കലയ്ക്കുവേണ്ടിയുള്ള പരിപൂര്‍ണസമര്‍പ്പണം. നടനസിദ്ധിയുടെ ഗരിമ. ജീവിതനൈര്‍മ്മല്യത്തിന്റെ ആള്‍രൂപം. വ്യക്തിവൈശിഷ്ട്യത്തിന്റെ വിസ്മയമാതൃക. വിനയവും ലാളിത്യവും ചേര്‍ന്ന സുഭഗസാന്നിധ്യം… ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായരെ വിവരിക്കാന്‍ വിശേഷണപദങ്ങള്‍ വേറെയും അന്വേഷിക്കണം. ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നുവെന്ന് അദ്ഭുതത്തോടു കൂടിമാത്രമേ ആര്‍ക്കും ഓര്മ്മിക്കാനാവുകയുള്ളൂ.
‘നൂറായുസ്സ്’ എന്നത് നമുക്ക് പലപ്പോഴും വെറുമൊരു ആശംസാവചനം മാത്രമാണ്. എന്നാല്‍ പുരുഷായുസ്സിന്റെ ശതഗരിമയും മറികടന്ന് ജീവിതത്തിനു നേരേ പുഞ്ചിരിച്ചുകൊണ്ട് നിറഞ്ഞു കത്തുന്ന കളിവിളക്കുപോലെ കുഞ്ഞിരാമന്‍നായര്‍ തന്റെ കഥകളിവിദ്യാലയത്തിലെ വിദ്യാര്‍ഥികളോടൊപ്പം ഉല്ലാസപൂര്‍വം കഴിഞ്ഞുപോരുകയായിരുന്നു. കാലം അദ്ദേഹത്തിനു മുന്നില്‍ കൈകൂപ്പി മാറിനിന്നു. ഭൗതികജീവിതത്തിന്റെ പരിമിതികള്‍ക്കപ്പുറത്തുള്ള നിത്യതയുടെ കളിയരങ്ങില്‍ ഇനി അദ്ദേഹം നടനം ചെയ്യും.
”എനിക്ക് പ്രസംഗിക്കാനറിയില്ല. ഒന്നു രണ്ട് മുദ്രകള്‍ കാണിക്കാം. നവരസങ്ങള്‍ പകര്‍ന്നാടാം.” ഏതു വേദിയില്‍ ചെന്നാലും കുഞ്ഞിരാമന്‍നായര്‍ ഈ മൂന്നു വാക്യം മാത്രമേ പറയൂ. അതുകൊണ്ടുതന്നെ നാട്ടില്‍ നടക്കുന്ന ഏതു പരിപാടിക്കും മുഖ്യാതിഥിയായി അദ്ദേഹത്തെ ക്ഷണിക്കും. വീണ്‍വാക്കുകളുടെ കുത്തൊഴുക്കില്‍നിന്ന് മുക്തിനേടാം എന്നതു മാത്രമല്ല, ആ സാന്നിധ്യം പകരുന്ന മഹനീയാന്തരീക്ഷം ചടങ്ങുകളെ ധന്യമാക്കും എന്നതാണ് ഗുണം. ആരു വിളിച്ചാലും എവിടെയായാലും ഏതു സമയത്തായാലും നിറഞ്ഞ സന്തോഷത്തോടെ വരാമെന്ന് സമ്മതിക്കും. സംഘാടകര്‍ ആളും വാഹനവുമായി കൂട്ടാന്‍ ചെല്ലുമ്പോഴേക്കും ബസ്സിലോ ഓട്ടോറിക്ഷയിലോ നടന്നോ അദ്ദഹം പരിപാടിസ്ഥലത്തെത്തിയിരിക്കും. പരിപാടി തുടങ്ങി അവസാനിക്കുന്നതുവരെ അവിടെയുണ്ടാവും.
തന്നെ ആദരിക്കാനായി സംഘാടകര്‍ നല്കുന്ന പൊന്നാടയും അണിഞ്ഞ്, ലഭിച്ച ഉപഹാരശില്പം ഇരുകൈകളിലും ചേര്‍ത്തുപിടിച്ച് തലയില്‍വച്ച് വേദിയില്‍ ഒന്നുരണ്ടു ചുവട് നൃത്തമാടുക. അതിനു ശേഷം മൈക്കിനു മുന്നില്‍ വെറും രണ്ടോ മൂന്നോ വാക്യങ്ങള്‍. പിന്നെ നവരസാഭിനയം. ചില കൈമുദ്രകള്‍. പലപ്പോഴും കപടനാട്യങ്ങളും പൊങ്ങച്ചവേഷങ്ങളും പാഴ്വാക്കുകളും കൊണ്ട് മലീമസമാവാറുള്ള സാംസ്കാരികചടങ്ങളുകളെ ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ തീര്‍ഥജലംപോലെ ശുദ്ധീകരിക്കുന്നത് ഇങ്ങനെയാണ്.
കുട്ടിക്കാലം മുതല്‍ തുടങ്ങിയ കഥകളി വിദ്യാഭ്യാസം. അതു ജീവിതത്തിനു നല്കിയ ചില ചിട്ടകളും മൂല്യബോധവും. കഠിനമായ ശിക്ഷണത്തിലൂടെയും ഉപാസനയിലൂടയും സ്വയം കൈവരിച്ച കലാവൈഭവം. അതിനോടുള്ള ആത്മാര്‍ഥതയും സമര്‍പ്പണവും. കോഴിക്കോട് ജില്ലയിലെ കീഴ്പയ്യൂരില്‍ കുനിയില്‍ പരദേവതാ ക്ഷേത്രത്തില്‍ തന്റെ പതിനാലാമത്തെ വയസ്സില്‍ ആദ്യമായി ചുട്ടികുത്തി വേഷമണിഞ്ഞതു മുതല്‍ ഒമ്പതര പതിറ്റാണ്ടു കാലം ആ നടനചാരുത ഒളി മങ്ങിയിട്ടില്ല. എത്രയോ വേഷങ്ങള്‍. എത്രയോ വേദികള്‍. അതിനിടയില്‍ നൂറുകണക്കിന് ശിഷ്യഗണങ്ങളെ നൃത്തവും കഥകളിയും പഠിപ്പിച്ചു. മത്സരവേദികളില്‍ നൃത്താധ്യാപകനായും വിധികര്ത്തവായും നിറഞ്ഞുനിന്നു. നാട്ടിന്‍പുറത്തെ കലാസമിതികള്‍ നല്കുന്ന പൊന്നാട മുതല്‍ ഭാരതസര്‍ക്കാറിന്റെ പത്മപുരസ്കാരം വരെ തനിക്കു നേരെ വന്ന ആയിരത്തേലേറെയുള്ള ബഹുമതികള്‍ ഒരേ ആഹ്ലാദാതിരേകത്തോടെ നമ്യശിരസ്കനായി സ്വീകരിച്ചു.
ജീവിതത്തെ വളരെ പ്രസാദാത്മകമായി മാത്രം സമീപിച്ച കുഞ്ഞിരാമന്‍നായര്‍ ഞങ്ങളുടെ നാട്ടില്‍ ഏതൊരു കൊച്ചുകുട്ടിക്കും സുപരിചിതനായിരുന്നു. എപ്പോഴും നിറഞ്ഞ പുഞ്ചിരി. തേജസ്സുറ്റ മുഖപ്രസാദം. നീട്ടിവളര്‍ത്തി കമനീയമായി വിടര്‍ത്തിയിട്ട മുടി. വെളുത്ത ജുബയും മുണ്ടുമണിഞ്ഞ ആകാരസൗഷ്ടവം. കൈയിലലൊരു ഊന്നു വടി. നാട്ടില്‍ എവിടെ വിവിഹമോ മരണമോ ക്ഷേത്രോത്സവങ്ങളോ മറ്റു വിശേഷങ്ങളോ ഉണ്ടായാലും പരസഹായം കൂടാതെ അവിടെയെത്തും. ഏതൊരു പരിപാടിക്കും ക്ഷണിച്ചാലുമില്ലെങ്കിലും അറിഞ്ഞാല്‍ സ്വയം എത്തിച്ചേരും. വലുപ്പച്ചെറുപ്പമില്ലാതെ കക്ഷിഭേദമില്ലാതെ പരിചയപ്പെടുന്ന ആരുമായും നിറഞ്ഞ സൗഹൃദം സൂക്ഷിക്കുകയും പേരുപോലും മറക്കാതെ ഓര്‍മ്മിക്കുകയും ചെയ്യും. ചേലിയയിലെ തന്റെ കഥകളിവിദ്യാലയത്തില്‍ വിദ്യാര്‍ഥികളായും രക്ഷിതാക്കളായും സന്ദര്‍ശകരായും വരുന്നവരെ മുഴുവന്‍ നേരില്‍ കണ്ട് സ്വീകരിക്കുകയും കുശലം പറയുകയും ചെയ്യും. ആരോടും പരിഭവം പറയുകയോ മുഷിഞ്ഞ് സംസാരിക്കുകയോ പിണങ്ങുകയോ ഇല്ല.
പലതവണ അപകടങ്ങളില്‍പ്പെട്ട് പരുക്കേറ്റ് മാസങ്ങളോളം കിടക്കേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിന്. എന്നാല്‍ അതു കഴിഞ്ഞ് പണ്ടെത്തേക്കാള് ആരോഗ്യവാനായി അദ്ദേഹം ഒറ്റക്ക് നടന്നുപോവുന്നതു കാണാം. ചെറുപ്പത്തിലേയുള്ള ചിട്ടയായ കഥകളി അഭ്യസനവും പല പ്രമുഖ കഥകളി ആചാര്യന്മാര്‍ക്കുള്ള ചില ദുഃശീലങ്ങള്‍ ഒന്നും തന്നെ തൊട്ടുതീണ്ടിയിട്ടില്ല എന്നതും ജീവിതചര്യയിലെ നിഷ്ഠയും ഈശ്വരോപാസനയും ആവണം ഈ ആരോഗ്യത്തിനും ആയുസ്സിനും കാരണം. അതിനൊക്കെ പുറമെ ജീവിതത്തോടുള്ള ഭാവാത്മകസമീപനവും.
ഭാരതീയസംസ്കാരത്തോടും ദേശീയതയോടും പാരമ്പര്യകലകളോടുമുള്ള വിട്ടുവീഴ്ചയില്ലാത്ത ഭക്തിയും അടുപ്പവും കാരണം അവയുടെ സംരക്ഷണത്തിനു വേണ്ടി നിലകൊള്ളുന്ന എല്ലാ പ്രസ്ഥാനത്തോടും സഹകരിക്കുക എന്നത് തന്റെ കര്‍ത്തവ്യമാണെന്ന് അദ്ദേഹം സ്വയം നിലപാടെടുത്തിരുന്നു. അക്കാര്യങ്ങില് തന്നെക്കൊണ്ട് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ സ്വയം നിര്‍വഹിക്കാന്‍ അദ്ദേഹം ശ്രദ്ധ പുലര്‍ത്തിയിരുന്നു. ഏതു തരത്തിലുള്ളവരുമായും സഹകരിക്കുമ്പോഴും തന്റെ ആശയാദര്‍ശങ്ങളില്‍ ദൃഢവിശ്വാസവും അതിനോട് തികഞ്ഞ പ്രതിപത്തിയും അദ്ദേഹം പുലര്‍ത്തിപ്പോന്നു.
1985 ല്‍ കൊയിലാണ്ടിയില്‍ തപസ്യയുടെ പ്രവര്‍ത്തനോദ്ഘാടനത്തോടനുബന്ധിച്ച് ഒരു കഥകളി ആസ്വാദനക്ലാസ് നടത്തുന്നതിന് ക്ഷണിക്കാന്‍ അദ്ദേഹത്തിന്റെ മരുമകനും രാഷ്ട്രീയസ്വയം സേവകസംഘത്തിന്റെ ഇപ്പോഴത്തെ പ്രാന്തീയ ബൗധിക് പ്രമുഖ് ആയ ശ്രീ. കെ.പി. രാധാകൃഷ്ണനോടൊപ്പം ചെന്നപ്പോള്‍ സന്തോഷപൂര്‍വം അദ്ദേഹം അതിനു തയാറായി. അന്നു മുതല്‍ തപസ്യയുടെ ഏതു പരിപാടിക്ക് വെറുതെ ഒരു ക്ഷണക്കത്തയച്ചാല് പോലും അദ്ദേഹം സ്വയം അവിടെ എത്തിച്ചേരുമായിരുന്നു. മഹകവി അക്കിത്തത്തിന്റെ നേതൃത്വത്തില്‍ കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ നടന്ന സാംസ്കാരികതീര്ഥയാത്രയില് ഒരു പുരുഷായുസ്സുമുഴുവന്‍ കലയ്ക്കും സാഹിത്യത്തിനും സാംസ്കാരികപ്രവര്‍ത്തനത്തിനും ഉഴിഞ്ഞുവച്ച മഹാത്മാക്കളെ ആദരിച്ചിരുന്നു. കോഴിക്കോടു നടന്ന സ്വീകരണപരിപാടിയില്‍ ചേമഞ്ചേരി കുഞ്ഞിരാമന്‍നായരെ മാത്രമാണ് ആരദിച്ചത്. അതിനു ശേഷം കോഴിക്കോട്ട് തപസ്യയുടെ എന്തു പരിപാടി നടന്നാലും കേട്ടറിഞ്ഞെങ്കിലും അവിടെ എത്തി അതില്‍ പങ്കെടുത്ത് പരിപാടി കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ ഞങ്ങളെ ആരെയെങ്കിലും വിളിച്ചു മാറ്റിനിര്‍ത്തി ഒരു കവര്‍ കൈയില്‍ത്തരും. ഇതു തപസ്യക്ക് തന്റെ കാണിക്കയാണ്, വാങ്ങാതിരിക്കരുത് എന്ന് പറഞ്ഞുകൊണ്ട്. വേണ്ടയെന്ന് എത്ര പറഞ്ഞാലും നിര്‍ബന്ധിച്ച് അത് സ്വീകരിപ്പിച്ച ശേഷമേ അദ്ദേഹം മടങ്ങാറുണ്ടായിരുന്നുള്ളൂ. കൂപ്പുകൈകളോടെ അതിന്റെ രശീത് വാങ്ങുമ്പോള്‍ ആ മുഖത്തെ നിറയുന്ന ചിരിയില്‍ നിഴലിക്കുന്ന നിഷ്ക്കളങ്കത, ചാരിതാര്‍ഥ്യം, ഉദാത്തമായ ഒരു നിര്‍വൃതി എല്ലാം ഇപ്പോഴും ഓര്‍മ്മയില്‍ തെളിയുന്നു.
ഗുരു ഗോപിനാഥ്, കലാമണ്ഡലം മാധവന്‍നായര്‍ എന്നിവരോടൊപ്പം നൃത്തപഠനം നടത്തുകയും ‘കേരളനടനം’ എന്ന നൃത്തരൂപത്തിന്റെ രൂപകല്‍പ്പനയിലും അവതരണത്തിലും മുഖ്യപങ്ക് വഹിക്കുകയും ചെയ്തിരുന്ന കുഞ്ഞിരാമന്‍നായര്‍ 1944 ല്‍ കണ്ണൂരില്‍ ‘ഭാരതീയ നൃത്തകലാലയം’ ആരംഭിച്ചിരുന്നു. പിന്നീട് നാട്ടിലേക്കു തിരിച്ചുവന്ന് കോഴിക്കോട്ജില്ലയിലെ ചെങ്ങോട്ടുകാവ് പഞ്ചായത്തില്‍ തന്റെ വീട്ടുവളപ്പിനോട് ചേര്‍ന്നു 1983 ല്‍ ചേലിയ കഥകളിവിദ്യാലയം തുടങ്ങി. അതിനു മുമ്പ് സുകുമാരന്‍ ഭാഗവതരോടൊന്നിച്ച് ‘പൂക്കാട് കലാലയം’ സ്ഥാപിക്കുന്നതിലും അദ്ദേഹം കൂടെയുണ്ടായിരുന്നു. തന്റെ കഥകളിവിദ്യാലയത്തിലായിരുന്നു അദ്ദേഹത്തിന്റെ ശിഷ്ഠജീവിതം മുഴുവന്‍. അവിടെ പഠിച്ചുപോവുന്നവരിലൂടെ ആ കലാചാര്യന്റെ കീര്‍ത്തി ലോകത്തിലേക്ക് പരന്നൊഴുകി. അദ്ദേഹത്തെ അറിയാനും ആദരിക്കാനുമുള്ളവരൊക്കെ അവിടെയെത്തി. അവിടെയിരുന്നുകൊണ്ട് അദ്ദേഹം കാലത്തെയും ജീവിതത്തെയും കലയെയും സ്നേഹപൂര്‍വം നോക്കിക്കണ്ടു. ലോകത്തു സംഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാറ്റിനെയും അഭിവീക്ഷണം ചെയ്തുകൊണ്ട് തന്റെ ജീവിതസ്മൃതികളുടെ ധന്യതകളില്‍ അഭിരമിച്ചുകൊണ്ടിരുന്നു. ഗുണദോഷസമ്മിശ്രമായ വര്ത്തമാനകാലഗതികളെ അടുത്തറിഞ്ഞുകൊണ്ടിരുന്നു. അനുഭവിച്ചുകൊണ്ടിരുന്നു. മഹാപ്രളയവും മഹാമാരിയും ഒക്കെ നേരില്‍ക്കണ്ടു. തെരഞ്ഞെടുപ്പുകളിലെല്ലാം വോട്ടു ചെയ്തു. അവസാനമായി കഴിഞ്ഞയാഴ്ച കോവിഡ് വാക്സിനും സ്വീകരിച്ചു.
കലയോടു മാത്രമുള്ള ഭക്തി. ജീവിതത്തിന്റെ നന്മയെ മാത്രം കാണാനുള്ള മനസ്സ്. സമാനതകളില്ലാത്ത വ്യക്തിത്വം. കൃഷ്ണനും കുചേലനുമായി അരങ്ങില്‍ താന്‍ ആടിത്തീര്‍ത്ത വേഷങ്ങളും ജീവിതത്തില്‍ താന്‍ അനുഷ്ഠിച്ചുപോന്ന എല്ലാ കര്‍മ്മങ്ങളും ഒരേ ശുദ്ധിയോടും ആത്മാര്‍ഥതയോടും കൂടിയുള്ള ഈശ്വരസമര്പ്പണമായിരുന്നു അദ്ദേഹത്തിന്. ആ നൈവേദ്യച്ചോറുണ്ട് കഴിച്ചുകൂട്ടിയ ആയുസ്സ്. കൊയിലാണ്ടിപ്പരിസരത്തെ ഏതുകോണിലും ഒരു നിലാവുപോലെ ഒഴുകിയെത്തുന്ന ആ വിശുദ്ധസാന്നിധ്യം ഇനിയുണ്ടാവില്ല. പക്ഷെ അനന്യമായ ആ ജീവിതത്തിന്റെ സ്മൃതികള്‍ തലമുറകളില്‍ നിലനില്ക്കും.
ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍
കഥകളി ചരിത്രത്തിലെ കെടാവിളക്കെന്ന വിശേഷണത്തിന് അര്‍ഹനായിരുന്നു ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍. കഥകളിക്ക് വേണ്ടി സര്‍വ്വവും തൃജിക്കാന്‍ തയ്യാറായ വ്യക്തി. കോഴിക്കോട് ചെലിയയില് മടയന്‍കണ്ടി ചാത്തുക്കുട്ടി നായരുടേയും കിണറ്റിന്‍കര കുഞ്ഞമ്മക്കുട്ടി അമ്മയുടേയും മകനായി 1916 ജൂണ്‍ 26 നായിരുന്നു അരങ്ങിലെ സൂര്യശോഭയായിരുന്ന ഗുരു ചേമഞ്ചേരിയുടെ ജനനം. മൂന്നാം വയസ്സില്‍ അമ്മയെ നഷ്ടപ്പെട്ടു. 13-ാം വയസ്സില്‍ അച്ഛനേയും. നാടകത്തോടായിരുന്നു ആദ്യ കമ്പം. പിന്നീടത് കഥകളിക്ക് വഴിമാറിയപ്പോള്‍ നാടും വീടും ഉപേക്ഷിച്ചിറങ്ങി, 15-ാം വയസ്സില്‍. 25 കിലോമീറ്റര്‍ അകലെയുള്ള കഥകളി കേന്ദ്രത്തില്‍ ചേര്‍ന്ന് പരിശീലനം തുടങ്ങി.
നാലാം ക്ലാസ് വരെയായിരുന്നു സ്കൂള്‍ പഠനം. 15-ാം വയസ്സില്‍ വാരിയം വീട്ടില്‍ നാടകസംഘത്തിന്റെ വള്ളിത്തിരുമണം എന്ന നാടകത്തോടെ രംഗപ്രവേശനം നടത്തിയ ഗുരു ചേമഞ്ചേരിക്ക് നൃത്തവും കേരളനടനവും ഒരുപോലെ വഴങ്ങി. പത്തുവര്‍ഷത്തിലേറെ മേപ്പയ്യൂര്‍ രാധാകൃഷ്ണന് കഥകളി യോഗത്തില്‍ കഠിന പരിശീലനവും അവതരണവും തുടര്‍ന്നു.
പാലക്കാട് സ്വദേശിയായ ഗുരു കരുണാകര മേനോന്റെ കീഴിലായിരുന്നു പഠനം. കൗമുദി ടീച്ചറുടെ സ്വാധീനത്താല്‍ നൃത്തരംഗത്തേക്ക് ചുവടുമാറി. കലാമണ്ഡലം മാധവന്, സേലം രാജരത്ന പിള്ള, മദ്രാസ് ബാലചന്ദ്രഭായ് തുടങ്ങിയവരുടെ കീഴില്‍ ഭരതനാട്യം അഭ്യസിച്ചു.
1945-ല്‍ കണ്ണൂരില്‍ ഭാരതീയ നാട്യകലാലയവും രണ്ടു വര്‍ഷത്തിനു ശേഷം തലശ്ശേരിയില്‍ ഭാരതീയ നൃത്ത കലാലയവും സ്ഥാപിച്ചു. 1949-ല്‍ ഫേരി സര്‍ക്കസില്‍ ചേര്‍ന്ന് സര്‍ക്കസ് കലാകാരന്മാര്ക്ക് നൃത്തപരിശീലനവും നല്കി.
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കലാകേന്ദ്രത്തിലെ ഗുരു ഗോപിനാഥുമായി സഹകരിച്ച് കേരള നടനത്തിന്റെ പ്രചാരകനായി. 1974-ല്‍ ചേമഞ്ചേരി പൂക്കാട് കലാലയത്തിന്റെ പിറവിക്ക് പിന്നിലെ നിര്‍ണായക ശക്തിയാവുന്നു. 1983 ഏപ്രില്‍ 28-ന് സ്വന്തം തറവാട്ടു വക സ്ഥലത്ത് ചേലിയ കഥകളി വിദ്യാലയത്തിന്റെ സ്ഥാപനം. 1979-ല്‍ നൃത്തത്തിന് കേരള സംഗീത നാടക അക്കാദമി പുരസ്കാരം.
കലാ സാംസ്കാരിക രംഗത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യവുമായി ഭസ്കൂള്‍ തിയേറ്റര്‍ രൂപീകരിച്ചു. 1999-ല്‍ നൃത്തത്തിനും, കഥകളിക്കും സംയുക്തമായി കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്. 2002-ല്‍ കേരള കലാമണ്ഡലത്തിന്റെ കലാരംഗത്തെ വിശിഷ്ട സേവനത്തിനുള്ള പുരസ്കാരം.2004-ല്‍ കലാദര്‍പ്പണത്തിന്റെ നാട്യകുലപതി പുരസ്കാരം. 2006-ല്‍ മയില്‍പ്പീലി പുരസ്കാരം. 2007-ല്‍ മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ പുരസ്കാരം. 2008-ല്‍ കേരള കലാമണ്ഡലം അവാര്‍ഡ്.
ഭാര്യ: പരേതയായ ജാനകി ടീച്ചര്‍. മകന്: പവിത്രന്. മരുമകള്‍: നളിനി പേരമക്കള്‍: അമൃത, ചിന്മയന്. നന്നേ ചെറുപ്പത്തില്‍ മാതാപിതാക്കളേയും 36-ാം വയസ്സില്‍ ഭാര്യയും നഷ്ടപ്പെട്ടതാണ് വ്യക്തിജീവിതത്തിലെ കനത്ത നഷ്ടം.
എം.ശ്രീഹര്ഷന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: