മക്കളേ,
പരിശുദ്ധമായ സ്നേഹമാണ് ഈശ്വരസ്വരൂപം. എന്നാല്‍ ഇന്നു ലോകത്തുകാണുന്ന സ്നേഹത്തിന് പല തലങ്ങളുണ്ട്. അതിനെ ഇശ്വരനിലെത്താനുള്ള ഏണിപ്പടവുകളോട് ഉപമിക്കാം. സ്നേഹത്തിന്റെ ഏണിപ്പടികളിലൂടെ മുകളിലേക്കു പോകുന്തോറും മനസ്സിലെ മാലിന്യങ്ങള്‍ കുറഞ്ഞ് സ്നേഹം കൂടുതല്‍ കൂടുതല്‍ ശുദ്ധമായിത്തീരുന്നു. അങ്ങനെ സ്നേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന പടിയില്‍ എത്തിച്ചേരുന്നു. അതിലാണ് മനുഷ്യജന്മത്തിന്റെ സാഫല്യം.
മുപ്പതു ഡിഗ്രി ചൂടുള്ള വെള്ളവും, എഴുപതു ഡിഗ്രി ചൂടുള്ള വെള്ളവും നൂറു ഡിഗ്രിയില്‍ തിളയ്ക്കുന്ന വെള്ളവും ഉണ്ട്. മുപ്പതു ഡിഗ്രി ചൂടുള്ള വെള്ളത്തില്‍ ധാരാളം രോഗാണുക്കള്‍ ഉണ്ടാകും. എഴുപതു ഡിഗ്രി ചൂടുള്ള വെള്ളത്തില്‍ കുറച്ചുമാത്രം രോഗാണുക്കളേ ഉണ്ടാകൂ. എന്നാല്‍ നൂറു ഡിഗ്രി തിളയ്ക്കുന്ന വെള്ളത്തില്‍ രോഗാണുക്കള്‍ തീരെയുണ്ടാവില്ല. ഇതുപോലെയാണ് സ്നേഹത്തിന്റെ കാര്യവും. ഏറ്റവും ഉന്നതമായ സ്നേഹത്തില്‍ അല്‍പ്പംപോലും സ്വാര്‍ത്ഥതയോ അഹങ്കാരമോ ഉണ്ടാവില്ല. സ്വാര്‍ത്ഥതയും അഹങ്കാരവുമാകുന്ന മാലിന്യങ്ങളകന്ന് മനസ്സ് ശുദ്ധമാകുമ്പോള്‍ മാത്രമേ യഥാര്‍ത്ഥസ്നേഹം അനുഭവിക്കാനും അത് മറ്റുള്ളവര്‍ക്കു പകര്ന്നുനല്കുവാനും നമുക്കു സാധിക്കൂ.
ഒരിടത്ത് രണ്ടു സഹോദരന്മാര് ഉണ്ടായിരുന്നു. രണ്ടു പേരും കല്യാണം കഴിച്ചു. മൂത്തയാള്‍ക്ക് രണ്ട് മക്കളുണ്ട്. അനിയന് മക്കളില്ല. രണ്ടുപേര്‍ക്കും കൃഷിയാണ്. വിളവ് കൊയ്തുകൊണ്ടുവരുമ്പോള് ഇളയ ആള് വിചാരിക്കും, ‘എനിക്ക് മക്കള്‍ ഒന്നും ഇല്ല. ഇത്രയും സ്വത്തിന്റെ ആവശ്യം എനിക്കില്ല. ചേട്ടനാണെങ്കില് രണ്ട് മക്കളുണ്ട്. സ്വാഭാവികമായും ചെലവ് കൂടും. എന്തെങ്കിലും സഹായം ചെയ്യാമെന്നുവെച്ചാല്‍ ചേട്ടന് അതിനു സമ്മതിക്കുകയുമില്ല.’ അതുകൊണ്ട് അനിയന് തനിക്കു കിട്ടിയ വിളവില്‍ ഒരു പങ്ക് മറ്റാരുമറിയാതെ എല്ലാ ദിവസവും രാത്രിയില്‍ ചേട്ടന്റെ പത്തായപ്പുരയില്‍ വെയ്ക്കാന്‍ ജോലിക്കാരനെ ഏര്‍പ്പാടാക്കി.
എന്നാല്‍ ചേട്ടന് ചിന്തിച്ചത് മറ്റൊരു രീതിയിലാണ്. ‘എനിക്കു പ്രായമായാല്‍ എന്റെ മക്കള്‍ നോക്കിക്കോളും. അതുകൊണ്ട് എനിക്ക് പ്രത്യേകിച്ച് സമ്പാദ്യം ഒന്നും ആവശ്യമില്ല. എന്റെ അനിയനാണെങ്കില്‍ പ്രായം ചെന്നാല്‍ നോക്കാന്‍ ആരുമില്ല. അവന് മക്കള്‍ ഇല്ലല്ലോ. പ്രായം ചെന്നാല്‍ അവന് കുറച്ച് സാമ്പത്തികം ഇരുന്നാലെ സുരക്ഷിതത്വം ഉണ്ടാകുകയുള്ളു. ചോദിച്ചാലും അവന് വേണ്ട എന്നു പറയും. ചേട്ടനല്ലെ മക്കള്‍ ഉള്ളത് എന്നു പറയും.’ അങ്ങനെ അനിയന് അറിയാതെ അവന്റെ പത്തായപ്പുരയില്‍ ദിവസവും കുറച്ചുചാക്ക് നെല്ലും മറ്റും വെയ്ക്കാന്‍ ചേട്ടന് ഒരു വേലക്കാരനെ ഏല്‍പ്പിച്ചു.
വര്‍ഷങ്ങള്‍ പോയി. ഒരിയ്ക്കല്‍ അനിയന് ചിന്തിച്ചു, വിളവിന്റെ ഒരു പങ്ക് സ്ഥിരമായി ചേട്ടന്റെ വീട്ടിലേയ്ക്കു കൊടുത്തയച്ചിട്ടും തന്റെ പത്തായപ്പുരയില്‍ യാതൊരു കുറവും കാണുന്നില്ല. ചേട്ടന്റെ മനസ്സിലും ഇതേ സംശയം ജനിച്ചു. ഇതിന്റെ പിന്നിലെ രഹസ്യം അറിയാനായി രണ്ടുപേരും ഒരു രാത്രി ഉറങ്ങാതെ ഒളിച്ചിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ചേട്ടന്റെ വീട്ടിലേയ്ക്ക് അനിയന്റെ ജോലിക്കാരന് നെല്ല് കൊണ്ടുപോകുന്നു. അതുപോലെ ചേട്ടന് വിട്ട ആള് അനിയന്റെ വീട്ടിലേയ്ക്ക് നെല്ചാക്കുമായി പോകുന്നു. കാര്യം മനസ്സിലായപ്പോള്‍ ഇരുവര്‍ക്കും അനേ്യാന്യം ഹൃദയമറിയാന്‍ സാധിച്ചു. നിഷ്കളങ്കമായ സ്നേഹത്തിന്റെ തിരിച്ചറിവില്‍ അവരൊന്നായി. പരിശുദ്ധമായ സ്നേഹത്തില്‍ സ്വാര്‍ത്ഥതയോ അഹങ്കാരമോ അല്പ്പംപോലുമുണ്ടാവില്ല. ആ സഹോദരന്മാര് താമസിച്ചിരുന്ന സ്ഥലത്ത് പില്ക്കാലത്ത് ഒരു പുണ്യക്ഷേത്രം നിലവില്‍ വന്നു.
നമ്മുടെയെല്ലാവരുടെയും ഉള്ളില്‍ പരിശുദ്ധസ്നേഹത്തിന്റെ വറ്റാത്ത ഉറവയുണ്ട്. അതിനെ കണ്ടെത്താനും പ്രയോജനപ്പെടുത്താനും കഴിഞ്ഞാല്‍, ജീവിതം ധന്യമായി.
ഒരാളുടെ ബാങ്ക് അക്കൗണ്ടില്‍ വലിയൊരു സമ്പാദ്യമുണ്ടെങ്കില്‍ അപ്രതീക്ഷിതമായി ഒരു സാമ്പത്തിക പ്രതിസന്ധിയുണ്ടായാല്‍ പോലും അതിനെ ധൈര്യപൂര്‍വ്വം നേരിടാന്‍ അയാള്‍ക്കു സാധിക്കും. അതുപോലെ നമ്മള് സ്നേഹംകൊണ്ടു സമ്പന്നരാണെങ്കില്‍ ജീവിതദുഃഖങ്ങള്‍ നമ്മളെ തളര്‍ത്തുകയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: