ചാത്തന്നൂര്‍: ഒരു വര്‍ഷമായി ശമ്പളം മുടങ്ങുകയും മാനേജ്മെന്റ് പറഞ്ഞ അവധികളെല്ലാം കഴിയുകയും ചെയ്തതോടെ ഗതികെട്ട തൊഴിലാളികള്‍ ഇന്നലെ ചാത്തന്നൂര്‍ കാരംകോട് സ്പിന്നിംഗ് മില്ലില്‍ ടെക്നിക്കല്‍ മാനേജര്‍ മഞ്ജു റോയിയെ തടഞ്ഞുവച്ചു പ്രതിഷേധിച്ചു.
നേരത്തെ കിട്ടാനുള്ള പത്തുമാസത്തെ ശമ്പളം കഴിഞ്ഞ ഫെബ്രുവരി 3ന് മുമ്പ് നല്‍കുമെന്നായിരുന്നു ഉറപ്പ്. തുടര്‍ന്ന് ഒരുമാസത്തിലേറെയായി തൊഴിലാളികള്‍ വീണ്ടും ജോലിചെയ്തു. ഇതിന്റെ വേതനവും നല്‍കിയിട്ടില്ല. തൊഴിലാളികള്‍ രോഷത്തിലാണെന്നറിഞ്ഞ് ചെയര്‍മാനോ മാനേജരോ മറ്റുദ്യോഗസ്ഥരോ മില്ലിലേയ്ക്ക് വരാറില്ലായിരുന്നു. ഇന്നലെ രാവിലെ 10ന് ടെക്നിക്കല്‍ മാനേജര്‍ മില്ലിലെത്തിയപ്പോഴാണ് തൊഴിലാളികള്‍ സംഘടിച്ചതും അദ്ദേഹത്തെ തടഞ്ഞുവച്ചതും. വിവിധ യൂണിയനുകള്‍ ഇടപെട്ടതോടെ 11ന് ജി.എസ്. ജയലാല്‍ എംഎല്‍എ മില്ലില്‍ എത്തി തൊഴിലാളി യൂണിയന് നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ടെക്നിക്കല്‍ മാനേജരെ മോചിപ്പിച്ചത്. പിന്നീട് നടത്തിയ പ്രശ്നപരിഹാര ചര്‍ച്ചയില്‍ 17ന് ശമ്പളം നല്‍കുമെന്ന് എംഎല്‍എയ്ക്ക് മാനേജ്മെന്റ് ഉറപ്പുനല്‍കി.
17ന് ശമ്പളം നല്‍കിയില്ലെങ്കില്‍ 18മുതല്‍ മുഴുവന്‍ ഉദ്യോഗസ്ഥരെയും തടഞ്ഞുവച്ച് ശക്തമായ സമരം നടത്തുമെന്ന് വിവിധ തൊഴിലാളി യൂണിയന് ഭാരവാഹികള്‍ മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: