തിരുവനന്തപുരം: ആചാര ലംഘനം നടത്തി ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ച സിപിഎം, തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പരാജയ ഭീതിയില്‍ തട്ടിപ്പു പ്രഖ്യാപനവുമായി രംഗത്തു വരുന്നു. ഒരു മണ്ഡലകാലം മുഴുവന്‍ ശബരിമലയിലും കേരളമാകെയും ഭക്തജനങ്ങളെ പിണറായി വിജയന് സര്‍ക്കാര്‍ വേട്ടയാടിയപ്പോള്‍ അതിന്റെ മുന്‍നിരയില്‍ നിന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇപ്പോള്‍ പുതിയ തട്ടിപ്പിനും നേതൃത്വം നല്‍കുന്നത്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിലുണ്ടായ സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിച്ചാണ് കടകംപള്ളി രംഗത്തെത്തിയത്.
ലക്ഷോപലക്ഷം ഹിന്ദുക്കളുടെ വികാരത്തെ അവഹേളിച്ച് രഹ്ന ഫാത്തിമയെയും മനീതി സംഘത്തെയും ബിന്ദു അമ്മിണിയെയും കനകദുര്‍ഗയെയും ശബരിമലയിലേക്ക് എത്തിച്ച ഇടതുപക്ഷത്തിന് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അയ്യപ്പഭക്തി വന്നിരിക്കുന്നു. ആയിരക്കണക്കിന് ഭക്തരെ ക്രൂരമായി ആക്രമിച്ച് അമ്മമാരടക്കമുള്ളവരെ നൂറുകണക്കിന് കേസുകളില്പ്പെടുത്തിയ ഇടതുപക്ഷം, നാലു വോട്ടിന് വേണ്ടി നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന പഴയ പ്രഖ്യാപനം വിഴുങ്ങി.
നിലപാടില്‍നിന്നു പിന്മാറുന്നുവെന്ന സൂചനകളും പ്രതികരണങ്ങളും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷം സിപിഎമ്മിന്റെ ഭാഗത്തു നിന്നുണ്ടായെങ്കിലും ഒരു മന്ത്രി പരസ്യമായി ഖേദ പ്രകടനം നടത്തുന്നത് ആദ്യമാണ്. കഴക്കൂട്ടത്തു നിന്നു ജനവിധി തേടുന്ന കടകംപള്ളി തന്റെ നില പരുങ്ങലിലാണെന്ന തിരിച്ചറിവു കൂടിയുള്ളതുകൊണ്ടാണ് ഇത്തരമൊരു പ്രകടനത്തിനു മുതിര്‍ന്നത്. ഇതാണ് പുതിയ തെരഞ്ഞെടുപ്പ് തന്ത്രവുമായി രംഗത്തെത്താന്‍ കാരണം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കേരളത്തില്‍ കനത്ത തിരിച്ചടിയുണ്ടാക്കിയ ശബരിമല വിഷയം വീണ്ടും ചര്‍ച്ചാ വിഷയമാകുന്നുവെന്ന് കണ്ടാണ് മന്ത്രിയുടെ ഖേദം പ്രകടിപ്പിക്കല്‍ പ്രഹസനം.
കടകംപള്ളിയുടെ വാക്കുകള്‍ ഇങ്ങനെ:
”ഒരു പ്രത്യേക സംഭവമാണിത്. അതില്‍ എല്ലാവരും ഖേദിക്കുന്നുണ്ട്. സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ ഞങ്ങള്‍ക്ക് വിഷമമുണ്ട്. എന്നാല്‍ ഇന്ന് അതൊന്നും ജനങ്ങളുടെ മനസ്സിലില്ലെന്നാണ് കരുതുന്നത്. സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നിലുള്ള വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്തു മാത്രമേ അക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നുള്ളത് ഞങ്ങള്‍ വീണ്ടും വീണ്ടും എടുത്തുപറയുന്നുണ്ട്. അന്നെടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതെല്ലാം ഒരു സന്ദേശം തന്നെയാണ്.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: