ന്യൂദല്‍ഹി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സിപിഎം നിലപാട് ആവര്‍ത്തിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ശബരിമല വിഷയത്തിലെ പാര്‍ട്ടി സ്വീകരിച്ചത് ശരിയായ നിലപാടാണ്. തുല്ല്യതയാണ് പാര്‍ട്ടി നയമെന്നും യുവതി പ്രവേശനത്തെ ന്യായീകരിച്ചുകൊണ്ട് യെച്ചൂരി വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ പാര്‍ട്ടിയുടെ അഭിപ്രായത്തില്‍ വ്യത്യാസമില്ല. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഖേദപ്രകടനം നടത്തിയത് എന്തിനാണെന്ന് തനിക്ക് അറിയില്ലായെന്നും യെച്ചൂരി പറഞ്ഞു. ഏഷ്യനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് യെച്ചൂരി സിപിഎം നിലപാട് വ്യക്തമാക്കിയത്.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിലുണ്ടായ സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തുവന്നിരുന്നു. ഒരു പ്രത്യേക സംഭവമാണിത്. അതില്‍ എല്ലാവരും ഖേദിക്കുന്നുണ്ട്. സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ഞങ്ങള്‍ക്ക് വിഷമമുണ്ട്. എന്നാല്‍ ഇന്ന് അതൊന്നും ജനങ്ങളുടെ മനസ്സിലില്ലെന്നാണ് കരുതുന്നതെന്നും കടകംപള്ളി പ്രതികരിച്ചിരുന്നു. സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നിലുള്ള വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്തു മാത്രമേ അക്കാര്യത്തില്‍ തീരുമാനമെടുക്കുള്ളുവെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി പറഞ്ഞു. ഇതിനെ തള്ളിക്കൊണ്ടാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി തന്നെ രംഗത്തുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: