തിരുവല്ല: യോഗാചാര്യന് ശ്രീ എമ്മിനെ വിമര്‍ശിച്ച തൃത്താല എംഎല്‍എ വി.ടി ബലറാമിനെ തിരുത്തി രാജ്യസഭാ മുന്‍ ഉപാധ്യക്ഷന്‍ പിജെ കുര്യന്. സര്‍ക്കാര്‍ ഭൂമി നല്‍കിയതിനെ വിമര്ശിക്കുവാന് ബല്‍റാമിന് എല്ലാ അവകാശവും ഉണ്ട്. അതിനെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ശ്രീഎമ്മിനെ ‘ആള് ദൈവമെന്നും ‘ആര്‍എസ്എസ് സഹയാത്രികനെന്നും’ വിശേഷിപ്പിച്ചത് ശ്രീ.എമ്മിനെ അറിയാവുന്നവര്‍ക്കെല്ലാം വേദന ഉണ്ടാക്കുന്നതാണെന്ന് പിജെ കുര്യന് ഫേസ്ബുക്കില്‍ കുറിച്ചു.
പിജെ കുര്യന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സംസ്ഥാന ഗവണ്മെന്റ് ശ്രീ.എം -ന് യോഗ സെന്റര്‍ തുടങ്ങാന്‍ സ്ഥലം അനുവദിച്ചതിന് വിമര്‍ശിച്ചുകൊണ്ടുള്ള ശ്രീ.വി ടി .ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ് എന്റെ ഒരു സുഹൃത്ത് വാട്സ് ആപ്പില്‍ തന്നത് വായിച്ചു.
സര്‍ക്കാര്‍ ഭൂമി നല്‍കിയതിനെ വിമര്ശിക്കുവാന് ബല്‍റാമിന് എല്ലാ അവകാശവും ഉണ്ട്. അതിനെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ശ്രീഎം-നെ ‘ആള് ദൈവമെന്നും ‘ആര്‍എസ്എസ് സഹയാത്രികനെന്നും’ വിശേഷിപ്പിച്ചത് ശ്രീ.എം- നെ അറിയാവുന്നവര്‍ക്കെല്ലാം വേദന ഉണ്ടാക്കുന്നതാണ്.
എനിക്ക് ശ്രീ.എം -മായി നല്ല പരിചയമുണ്ട്. ഞാന്‍ വളരെ ബഹുമാനിക്കുന്ന ഒരു വ്യക്തിത്വമാണ് അദ്ദേഹം. അദ്ദേഹത്തെ ഞാന്‍ പല പ്രാവശ്യം സന്ദര്‍ശിച്ചിട്ടുണ്ട്. അദ്ദേഹം എന്റെ ഭവനത്തിലും ഒരു തവണ വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ എകതായാത്രയില് ഞാന്‍ പങ്കെടുത്തിട്ടുമുണ്ട്. അദ്ദേഹം ആള് ദൈവവുമല്ല ആര്‍എസഎസും
അല്ല. എല്ലാ മതങ്ങളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മതേതര വാദിയാണ്. ഭാരതീയ ദര്‍ശനങ്ങളില്‍ പാണ്ഡിത്യവും ഭാരതീയ സംസ്കാരത്തോട് ആദരവും, പ്രതിബദ്ധതയും ഉണ്ട് എന്നതുകൊണ്ട് ഒരാള്‍ ആര്‍എസ്എസ് ആകുമോ ?. ആധ്യാത്മിക പ്രഭാഷണം നടത്തുകയും ആധ്യാത്മിക ജീവിതം നയിക്കുകയും ചെയ്യുന്നതുകൊണ്ട് ഒരാള്‍ ആള് ദൈവം ആകുമോ?.
ഒരു എംഎല്‍എ ആയ ബല്‍റാം മറ്റുള്ളവരെ വിധിക്കുന്നതില്‍ കുറേക്കൂടി വസ്തുതാപരം ആകേണ്ടതായിരുന്നു. ശ്രീ.എം നെക്കുറിച്ചുള്ള വസ്തുതാപരമല്ലാത്ത പരാമര്‍ശങ്ങള്‍ ബല്‍റാം തിരുത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അത്തരമൊരു നടപടി ശ്രീ.എം ന്റെ ആയിരക്കണക്കിന് ആരാധകരുടെ ഹൃദയത്തിലെ മുറിവ് ഉണക്കാന്‍ ആവശ്യമാണ്. ഞാന്‍ ഇത്രയും എഴുതിയതുകൊണ്ട് ഒരു പക്ഷെ എനിക്കെതിരെ സോഷ്യല്‍ മീഡിയ ആക്രമണം ഉണ്ടായേക്കാം. ഞാനത് ഗൗനിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: