നാളിതുവരെയുള്ള തത്ത്വചിന്തയുടെയും നാഗരികതയുടെയും ചരിത്രം ആശയവാദവും ഭൗതികവാദവും തമ്മിലുള്ള നിതാന്ത സംഘര്‍ഷത്തിന്റെയും സമരത്തിന്റെയും ചരിത്രമാണെന്ന് പറയാം. പ്രാചീന ഭാരതത്തില്‍ ചാര്വാകന്മാരും കണാദന്മാരും മീമാംസകരോടും, ഗ്രീസില്‍ ഭൗതികവാദികളായിരുന്ന ഡെമോക്രീറ്റസ്, എപ്പിക്യൂറസ്, പൈതഗോറസ്, ആര്‍ക്കമിഡീസ്, അനക്സഗോറസ് തുടങ്ങിയവര്‍ സോക്രട്ടീസ്, പ്ലേറ്റോ തുടങ്ങിയവരോടും, മദ്ധ്യയുഗ യൂറോപ്പില്‍ പാഗന്‍ ചിന്താഗതിക്കാര്‍ ക്രൈസ്തവ യോഗികളോടും, നവോത്ഥാനന്തരം ഭൗതികവാദികളായിരുന്ന ജോണ്‍ ലോക്കും ഹോബ്സും സ്പിനോസയും ഗെസേന്ദി, ഫോയര്‍ബാഹ്, മാര്‍ക്സ്, എംഗല്‍സ്, ജോസഫ് ദിത്സെനും ദിദെറോ തുടങ്ങിയവര്‍ ഇമ്മാനുവേല്‍ കാന്റ്, ജോര്‍ജ് ബെര്‍ക്കി ലി, ഏണസ്റ്റ് മാഹ്, ഹെഗല്‍, അവെനാറിയുസ് തുടങ്ങിയവര്‍ തമ്മിലും പ്രധാനമായി നടന്ന തത്ത്വശാസ്ത്ര സമരം ഇതുദാഹരിക്കുന്നു.
ചിന്ത അഥവാ ബോധം പ്രാഥമികമാണെന്നന്നും, അതില്‍ നിന്നാണ് പദാര്‍ത്ഥം അഥവാ ദൃശ്യപ്രപഞ്ചം രൂപംകൊള്ളുന്നതെന്നും വിശ്വസിക്കയും, അതനുസരിച്ച് പ്രതിഭാസങ്ങളെ നിരീക്ഷിക്കുകയും ചെയ്യുന്നവര്‍ ആശയവാദികളുടെ ചേരിയിലും, പദാര്‍ത്ഥം അഥവാ ഭൗതിക പ്രപഞ്ചമാണ് പ്രാഥമികമെന്ന് കരുതുകയും, ചിന്ത അഥവാ ബോധം അല്ലെങ്കില്‍ ആശയം പദാര്‍ത്ഥ വികാസ പരിണാമത്തിലെ ദ്വിതീയമായ ഒരുല്‍പ്പന്നം മാത്രമാണെന്നും കരുതുന്നവര്‍ ഭൗതിക വാദികളുടെ ചേരിയില്‍. തീര്‍ച്ചയായും ലോകത്തിലെ എല്ലാ മതങ്ങളും ആശയം അഥവാ ബോധം പ്രാഥമികമെന്നാണ് കരുതുന്നത്.
ഒരു കാര്യം സത്യമാണ്. ആധുനിക ശാസ്ത്രത്തിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ ആശയവാദത്തിന്റെ സാംഗത്യം സത്യമാണെന്ന് തെളിയിച്ചിട്ടുണ്ട്. ലാര്‍ജ് ഹാഡ്റോണ്‍ കൊളൈഡറില്‍ നടന്ന കണികാപരീക്ഷണത്തിലുടെ ഉല്‍പ്പത്തിയുടെ ആദ്യത്തെ സെക്കന്റിന്റെ ദശലക്ഷത്തിലൊരു സമയത്ത് രൂപംകൊണ്ട ഹിസ് ബോസോണെന്ന പ്രതിഭാസത്തെ കണ്ടെത്താനായതും (ഇത് കണികയെന്ന് പറയപ്പെടുന്നുണ്ടെങ്കിലും അങ്ങിനെയല്ലെന്നും തെളിയിക്കാം),അതുന്നയിക്കുന്ന പ്രപഞ്ച സമസ്യയും നാം കാണുകയും കേള്‍ക്കുകയുമൊക്കെ ചെയ്യുന്ന ഭൗതിക പ്രപഞ്ചം സത്യമാണെന്ന ഭൗതിക വാദികളുടെ കാഴ്ചപ്പാടിനെ നിരാകരിക്കുന്നവയാണ്.
പ്രപഞ്ചത്തിലെ നാല് അടിസ്ഥാന ബലങ്ങളായ ഇലക്ട്രോമാഗ്നറ്റിക് ഫോഴ്സും, ശക്ത ന്യൂക്ലിയര്‍ ബലവും ദുര്‍ബ്ബല ന്യൂക്ലിയര്‍ ബലവും, ഗുരുത്വാകര്‍ഷണബലവും തമ്മിലുള്ള ആകെത്തുക ക്വാണ്ടം ബലതന്ത്രവും പൊതു ആപേക്ഷികതാ സിദ്ധാന്തവുമുപയോഗിച്ച് ഗണിതശാസ്ത്ര പരമായി പൂജ്യമാണെന്ന് തെളിയിക്കാം. അതായത് ഈ ദൃശ്യപ്രപഞ്ചം മായയാണെന്ന് ഗണിതശാസ്ത്രപരമായി തെളിയിക്കാം എന്നര്‍ത്ഥം. കൂടാതെ ഡീബ്രോഗ്ലിയുടെ കണ-തരംഗ സിദ്ധാന്തം (wave Particle theory ) ഹൈസന്‍ ബര്‍ഗിന്റെ അനിശ്ചിതത്ത്വ സിദ്ധാന്തം (uncertainity theory) മാക്സ് പ്ലാങ്കിന്റെ ക്വാണ്ടം സിദ്ധാന്തം, (Probability Theory) ആധുനിക സ്ട്രിംഗ് തിയറി, പ്രപഞ്ചവികാസത്തിലെ എന്‍ട്രോപ്പി സിദ്ധാന്തം എന്നിവയിലൂടെ എത്തിച്ചേരുന്നത് ഭൗതിക വസ്തു അഥവാ ജഡ പ്രപഞ്ചം എന്നൊന്നില്ലെന്ന കണ്ടെത്തലിലാണ്. ഉള്ളത് ആശയം, ചൈതന്യം അഥവാ ബുദ്ധി മാത്രമത്രേ. അതുകൊണ്ടാണ് ആധുനിക ശരീര ക്രിയാശാസ്ത്രത്തിന് മനസ്സ്, വിശ്വമനസ്സ്, ജീവാത്മാവ്, പരമാത്മാവ് എന്നിവ വിശദീകരണത്തിനതീതമായി നിലകൊള്ളുന്നത്.
ഭ്രൂണത്തില്‍ നടക്കുന്ന വിഭേദനം ബോധപൂര്‍വ്വമുള്ള പ്രവൃത്തിയാണ്. അത് ഭൗതികാതീതവുമാണ്.ആത്മീയമായി ജീവന് അസ്തിത്വത്തിന്റെ സത്തയാണ്. സത്തയെന്നാല്‍ ഏറ്റവും മൗലികമായതാണ്. അത് സത്യമാണ്. ജീവപരിണാമത്തില്‍നിന്ന് ലക്ഷക്കണക്കിന് ജീവരൂപങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ജീവ പരിണാമത്തില്‍ നിന്നും രൂപംകൊണ്ട സസ്യങ്ങളും ജന്തുവര്‍ഗ്ഗങ്ങളും നക്ഷത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണെന്ന് നമുക്ക് തോന്നുമെങ്കിലും അവ തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. സസ്യങ്ങളെയും ജന്തുക്കളെയും എന്തുകൊണ്ടാണോ നിര്‍മിച്ചിരിക്കുന്നത്, അതുകൊണ്ടുതന്നെയാണ് നക്ഷത്രങ്ങളെയും നിര്‍മിച്ചിരിക്കുന്നത്.
പ്രപഞ്ചം നിര്‍മിച്ചിരിക്കുന്നത് ജീവന്റെ ഊടിലും പാവിലുമാണ്. ആകാശത്ത് മിന്നിത്തിളങ്ങുന്ന നക്ഷത്രത്തിനും ഉപാണവകണമായ ഇലക്ട്രോണിനും ജീവനുണ്ടെന്നാണ് സൂഷ്മപരിശോധനയില്‍ നമുക്ക് ബോദ്ധ്യപ്പെടുന്നത്. ഇതുതന്നെയാണ് ജെ.സി.ബോസ് ചരാചരങ്ങളിലെല്ലാം ജീവനും ബോധവും ചിന്തയും നിറഞ്ഞു നില്‍ക്കുന്നുണ്ടെന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പേ ശാസ്ത്രീയമായി തെളിയിച്ചതും.അതാണ് ബോധം, കേവലാശയം എന്നൊക്കെയുള്ള വിളിപ്പേരുകളില്‍ ആത്മീയ ചിന്തകര്‍ തങ്ങളുടെ ദര്‍ശനങ്ങള്‍ക്ക് അടിത്തറയായി കല്‍പ്പിക്കപ്പെട്ട ഉണ്മ. പദാര്ത്ഥമെന്നത് സത്യത്തില്‍ ഈ ആശയങ്ങളുടെ മൂര്‍ത്തമായ പ്രതിഭാസിക രൂപംമാത്രമെന്നത്രേ.
രാജേന്ദ്രന് പോത്തനാശ്ശേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: