മനോനില തകര്‍ന്ന് മനോരോഗിയുടെ തലത്തിലെത്തിയ ചിത്രകേതുവിനെയാണ് അംഗിരസുമഹര്ഷിയും നാരദമഹര്‍ഷിയും ചേര്‍ന്ന് മഹാജ്ഞാനിയാക്കി മാറ്റിയത്. മഹര്‍ഷിമാര്‍ നല്കിയ മന്ത്രോപദേശം സ്വീകരിച്ച് ഉപാസിച്ച് ഒരു മഹാസിദ്ധന്റെ തലത്തിലേക്ക് ചിത്രകേതു ഉയര്‍ന്നു.
വാഹനങ്ങളില്ലാതെ തന്നെ ആകാശമാര്‍ഗത്തില്‍ സഞ്ചരിക്കുക തുടങ്ങിയ സിദ്ധികള്‍ കരസ്ഥമാക്കിയിട്ടും അതില്‍ അഹങ്കരിക്കാതെ സിദ്ധിയും ഉപാസനാമാര്ഗമാക്കി സമതുലിതമായ മനസ്സോടെ അദ്ദേഹം ജീവിച്ചു. ഒരിക്കല്‍ മറ്റു ചില മഹാസിദ്ധന്മാരുടെ കൂടെ ചിത്രകേതു ആകാശമാര്‍ഗത്തില്‍ സഞ്ചരിക്കുകയായിരുന്നു. കൈലാസത്തിനു മുകളിലൂടെ പോകുമ്പോള്‍ അദ്ദേഹം താഴെ ഒരു കാഴ്ച കണ്ടു.
അവിടെ ശ്രീപരമേശ്വരന് മുനിമാര്‍ക്ക് വിദ്യകള്‍ പകര്‍ന്നു നല്‍കുകയായിരുന്നു. ശിവന്റെ മടിയില്‍ ശ്രീ പാര്‍വതീദേവി ഇരിക്കുന്നുണ്ട്.
വിദ്യാധരന്മാരുടെ അധിപനായ ചിത്രകേതു ഇതുകണ്ട് ശ്രീപാര്‍വതീ ദേവി കേള്‍ക്കെത്തന്നെ ഉറക്കെ പരിഹസിച്ചു.
ഏഷ ലോകഗുരുഃ സാക്ഷാ-
ധര്‍മം വക്താ ശരീരിണാം
ആസ്തേ മുഖ്യഃ സഭായാം വൈ
മിഥുനീ ഭൂയഭാര്യയാ
സാക്ഷാല്‍ ലോകഗുരുവായിരിക്കുന്ന ശ്രീപരമേശ്വരന് ശരീരികള്‍ക്ക് ധര്‍മം ഉപദേശിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ആ സഭയില്‍ ഭാര്യയെ മടിയിലിരുത്തുന്നത് ജടാധാരിയായ ശിവന്റെ വേഷത്തിനു പോലും യോജിക്കാത്തതാണ്.
പ്രായശഃ പ്രാകൃതശ്ചാപി
സ്ത്രിയം രഹസിബിഭ്രതി
അയം മഹാവ്രതധരോ
ബിഭര്‍ത്തി സഭസിസ്ത്രിയം
പ്രാകൃതര്‍ പോലും ഇത്ര ലജ്ജാഹീനരാകാറില്ല. ഭഗവാന്റെ പ്രവൃത്തി എന്തു വൈപരീത്യം. ചിത്രകേതുവിന്റെ ഈ പരിഹാസം കേട്ടിട്ടും ഭഗവാനോ മറ്റു മുനിമാരോ തിരിച്ചൊന്നും പറഞ്ഞില്ല. ശ്രീപരമേശ്വരന് ഇതു കേട്ട് മൗനമായി ചിരിച്ചു കൊണ്ടിരുന്നു. സര്‍വജ്ഞനും ഗംഭീരാശയനുമായ ഭഗവാന്റെ ഈ മന്ദഹാസം ശ്രീപാര്‍വതിക്കു താങ്ങാനായില്ല.
ലോകഗുരുവിനേയും ലോകമാതാവിനേയും പരിഹസിക്കാനും ശാസിക്കാനും പാകത്തിന് ഇവന് വളര്‍ന്നോ എന്ന ഭാവമായിരുന്നു ദേവിക്ക്. മഹാവിഷ്ണുവും ബ്രഹ്മാവും സനത്കുമാരാദികളും ഭൃഗുവും നാരദരും കപിലാചാര്യരും മനുവും ഉള്‍പ്പെടെയുള്ള ആരും ഇതുവരെ ഇങ്ങനെ പരിഹസിച്ചിട്ടില്ല. വിഷ്ണുപാദത്തില്‍ ചേരാന്‍ യോഗ്യനല്ലാത്ത ഇവന് അസുരജന്മമെടുക്കട്ടെ എന്ന് ലോകമാതാവ് ചിത്രകേതുവിനെ ശപിച്ചു.
ഈ ശാപമേറ്റിട്ടും ചിത്രകേതു ദുഃഖിച്ചില്ല. മഹത്തുക്കളുടെ ശാപം പോലും അനുഗ്രഹമാണ് എന്നാണ് ചിത്രകേതു നോക്കിക്കണ്ടത്. ഒരു അമ്മ മകന് കയ്പ്പ് ഉള്ള കഷായം കൊടുക്കുന്നത് മകനെ നശിപ്പിക്കാനല്ല. മറിച്ച് മകനെ ആരോഗ്യവാനായി ഉയര്‍ത്തുവാനാണ്. അതിനാല്‍ അമ്മയുടെ ഈ ശാപവചനത്തെ ഞാന്‍ അനുഗ്രഹമായി സ്വീകരിക്കുന്നു. ശാപമോക്ഷം ആഗ്രഹിക്കുന്നില്ലെങ്കിലും എന്റെ വാക്കുകള്‍ അമ്മയെ വേദനിപ്പിച്ചതിനാല്‍ ക്ഷമ ചോദിക്കുന്നു.
അമ്മയുടെ അനുഗ്രഹത്തിനു നന്ദി.
ചിത്രകേതുവിന്റെ മറുപടി കേട്ട് ശ്രീപാര്‍വതി അതിശയിച്ചു. ഇങ്ങനെയും ആളുകളുണ്ടോ? ശാപവചനമേറ്റിട്ടും ശാന്തനായി ഇരിക്കുന്ന ഇവന് ആര്? ശ്രീപാര്‍വതിയോട് ക്ഷമ പറഞ്ഞ് ചിത്രകേതു മറഞ്ഞപ്പോള്‍ അതിശയിച്ചു നില്ക്കുന്ന പാര്‍വതീദേവിയെ സമാശ്വസിപ്പിക്കും വിധം ശ്രീപരമേശ്വരന് കാര്യങ്ങള്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: