കേരളത്തില്‍ പ്രതിവര്‍ഷം 32 കോടിയിലേറെ ചക്ക ഉല്‍പ്പാദനമുണ്ടെന്നാണ് കണക്കുകള്‍. അവയില്‍ മുക്കാല്‍ പങ്കും പാഴായിപ്പോകുകയാണ്. വളപ്രയോഗം ആവശ്യമില്ലാത്ത വൃക്ഷമാണ് പ്ലാവ്. അതുകൊണ്ടുതന്നെ ചക്ക വിഷമുക്തവുമാണ്. പ്രോട്ടീന്‍ സംപുഷ്ടമായ ചക്കയുടെ ഔഷധഗുണങ്ങളെക്കുറിച്ച് കൂടുതല്‍ ശാസ്ത്രീയ പഠനങ്ങള്‍ നടന്നു വരികയാണിപ്പോള്‍. വ്യാസായിക പ്രാധാന്യം മനസ്സിലാക്കി കൂടുതല്‍ സംരംഭകരും ഈ രംഗത്ത് എത്തുന്നുണ്ട്. വീട്ടമ്മാര്‍ക്ക് നല്ലൊരു സ്വയം തൊഴിലാണ് ചക്ക പ്രോസസിങ്. പാചകത്തില്‍ കൈപുണ്യമുള്ളവര്ക്ക് പ്രത്യേകിച്ചും.
ചക്ക കിട്ടിയാല്‍ നമ്മളെന്തു ചെയ്യും? വെട്ടിമുറിച്ച് കഷ്ണങ്ങളാക്കി മുകളിലെ കൂഞ്ഞില് മാറ്റി ചുള പറിച്ചെടുത്ത്, പഴുത്തതെങ്കില്‍ ഇരുന്ന ഇരിപ്പില്‍ പകുതിയും അകത്താക്കും. ചിലപ്പോള്‍ ഇത്തിരിയെടുത്ത് ചക്കവരട്ടിയുണ്ടാക്കും. പച്ചച്ചുളയെങ്കില് ഒന്നുകില്‍ ഉപ്പേരി, അല്ലെങ്കില്‍ പുഴുക്ക്. ചക്കക്കുരുകൊണ്ട് ഒരു തോരന്‍. തീര്‍ന്നു. അതിലപ്പുറം മെനക്കെടാനൊന്നും വയ്യ. ചക്കയുടെ ചുളയും കുരുവും എടുത്തു കഴിഞ്ഞാല്‍, ബാക്കിയെല്ലാം ‘വേസ്റ്റ്!’
ഇതേ ചക്ക വയനാട് കല്‍പ്പറ്റയിലെ പത്മിനി ശിവദാസിന്റെ കൈയിലെത്തിയാലോ? പിന്നെ ചക്കയുടെ ‘പെരുങ്കളിയാട്ട’മാണ്. ചക്കയുടെ മുള്ള്, ചുള, ചവിണി, കൂഞ്ഞില്, ചക്കക്കുരു, അതിനു പുറത്തെ വെളുത്ത പാട ഇതൊന്നു പോലും കളയാതെ പത്മിനിയൊരുക്കുന്ന വിഭവങ്ങള്‍ 750!’ കളയാന്‍ കൂഞ്ഞിലുപോലും കാണില്ല. എന്നുവെച്ചാല്‍ സീറോ വേസ്റ്റ്.
ഭക്ഷ്യസംസ്കരണ മേഖലയില്‍ സംരംഭകര്‍ക്ക് പരിശീലനം നല്കുന്ന പത്മിനി ശിവദാസ് 20 വര്‍ഷമായി ചക്കവിഭവങ്ങളുടെ പരീക്ഷണങ്ങളിലാണ്. ചക്കകൊണ്ട് എന്തുണ്ടാക്കാന്‍ കഴിയില്ല എന്ന തലത്തിലെത്തി നില്ക്കുന്ന അവരുടെ ശ്രമങ്ങള്‍.
ചക്ക ഉള്‍പ്പെടെയുള്ള പഴവര്‍ഗ സംസ്കരണത്തില്‍ 200 ലേറെ ചെറുകിടവ്യവസായ സംരംഭങ്ങള്‍ക്ക് പത്മിനി പരിശീലനം നല്‍കിയിട്ടുണ്ട്. വെറുമൊരു സംരംഭകത്വ ട്രെയിനര്‍ മാത്രമല്ല പത്മിനി. ഏറെ പ്രതീക്ഷകളോടെ ഒരു സംരംഭം തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സാമ്പത്തിക സ്രോതസ്സ്, പദ്ധതി ആസൂത്രണം, പരിശീലനം, ഉത്പന്നങ്ങളുടെ വിപണി കണ്ടെത്തല്‍ തുടങ്ങി ഓരോ ചുവടുവയ്പ്പിലും നല്ലൊരു മോട്ടിവേറ്റര്‍ കൂടിയാണ്. സ്വയം തൊഴിലുകള്‍ പലതും നിലച്ചുപോയ കൊവിഡ് കാലത്ത് പ്രവാസികളുള്‍പ്പെടെ എത്രയോ പേര്‍ക്ക് കരുത്തു പകരാന്‍ പത്മിനിക്കു കഴിഞ്ഞു. പ്രത്യേകിച്ചും ചക്ക സംസ്ക്കരണ പാഠത്തിലൂടെ. എന്നിട്ടും എന്തുകൊണ്ട് നല്ലൊരു സംരംഭകയായില്ലെന്ന ചോദ്യത്തിന് കുഞ്ഞു നാളിലേയുള്ള ചക്കചങ്ങാത്തം പറയുന്നു പത്മിനി.
ചക്ക തിന്നാന്‍ പ്ലാവിന്റെ മണ്ടയില്‍
എവിടെ ചെന്നാലും ചക്ക കണ്ടാല്‍ കണ്ണിലുടക്കും. കുഞ്ഞു നാളിലേയുള്ളതാണ് ചക്കക്കൊതി. കുട്ടിക്കാലത്ത് പ്ലാവില്‍ കയറി ചക്ക വെട്ടി അവിടെയിരുന്നുതന്നെ തിന്നുമായിരുന്നു. അക്കാലമെല്ലാം കഴിഞ്ഞ് വിവാഹ ശേഷമാണ് ചക്കയെ മൂല്യവര്‍ധിത ഉത്പന്നമാക്കുന്ന ശ്രമങ്ങളിലേക്ക് മാറിയത്.
വയനാട് ജില്ലയിലെ തരിയോടുള്ള സ്ത്രീകളുടെ താല്‍ക്കാലിക പുനരധിവാസകേന്ദ്രത്തില്‍ (ഷോര്‍ട് സ്റ്റേ ഹോം) 13 വര്‍ഷം അക്കൗണ്ടന്റായി ജോലിചെയ്തിരുന്നു. കുട്ടികളുടെ കാര്യങ്ങള്‍ നോക്കാന്‍ ജോലി രാജിവെക്കേണ്ടി വന്നു. അവര്‍ സ്ക്കൂളില്‍ പോയി തുടങ്ങിയപ്പോള്‍ വിരസത മാറ്റാന്‍ വീടിനോട് ചേര്‍ന്ന് ഞാനൊരു ഹോംസയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങി. ഹോംസയന്‍സ് പഠിച്ചിട്ടുണ്ട്. കുറച്ചു കാലം കഴിഞ്ഞ് വീണ്ടും ജോലിക്കു പോയിത്തുടങ്ങി. എം. എസ്. സ്വാമിനാഥന് റിസര്‍ച്ച് സെന്ററില്‍ റിസോഴ്സ് പേഴ്സണായിരുന്നു. അത് ഈയൊരു മേഖലയിലേക്കുള്ള വഴിത്തിരിവായി. അവിടെ നിന്ന് പല സ്ഥലങ്ങളിലും ഫുഡ് പ്രോസസിങ്ങിന്റെ ട്രെയിനിങ്ങിന് പോകുമായിരുന്നു. ആ യാത്രയിലൊക്കെ, വഴിയോരത്ത് ചക്കയും മാങ്ങയുമെല്ലാം വെറുതെ പഴുത്തുവീണ് നശിച്ചു പോകുന്നത് ശ്രദ്ധയില്‍പ്പെടും. നമ്മുടെ നാടിന് എന്തു മാത്രം സാമ്പത്തിക പ്രശ്നങ്ങളുണ്ട്. തൊഴിലില്ലാതെ വിഷമിക്കുന്ന എത്രയെത്ര ആളുകളുണ്ട്. ഈ ചക്കയും മാങ്ങയുമൊക്കെ നമ്മുടെ ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി എന്തുകൊണ്ട് ഉത്പന്നങ്ങളാക്കി മാറ്റിക്കൂടാ എന്നു ചിന്തിക്കാന്‍ തുടങ്ങി. പിന്നെ ആ വഴിക്കായി ശ്രമങ്ങളെല്ലാം.
വിപണി തേടിയിറങ്ങിയ ചക്ക വിഭവങ്ങള്‍
ചക്കകൊണ്ട് ഉണ്ടാക്കാവുന്ന വിഭവങ്ങള്‍ ഓരോന്നായി പരീക്ഷിച്ചു. വിജയിച്ചപ്പോള്‍ ചക്ക മഹോത്സവങ്ങള്‍ നടത്താന്‍ തുടങ്ങി. അമ്പലവയല്‍ കാര്‍ഷിക കോളജില്‍ നടത്തിയ ചക്ക മഹോത്സവത്തില്‍ 2000 പേര്‍ക്ക് ചക്കവിഭവങ്ങളുടെ സദ്യ നടത്തി. ഞാന്‍ പരിശീലനം നല്കിയ കുട്ടികളുടെ സഹായത്തോടെയായിരുന്നു അത്.
ആയിടയ്ക്കാണ് തിരുവനന്തപുരം ശാന്തിഗ്രാമില്‍ ചക്ക പ്രോസസിങ്ങില്‍ പരിശീലനം നല്കാന് വിളിച്ചത്. എനിക്ക് ചക്കയെക്കുറിച്ച് ഇത്രയും പാചകവിധികള്‍ അറിയാമെന്ന് പറഞ്ഞപ്പോള്‍ അതിന്റെ സം ഘാടകര്‍ക്ക് തോന്നിയ ആശയമാണ് ചക്ക ഉത്പന്നങ്ങളുടെ പുസ്തകം തയ്യാറാക്കല്‍. 101 ചക്ക വിഭവങ്ങളെക്കുറിച്ചുള്ള എന്റെ ആദ്യ പുസ്തകം ഇറങ്ങുന്നത് അങ്ങനെയാണ്. നബാര്‍ഡിന്റെയും നെഹ്റു യുവക് കേന്ദ്രയുടെയും സഹകരണത്തോടെയായിരുന്നു അത്. വൈകാതെ 102 ചക്കവിഭവങ്ങളോടെ രണ്ടാം പതിപ്പും 103 വിഭവങ്ങളും ചക്കയുടെ ഔഷധ ഗുണങ്ങള്‍ ഉള്‍പ്പെടുത്തിയ മൂന്നാം പതിപ്പും പ്രസിദ്ധീകരിച്ചു. രാജേട്ടനെ (കുമ്മനം രാജശേഖരന്) പോലുള്ളവരുടെ പ്രോത്സാഹനം ഇക്കാര്യങ്ങളില്‍ ഒരുപാട് സഹായകമായിട്ടുണ്ട്.
സ്വാമിനാഥന് ഫൗണ്ടേഷനു കീഴില്‍ ഞങ്ങളൊരു ജൈവ വൈവിധ്യ രജിസ്റ്റര്‍ തയ്യാറാക്കിയിരുന്നു. പ്രായമായ ആളുകളില്‍ നിന്ന് കുറേ നാട്ടറിവുകള്‍ അതിനായി ശേഖരിച്ചു. അങ്ങനെയാണ് ചക്കയുടെ ഔഷധഗുണങ്ങളെക്കുറിച്ച് അറിഞ്ഞത്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ ചക്ക വളരെ വിശേഷപ്പെട്ടതാണ്. ഇപ്പോള്‍ പരീക്ഷിച്ചറിഞ്ഞതും അല്ലാതെയുമായി 750 തരം ചക്കവിഭവങ്ങള്‍ തയ്യാറാക്കാനറിയാം. കേക്ക്, കട്ലറ്റ്, കബാബ്, ബിരിയാണി, ഫ്രൈഡ്റൈസ് അങ്ങനെ പലതും. ഇതെല്ലാം പരിചയപ്പെടുത്താന്‍ യു ട്യൂബ് ചാനല്‍ പോലുള്ള സംവിധാനങ്ങളൊന്നും എന്റേതായി ഇല്ല.
ചക്ക ‘സീറോ വേസ്റ്റ്…’
എന്നെക്കുറിച്ച് ആളുകള്‍ അറിഞ്ഞു തുടങ്ങിയത് പുസ്തകങ്ങള്‍ പുറത്തിറങ്ങിയതോടെയാണ്. അതിനു ശേഷം ധാരാളം പേര് വിളിക്കാന്‍ തുടങ്ങി. അവര്‍ക്ക് പരിശീലനം കൊടുക്കാന്‍ തുടങ്ങി. ജില്ലാ വ്യവസായ കേന്ദ്രങ്ങളില്‍ പരിശീലകയായി. ചക്ക മാത്രമല്ല, മറ്റു പഴങ്ങളുടെ സംസ്കരണത്തിലും ഏര്‍പ്പെട്ടു. ഓരോ ഗ്രൂപ്പിനും പത്തിരുപത് ദിവസത്തെ പ്രാക്ടിക്കല്‍ ട്രെയിനിങ് കൊടുക്കാറുണ്ട്. സ്വകാര്യ സംരംഭകര്‍ക്കും പരിശീലനം
നല്‍കുന്നുണ്ട്. അവരില്‍ ഭൂരിഭാഗത്തെയും നല്ല സംരംഭകരാക്കാനും കഴിഞ്ഞു. ഗോവ, വിശാഖ പട്ടണം, പോണ്ടിച്ചേരി എന്നിവിടങ്ങളിലെല്ലാം ട്രെയിനറായി പോയിട്ടുണ്ട്. രണ്ട് അവാര്‍ഡുകളും ലഭിച്ചു. 2018 ല്‍ ലഭിച്ച സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ആയിരുന്നു ആദ്യത്തേത്. സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയുടെ പ്രചാരത്തിനുള്ള എന്റെ ശ്രമങ്ങള്‍ക്ക് കൃഷി വകുപ്പ് നല്കിയ അംഗീകാരം. രണ്ടാമത്തേത് ചക്കയുടെ ശ്രേഷ്ഠ പരിശീലകയ്ക്ക് നബാര്‍ഡ്, എസ്എഫ്എസി, ജാക്ക്ഫ്രൂട്ട് പ്രമോഷന് കൗണ്‍സില്‍ എന്നിവ സംയുക്തമായി നല്‍കിയത്.
ചക്ക സീസണലല്ല വര്‍ഷം മുഴുവന്‍ ലഭ്യം
ചക്കയ്ക്ക് ഇപ്പോള്‍ പ്രത്യേക സീസണില്ല. നമുക്ക് 12 മാസവും ചക്ക കിട്ടും. 10 മാസം തുടര്‍ച്ചയായി ചക്ക വിളയുന്ന സ്ഥലമാണ് ഇടുക്കി. ആവശ്യത്തിനനുസരിച്ച് കാലഭേദമില്ലാതെ തമിഴ് നാട്ടില്‍ നിന്ന് ചക്ക കേരളത്തിലെത്തും. പച്ചച്ചക്ക ജലാംശം വറ്റിച്ച് പ്രോസസ് ചെയ്താണ് വര്‍ഷം മുഴുവന്‍ സൂക്ഷിക്കുന്നത്. ചക്കപ്പൊടികൊണ്ട് നൂറിലേറെ ബേക്കറി ഐറ്റങ്ങളുണ്ടാക്കാനാവും. പള്‍പ്പിനും
നല്ല ഡിമാന്റുണ്ട്. മില്‍മ, എലൈറ്റ്, ലാസ തുടങ്ങിയ വന്‍കിട സംരംഭങ്ങള്‍ക്ക് പള്പ്പെത്തിക്കുന്ന ഒരു യൂണിറ്റ് വയനാട്ടില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഏതുതരം പഴങ്ങളെയും നമുക്ക് മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റാനാവും. കേറ്ററിങ് രംഗത്തും ഇതിന് ധാരാളം ആവശ്യക്കാരുണ്ട്.
പരിശീലകയാണ്, നല്ലൊരു സംരംഭകയല്ല
പരിശീലകയാണെങ്കിലും എനിക്ക് സ്വന്തമായി ഒരു സംരംഭമില്ല. വലിയൊരു സാമ്പത്തിക നേട്ടവുമല്ല ലക്ഷ്യം. എന്റെയടുത്തെത്തുന്നവരെ നല്ല സംരംഭകരായി പാകപ്പെടുത്താന്‍ എനിക്കാവുന്നതെല്ലാം ചെയ്യും. പരിശീലനം കഴിഞ്ഞു പോയാലും പ്രാവര്‍ത്തികമാക്കിയോ എന്നറിയാന്‍ ഞാനവരെ ബന്ധപ്പെടാറുണ്ട്. പ്രതിസന്ധികളിലും അവര്‍ക്കൊപ്പമുണ്ടാകും. ഇപ്പോള്‍ തിരുവനന്തപുരം വെള്ളനാടുള്ള മിത്ര നികേതനിലെ കൃഷി വിജ്ഞാന് കേന്ദ്രത്തില്‍ എല്ലാ മാസവും രണ്ടു ദിവസത്തെ ക്ലാസെടുക്കുന്നുണ്ട്.
കല്‍പ്പറ്റയില്‍ ബിസിനസുകായ ശിവദാസനാണ് പത്മിനിയുടെ ഭര്‍ത്താവ്. മകന് അഭിജിത,് പെട്രോ കെമിക്കല്‍ എഞ്ചിനീയറാണ്. മകള്‍ അക്ഷയ, ബിഎഡ് വിദ്യാര്‍ഥിനി.
പത്മിനിയുടെ ഫോണ്‍ നമ്പര്‍: 9496110062
പ്രതികരിക്കാൻ ഇവിടെ എഴുതുക: