ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ സസ്യഭുക്കായ സ്ത്രീക്ക് മാംസം അടങ്ങിയ പിസ നല്കി അമേരിക്കന്‍ റെസ്റ്റോറന്റ്. തുടര്‍ന്ന് ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി ഉപഭോക്തൃ കോടതിയെ സമീപിച്ചു. മാംസാഹാരം കഴിച്ചതിന്റെ അശുദ്ധി മാറ്റാനായി പ്രയാസമേറിയതും ചെലവുള്ളതുമായ ആചാരങ്ങള്‍ അനുഷ്ഠിക്കണമെന്ന് യുവതി പറയുന്നു. മതവിശ്വാസം, ശീലം, കുടുംബപാരമ്പര്യം, മനഃസാക്ഷിയുടെ ബോധ്യം, മികച്ച തെരഞ്ഞെടുപ്പ് എന്നിവയുടെ അടിസ്ഥാനത്തില്‍ സസ്യഭുക്കാണെന്നും മാംസം അടങ്ങിയ പിസ കഴിച്ചതിലൂടെ അങ്ങനെയല്ലാതായി മാറിയെന്നും ദീപാലി ത്യാഗി എന്ന സ്ത്രീയുടെ പരാതിയില്‍ പറയുന്നു.
2019 മാര്‍ച്ച് 21ന് ആയിരുന്നു പരാതിക്ക് ഇടയാക്കിയ സംഭവം. ഹോളി ആഘോഷത്തിനുശേഷം ഗാസിയാബാദിലെ കടയില്‍നിന്ന് കുടുംബത്തിനായി വെജിറ്റേറിയന്‍ പിസയ്ക്ക് ഓര്‍ഡര്‍ നല്കി. പിസ ലഭിച്ചപ്പോള്‍ ശ്രദ്ധിക്കാതെ അല്പം കഴിച്ചപ്പോഴാണ് നോണ്‍വെജ് പിസയാണെന്ന് മനസിലായത്. കൂണിന് പകരം മാംസത്തിന്റെ കഷണങ്ങളായിരുന്നു പിസയിലുണ്ടായിരുന്നതെന്ന് പരാതിയില്‍ പറയുന്നു. ഉടന്‍തന്നെ കസ്റ്റമര്കെയറിനെ വിളിച്ച് ഇക്കാര്യത്തിലുണ്ടായ അശ്രദ്ധയെക്കുറിച്ച് പരാതി പറഞ്ഞുവെന്ന് അവരുടെ അഭിഭാഷകന് ഫര്‍ഹത് വര്‍സി ഉപഭോക്തൃ കോടതിയില്‍ പറഞ്ഞു.
പിന്നീട് പിസ ഔട്ട്ലെറ്റിന്റെ മാനേജര്‍ ദീപാലിയെ വിളിച്ച് സൗജന്യമായി പിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്തുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് ചെറിയ കാര്യമല്ലെന്നും മതപരമായ വിശ്വാസങ്ങളെയും ആചാരങ്ങളെയും മുറിപ്പെടുത്തിയെന്നും മനോവിഷമമുണ്ടാക്കിയെന്നും പരാതിക്കാരി മാനേജരെ അറിയിച്ചു. ഇതുകൊണ്ടുണ്ടായ നഷ്ടം നികത്താന്‍ നീണ്ട, ചെലവേറിയ ആചാരങ്ങള്‍ അനുഷ്ഠിക്കണമെന്നും ജീവിതത്തില്‍ ഇതിനായി ലക്ഷങ്ങള്‍ ആവശ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: