നമ്മിലുള്ള അഹങ്കാരമാണ് നമ്മുടെ പരിവര്‍ത്തനത്തിന്റെ ഏറ്റവും വലിയ ശത്രു. എല്ലാം തികഞ്ഞവനെന്ന ഭാവം നമ്മെ ഒരിക്കലും വളര്‍ത്തില്ല. അത് വളര്‍ച്ചയെ മുരടിപ്പിക്കും. ഇവിടെയാണ് വിനയത്തിന്റെ ആവശ്യകത.
‘ബുദ്ധിഹീന് തനു ജാനികേ’ എന്നതിലെ ബുദ്ധിഹീനന് ആണ് താന്‍ എന്നത് തുളസീദാസിന്റെ വിനയത്തിന്റെ സൂചനയാണ്. പണ്ഡിതനായ തുളസീദാസ് വിനയ സൂചകമായി താന്‍ ബുദ്ധിഹീനനാണെന്ന് കള്ളം പറഞ്ഞതാണോ! താന്‍ വിനയാ
ന്വിതനാണെന്ന് ലോകത്തെ അറിയിക്കാനാവില്ല, മറിച്ച് താന്‍ തനു (ശരീരം) ആണെന്നു കരുതുന്നവര്‍ സത്യത്തില്‍ ബുദ്ധിഹീനരാണെന്ന സൂചനയാണ് ഇത് നല്‍കുന്നത്. സര്‍വ സ്വതന്ത്രനായ താന്‍ ഒരു പരിമിത ഉപാധി മാത്രമാണെന്ന ചിന്ത ബുദ്ധിഹീനതയാണ്. താന്‍ പരമാത്മാവു തന്നെയാണെന്ന അനുഭവജ്ഞാനമാണ് ബുദ്ധി. അതില്ലാത്തവര്‍ ബുദ്ധി ഹീനന്മാരാണെന്ന് കാട്ടിത്തരികയാണ് തുളസീദാസ്.
പ്രാര്‍ഥനയിലെ ആദ്യഘടകമായ നമന്‍, വിനയത്തിന്റെ പ്രകടനത്തിലൂടെ ഈ ദോഹയിലൂടെ കാണാം.
സ്മരണമാണ് അടുത്തത്. ദോഹയിലെ ‘സുമിരൗ’ എന്നതിന്റെ അര്‍ഥം സ്മരിക്കുകയെന്നാണ്. നമ്മുടെ ചിന്തകള്‍ എവിടെയാണോ, അവിടെയാണ് നമ്മള്. ചിന്തകളാണ് നമ്മെ രൂപപ്പെടുത്തുന്നത്. അതിനാല്‍ എന്ത് ചിന്തിക്കണമെന്നത് പരമപ്രധാനമാണ്. ഭഗവാനെ പറ്റിയുള്ള ചിന്തയാണ് ഏറ്റവും മികച്ചത്. അതിനാല്‍ ഭഗവാനെ പറ്റി ചിന്തിക്കൂ.
ഭഗവദ്ഗീതയില്‍ പറയുന്നു:
അന്തകാലേ ച മാമേവ
സ്മരന്‍ മുക്ത്വാ കളേബരം
യഃ പ്രയാതി സഃ മദ്ഭാവം
യാതി നാസ്ത്യത്ര സംശയഃ
ആരാണോ മരണ സമയത്തും എന്നെത്തന്നെ സ്മരിച്ചു കൊണ്ട് ദേഹം വിട്ടു പോകുന്നത്, അവന് എന്റെ അവസ്ഥയെ പ്രാപിക്കുന്നു. ലയിക്കുന്നു. ഇതില്‍ സംശയമില്ല.
ഇങ്ങനെ കൃത്യമായി മരണസമയത്ത് ഒാര്ക്കണമെങ്കില് ജീവിതകാലത്ത് ഭഗവാനെ പറ്റി, ചിന്തിക്കാന്‍ നല്ല സമയം വിനിയോഗിച്ചിരിക്കണം. മൂന്നാമത്തെ ഘടകം കീര്‍ത്തനമാണ്. നാം പുകഴ്ത്തി മഹത്വം പാടുമ്പോള്‍ അറിയാതെ തന്നെ നമ്മില്‍ ശ്രദ്ധയുടെ, വിശ്വാസത്തിന്റെ ബലം കൂടും.
പവന കുമാരന് എന്നത് ഹനുമാന് സ്വാമിയുടെ കീര്ത്തനമത്രേ. ഒട്ടലില്ലായ്മയുടെ, വൈരാഗ്യത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് വായു ഭഗവാന്. ഉദാഹരണത്തിന് നല്ല ഗന്ധം എന്നോ മോശം ഗന്ധം എന്നോ വേര്‍തിരിവ് വായുവിനില്ല. രണ്ടിനെയും വഹിച്ചു കൊണ്ടു പോകും. അതേ സമയം ഉപേക്ഷിക്കേണ്ടിടത്ത് ഉപേക്ഷിക്കുകയും ചെയ്യും. ഹനുമാന്റെയും ‘നിര്മമതാ’ കഥകള്‍ പ്രശസ്തമാണല്ലോ.
പ്രാര്‍ഥനയുടെ നാലാമത്തെ ഘടകം ‘യാചനം’ ആണ്. ആദ്യ മൂന്നു കാര്യങ്ങള്‍ ചെയ്തിട്ട് വേണം നാം ഭഗവാനോട് വേണ്ടത് ചോദിക്കാന്‍ (യാചിക്കാന്‍).
ബ്രഹ്മചാരി സുധീര്‍ ചൈതന്യ
പ്രതികരിക്കാൻ ഇവിടെ എഴുതുക: