന് കോണ്‍ഗ്രസ് കരുതുന്ന ഒരാളെ എന്തുകൊണ്ട് അവര്‍ സ്ഥാനാര്‍ത്ഥിയാക്കുന്നില്ല? ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി കനത്ത മത്സരം നടന്നാല്‍ ധര്‍മ്മടത്ത് ചിലപ്പോള്‍ കോണ്‍ഗ്രസിന് അട്ടിമറി ജയം പോലും നേടാന്‍ കഴിയുമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കുറഞ്ഞ പക്ഷം ധര്‍മ്മടത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പിണറായി വിജയന് കൂടുതല്‍ സമയം ചെലവഴിക്കേണ്ടിയെങ്കിലും വന്നേക്കാമെന്ന് യുഡിഎഫ് കരുതേണ്ടതല്ലേ.
ഇത്തരമൊരു ആലോചന നടക്കാത്തതിന് കാരണം കേരള രാഷ്ട്രീയത്തില്‍, പ്രത്യേകിച്ച് എല്‍ഡിഎഫ്-യുഡിഎഫ് രാഷ്ട്രീയത്തില്‍ വളരെക്കാലമായി നിലനില്‍ക്കുന്ന ഒരു പൊതുസമവാക്യമാണ്. പ്രധാനപ്പെട്ട യുഡിഎഫ്, എല്‍ഡിഎഫ് നേതാക്കന്മാര്ക്കെതിരെ ഇരുവരും ശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താറില്ല എന്നതാണ് ആ സമവാക്യം. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വര്‍ഷങ്ങളായി ദുര്‍ബല സ്ഥാനാര്‍ഥികളെയാണ് സിപിഎം പരീക്ഷിക്കാറുള്ളത്. അതുപോലെ തിരിച്ചും. ഇരുമുന്നണികളും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന്റെ തെളിവാണിത്. ഇരുമുന്നണികള്‍ക്കുമെതിരെ ഉണ്ടായിട്ടുള്ള അഴിമതി ആരോപണങ്ങള്‍ എങ്ങുമെത്താതെ പോയതിന് കാരണവും ഈ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം തന്നെയാണ്.
ഇപ്പോള്‍ ബിജെപിയുടെ ഒരേയൊരു സിറ്റിംഗ് സീറ്റില്‍ ശക്തമായ പോരാട്ടം കാഴ്ചവെക്കുമെന്നും ശക്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും ഇരുമുന്നണികള്‍ക്കും പറയേണ്ടി വന്നത് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തില്‍ ബിജെപി ഭാഗമല്ലെന്നത് കൊണ്ടുകൂടിയാണ്. ബിജെപിയും ബിജെപി വിരുദ്ധരും എന്ന നിലയിലേക്ക് കേരള രാഷ്ട്രീയം മാറിത്തുടങ്ങിയതിന്റെ സൂചന കൂടിയാണ് നേമത്തെ ചൊല്ലിയുള്ള ചൂടേറിയ ഈ ചര്‍ച്ചകള്‍.
സായന്ത് അമ്പലത്തില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: