തിരുവനന്തപുരം: യുണിടാക് ഉടമ സന്തോഷ് ഈപ്പനെ തനിക്ക് അറിയില്ല. അദ്ദേഹം തനിക്ക് ഫോണ്‍ നല്‍കിയിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി. കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ല. തനിക്ക് നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്നും വിനോദിനി അറിയിച്ചു. സ്വകാര്യ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.
ലൈഫ് മിഷന് പദ്ധതി കരാര്‍ ലഭിക്കുന്നതിനായി ആറ് ഐഫോണ്‍ സന്തോഷ് ഈപ്പന് വാങ്ങി നല്‍കിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതില്‍ അഞ്ചെണ്ണം കണ്ടെത്തി. ഇതില്‍ ആറാമത്തേതിന് വേണ്ടി അന്വേഷണം നടത്തി വരികയായിരുന്നു. തുടര്‍ന്ന് ഐഎംഇഐ നമ്പര്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈ ഫോണ്‍ വിനോദിന് വളരെകാലം ഉപയോഗിച്ചതായി കണ്ടെത്തിയത്. ഇതില്‍ ഉപയോഗിച്ചിരുന്ന സിമ്മും കണ്ടെടുത്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് അയച്ചത്.
കരമന സ്വദേശിയായ അഭിഭാഷകയ്ക്കും ഇതോടൊപ്പം കസ്റ്റംസ് നോട്ടീസ് അയച്ചിട്ടുണ്ട്. കമ്പനി യുഎഎഫ്എക്സ് ഉടമയെ നിരന്തരം വിളിച്ചെന്നും കസ്റ്റംസിന് ബോധ്യമായിട്ടുണ്ട്.
സ്വര്‍ണക്കടത്ത് വിവാദമായതോടെയാണ് ഈ ഫോണ്‍ ഉപയോഗിക്കാതെ ആയത്. ഇപ്പോള്‍ ഈ ഫോണ്‍ ഉപയോഗിക്കുന്നത് മറ്റൊരാളാണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. സന്തോഷ് ഈപ്പന് യുഎഇ കോണ്‍സുല്‍ ജനറലിന് നല്കിയ ഫോണ്‍ എങ്ങനെയാണ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയുടെ കൈവശമെത്തിയത് എന്നതില്‍ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് കസ്റ്റംസ് ഇപ്പോള്‍ ചോദ്യം ചെയ്യാനായി ഒരുങ്ങുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ തിരുവനന്തപുരം കരമന സ്വദേശിയായ അഭിഭാഷക എസ് ദിവ്യയെ തിങ്കളാഴ്ച കസ്റ്റംസ് ചോദ്യം ചെയ്യും. സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. വിനോദിനിയോട് അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കസ്റ്റംസ് ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
അതേസമയം താന്‍ ഫോണ്‍ നല്‍കിയത് സ്വപ്ന സുരേഷിന് ആണ്. അവര്‍ ഫോണ്‍ ആര്‍ക്കൊക്കെ നല്‍കിയെന്ന് അറിയില്ല. കോടിയേരി ബാലകൃഷ്ണനെ നേരിട്ട് കണ്ടിട്ടില്ല. വിനോദിനിയെ അറിയില്ലെന്നും സന്തോഷ് ഈപ്പന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: