തളിപ്പറമ്പ്: നാടന്‍ തോക്കും തിരകളുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കുറുമാത്തൂര്‍ പഞ്ചായത്തിലെ ചവനപ്പുഴ സ്വദേശികളായ ഇരിങ്ങല്‍ ഹൗസില്‍ അനീഷ് എന്ന അനില്‍ (39), എസ്.വി.പി നിവാസില്‍ എം. വിജയന്(44) എന്നിവരെയാണ് തളിപ്പറമ്പ് എസ്ഐ പി.എം. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്നലെ പുലര്‍ച്ചെ പന്ത്രണ്ടരയോടെ നൈറ്റ് പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ഇവരെ ചൊറുക്കള ചാണ്ടിക്കരിയില്‍ വെച്ച് സംശയത്തെ തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി പിടികൂടുകയായിരുന്നു. പരിശോധനയില്‍ നാടന്‍ തോക്കും നാല് തിരകളും ചാക്കുകെട്ടാന് ഉപയോഗിക്കുന്ന കയറുകളും ടോര്‍ച്ചും കണ്ടെടുത്തു. ചോദ്യം ചെയ്തപ്പോള്‍ കാട്ടുപന്നിയെ വേട്ടയാടാന്‍ പോയതാണെന്ന് ഇവര്‍ സമ്മതിച്ചു. കുറുമാത്തൂര്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കാട്ടുപന്നി, മുള്ളന്‍പന്നി എന്നിവയെ വ്യാപകമായി വേട്ടയാടുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നാടന്‍തോക്കുകള്‍ യഥേഷ്ടം ഉപയോഗിക്കപ്പെടുന്നതായും അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.
മലയോര മേഖലകള്‍ കേന്ദ്രീകരിച്ച് നിരവധി നായാട്ട് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പോലീസിന് പലപ്പോഴായി വിവരം ലഭിച്ചിരുന്നു. കര്‍ണാടക സുള്ള്യയില്‍ നിന്നും പഴയ തോക്കുകള്‍ വാങ്ങി റിപ്പയര്‍ ചെയ്ത് 30000 രൂപക്ക് വരെ നായാട്ടുകാര്‍ക്ക് വില്പന നടത്തുന്ന സംഘത്തെപ്പറ്റിയും പോലീസ് അന്വേഷിച്ചു വരികയാണ്. തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: