റിയാദ്: ഞായറാഴ്ച മുതല്‍ നിലവില്‍ വന്ന പുതിയ തൊഴില്‍ നിയമഭേദഗതി അനുസരിച്ച് റീ എന്‍ട്രി വീസയില്‍ (നാട്ടില്‍ പോയി വരാനുള്ള അനുമതി) രാജ്യംവിട്ട ശേഷം തിരിച്ചെത്തി തൊഴില്‍ കരാര്‍ കാലാവധി പൂര്‍ത്തിയാക്കാത്ത വിദേശികള്‍ക്കു ആജീവനാന്ത വിലക്കേര്‍പ്പെടുത്തുമെന്ന് സൗദി.
വിദേശ തൊഴിലാളികള്‍ ഓണ്‍ലൈന്‍ വഴി നല്കുന്ന റീ-എന്‍ട്രി അപേക്ഷകള്‍ പത്തു ദിവസത്തിനകം ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പോര്‍ട്ടലായ അബ്ശിര്‍ വഴി റദ്ദാക്കാന്‍ സാധിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. റീ-എന്‍ട്രി വിസയുടെ കാലാവധി 30 ദിവസമാണ്. ഇഷ്യു ചെയ്യുന്ന തീയതി മുതലാണ് ഈ കാലാവധി കണക്കാക്കുക. വിസ ലഭിച്ച് 30 ദിവസത്തിനകം വിദേശികള്‍ രാജ്യം വിട്ടിരിക്കണം. വിദേശികള്‍ റീ-എന്‍ട്രി വിസക്ക് അപേക്ഷ നല്കിയാല് അതേ കുറിച്ച് തൊഴിലുടമകളെ എസ്.എം.എസ്സിലൂടെ അറിയിക്കും
നാട്ടിലുള്ള സൗദി വീസക്കാരായ ഭൂരിഭാഗം പേരുടെയും റീ എന്‍ട്രി, ഇഖാമ, തൊഴില്‍ കരാര്‍ കാലാവധി തീര്‍ന്നിരിക്കുകയാണ്. കോവിഡ് മൂലം ഏര്‍പ്പെടുത്തിയ യാത്രാ വിലക്കുള്ളതിനാല്‍ സൗദിയില്‍ തിരിച്ചെത്തി ജോലിയില്‍ പ്രവേശിക്കാന്‍ ഇവര്‍ക്കു സാധിച്ചിട്ടുമില്ല. ഇവരുടെ തൊഴില്‍കരാര്‍ കാലാവധി അവസാനിച്ചാല്‍ റീ എന്‍ട്രി വീസ ലഭിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
പുതിയ ചട്ടങ്ങള്‍ പ്രകാരം വിദേശികള്‍ക്ക് സ്വന്തം നിലയില്‍ തന്നെ റീ-എന്‍ട്രി നേടാന്‍ സാധിക്കുന്നതോടെ റീ-എന്‍ട്രി വിസ ഇഷ്യു ചെയ്യാനുള്ള തൊഴിലുടമകള്‍ക്കുള്ള അവസരവും നിലനില്ക്കും. എന്നാല്‍ തൊഴിലാളികള്‍ നേടുന്ന റീ-എന്‍ട്രി റദ്ദാക്കാന്‍ തൊഴിലുടമകള്‍ക്ക് അവകാശമുണ്ടാകില്ല. ഡിജിറ്റൈസ് ചെയ്ത തൊഴില്‍ കരാര്‍ കാലാവധി അവസാനിച്ചാല്‍ റീ-എന്‍ട്രി വിസ ഇഷ്യു ചെയ്യാന്‍ സാധിക്കില്ല.
തങ്ങളുടെ ആശ്രിതര്‍ക്ക് റീ-എന്‍ട്രി വിസക്ക് അപേക്ഷിക്കാന്‍ വിദേശികള്‍ക്ക് കഴിയും. റീ-എന്‍ട്രി വിസ ദീര്‍ഘിപ്പിക്കാന്‍ വിദേശികള്‍ക്ക് കഴിയില്ല. എന്നാല്‍ വിദേശികള്‍ സ്വന്തം നിലയില്‍ നേടിയ റീ-എന്‍ട്രി ദീര്‍ഘിപ്പിക്കാന്‍ തൊഴിലുടമകള്‍ക്ക് കഴിയുമെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: