ഫിലിപ്പ് എം. പ്രസാദ്
കമ്യൂണിസ്റ്റ് പാര്‍ട്ടികളുമായി 1963 മുതല്‍ ബന്ധം തുടങ്ങിയതാണ്. 63 ലെ കൂട്ടക്കലാപമാണ് കമ്യൂണിസ്റ്റ്പാര്‍ട്ടിയെ ആദ്യത്തെ ഗൗരവമായ പിളര്‍പ്പിലേക്ക് നയിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ പാര്‍ട്ടി അഖിലേന്ത്യാതലത്തില്‍ നെടുകെ പിളര്‍ന്ന് താഴെക്കിടന്നു. അതിന്റെ പരുക്കുകള്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല. അടുത്ത അഖിലേന്ത്യാ അടിസ്ഥാനത്തിലുള്ള കൂട്ടക്കലാപം മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഗര്‍ഭത്തില്‍ നക്സലേറ്റ് പ്രസ്ഥാനം വളര്‍ന്നുവന്നപ്പോഴാണ് ഉണ്ടായത്. അത് ചെറിയതോതില്‍ ഡാര്‍ജിലിംഗ് ജില്ലയിലും കല്‍ക്കത്ത ക്യാമ്പസുകളിലുമാണ് ആരംഭിച്ചത്. അത്ആന്ധ്രയിലെ ശ്രീകാകുളത്തേക്ക് എത്തി. പഞ്ചാബിലെയും ബീഹാറിലെയും സംസ്ഥാന കമ്മിറ്റി ഘടകങ്ങള്‍ കൂട്ടത്തോടെ സിപിഐ (എംഎല്)ലില്‍ ലയിച്ചുചേര്‍ന്നു. കേരളത്തിലും കൂട്ടക്കലാപം നടന്നു. തലശ്ശേരി, പുല്‍പ്പള്ളി ഉണ്ടായി. പാര്‍ട്ടി വളരെക്കാലംകൊണ്ട് വാര്‍ത്തെടുത്ത യുവനേതൃനിര മുഴുവന്‍ കൂട്ടത്തോടെ പാര്‍ട്ടിവിട്ടു. കെപിആര്‍ ഗോപാലനേയും തിരുവനന്തപുരത്തെ കോസല രാമദാസനെയും പോലെ ആത്മാര്‍ത്ഥത ഉള്ളവരെല്ലാം പാര്‍ട്ടിയില്‍ നിന്ന് പുറത്തുചാടി, അല്ലെങ്കില്‍ അവരെ പുകച്ചു ചാടിച്ചു. അക്കൂട്ടത്തില്‍ വര്‍ഗീസും കെ.പി. നാരായണന് മാസ്റ്ററും ഈ പാവം പിടിച്ച ഫിലിപ്പ് എം. പ്രസാദും.
പിന്നെ കുറച്ചുനാളത്തേക്ക് നമ്മള് കലാപങ്ങളൊന്നും കേട്ടില്ല. കാരണം എല്ലാവരും സഹകരണസംഘങ്ങളിലും സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും അവരുടെ തോഴിമാരോടൊപ്പം പട്ടുമെത്തയില്‍ ഒളിച്ചു പതുങ്ങി കിടക്കുന്ന സുഖത്തിലായിരുന്നു. ഇക്കഴിഞ്ഞ ഭരണകാലത്താണ് ഈ സുഖങ്ങളൊക്കെ കള്ളക്കടത്തും പാര്‍ട്ടിക്കുള്ളിലെ സംഘടനാപരമായ കൂട്ട വ്യഭിചാരവുമായി അധഃപതിച്ചത്. കോടികള്‍ വാങ്ങി സീറ്റുകച്ചവടം. രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ സമ്മാനമായി സീറ്റുകള്‍ ഇതൊക്കെ പതിവായി. എന്റെ നാട്ടിലെ കാര്യം പറയാം. ഞാന്‍ ഇതുവരെ പിണറായി വിജയനെ ആക്ഷേപിച്ച് ഒരു വാക്കുപോലും പറഞ്ഞിട്ടില്ല. പക്ഷേ എന്റെ നാട്ടിലെ പഴയ കൂട്ടുകാരായ കമ്യൂണിസ്റ്റുകാര്‍ ഇപ്പോള്‍ പഴയതുപോലെ നേരെ മുഖത്തു നോക്കില്ല. കാരണം, അവര്‍ക്ക് ലജ്ജയാണ്. ഈ ലജ്ജ വടക്കേ മലബാറില്‍ ഉടനീളം പടര്‍ന്നു പിടിച്ചുകഴിഞ്ഞു. ഉള്ളിന്റെ ഉള്ളില്‍ പാര്‍ട്ടി അണികള്‍ കോടിയേരി ബാലകൃഷ്ണനേയും പിണറായിയേയും ഓര്‍ത്ത് ലജ്ജകൊണ്ട് മുഖം താഴ്ത്തുന്നു. അവര്‍ക്ക് താങ്ങാനാകാത്തതിലും കടുത്തതാണ് അവരുടെ ലജ്ജ. ഇതങ്ങനെ വലിയ അടിയൊഴുക്കായി വടക്കേ മലബാറില്‍ അടിക്കടലായി കിടക്കുന്നു. തരം കിട്ടുന്നിടത്തൊക്കെ അത് അച്ചടക്കത്തിന്റെ ദുര്‍ബലമായ സിമന്റ് തറ ഭേദിച്ച് പുറത്തുവരുന്നു. പാര്‍ട്ടി അണികള്‍ക്ക് ഒന്നിക്കാന്‍ കഴിയുന്ന എന്തെങ്കിലും കാരണം കിട്ടിയാല്‍ അവര്‍ തിളച്ചുമറിയുന്നു, പോസ്റ്റര്‍ ഒട്ടിക്കുന്നു, പ്രകടനം നടത്തുന്നു. കിട്ടിയ വടി ഉപയോഗിച്ച് അവര്‍ പാര്‍ട്ടി നേതൃത്വത്തെ പ്രഹരിക്കുന്നു. ഇതൊരു വലിയ കലാപത്തിന്റെ കേളികൊട്ടാണ്.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ ആത്മാര്‍ത്ഥതയുള്ള ത്യാഗത്തിന്റെ ശക്തിയുള്ള വിഭാഗങ്ങള്‍ പി. ജയരാജനെ പോലുള്ളവരുടെ നേതതൃത്വത്തെ ഉറ്റുനോക്കുന്ന അവസ്ഥയാണ്. കെ.പി.ആര്. ഗോപാലന്റെയും നാരായണന് മാസ്റ്ററുടെയും 67-68 കാലത്തെപ്പോലെ മാര്‍ക്സിസ്റ്റു പാര്‍ട്ടിയ്ക്കുള്ളില്‍ ത്യാഗമുള്ള ഒരു തീവ്ര ഇടതുപക്ഷം ഉടനെ ഗര്‍ഭം ഭേദിച്ച് പുറത്തുവരുമെന്ന് ഉറപ്പാണ്. അത് കേരളത്തിന്റെ ഒരു അസുരനിഗ്രഹമായി മാറും. അധികം കാലം എടുക്കേണ്ടിവരില്ല. ഈ ഗര്ഭഭേദനത്തിന്.
ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കാലുവാരിയതുകൊണ്ടുമാത്രം തോറ്റ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളുടെ പട്ടിക 25 ല്‍ കവിയുമെന്ന് ഉറപ്പുതരാം. കേരളത്തില്‍ രണ്ട് ആര്‍എസ്എസ് ഉണ്ട്. ഒരു യഥാര്‍ത്ഥ ആര്‍എസ്എസ് മറ്റൊന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ആര്‍എസ്എസ്. ആര്‍എസ്എസിലെ ചിലര്‍ക്കുള്ള മുസ്ലീം വിരോധത്തേക്കാള്‍ തീവ്രമാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി അണികളിലെ മുസ്ലീം വിരോധം. കാസര്‍കോട് മുതല്‍ തൃശൂര്‍ വരെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി അണികള്‍ വിഷം വമിക്കുന്ന മുസ്ലീം വിരോധം സ്വകാര്യ സംഭാഷണങ്ങളില്‍ പുറത്തുവിടാറുണ്ട്. അവര്‍ക്ക് മാര്‍ക്സിസ്റ്റു പാര്‍ട്ടി ആപത്തില്‍ കൂട്ടുപിടിച്ചരിക്കുന്ന മുസ്ലീം തീവ്രവാദ സംഘടനകളെ ഒട്ടും സ്വീകരിക്കാന്‍ കഴിയില്ല. പ്രാദേശികമായി നല്ല പാര്‍ട്ടി സഖാക്കളെ കൊല്ലുന്നതും അടിച്ചവശരാക്കുന്നതും ആര്‍എസ്എസുകാരല്ല. മുസ്ലീം തീവ്രവാദികളാണ്. ഇതിന്റെ അലയൊലികള്‍ കാസര്‍കോടും മലപ്പുറത്തും ശ്രദ്ധിച്ചാല്‍ തിരിച്ചറിയാന്‍ കഴിയും. ഈ തെരഞ്ഞെടുപ്പില്‍ മാര്‍ക്സിസ്റ്റ് അണികളുടെ മുസ്ലീം വിരോധം ചെറിയശക്തിയായി അട്ടിമറികള്‍ സൃഷ്ടിച്ചുതുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: