മുംബൈ: കിഴക്കന്‍ ലഡാക്കില്‍ ചൈനയുടെ കൈയേറ്റ ശ്രമത്തെ ഇന്ത്യയുടെ സൈന്യം ഫലപ്രദമായി നേരിട്ട ഘട്ടത്തില്‍ മുംബൈയില്‍ അഞ്ചു മണിക്കൂര്‍ വൈദ്യുതി മുടങ്ങിയ സംഭവത്തിനു കാരണം ചൈനീസ് സൈബര്‍ ആക്രമണം ആണെന്ന വെളിപ്പെടുത്തലുമായി ന്യൂയോര്‍ക് ടൈംസ് പത്രം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 12 നു രാവിലെ അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങിയതോടെ മുംബൈയും സമീപ പ്രദേശങ്ങളും സ്തംഭിച്ചിരുന്നു. ലോക്കല്‍ ട്രെയിനുകള്‍ നിശ്ചലമായി. ട്രാഫിക് സിഗ്നലുകള്‍ പ്രവര്‍ത്തിച്ചില്ല. ആശുപത്രികളിലെ ശസ്ത്രക്രിയകള്‍ മാറ്റിവച്ചു. ഇതെക്കുറിച്ച് മഹാരാഷ്ട്രാ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ചൈനീസ് നീക്കത്തിന്റെ സാധ്യത കണ്ടെത്തിയത് യുഎസ് സൈബര്‍ സുരക്ഷാ കമ്പനിയായ റെക്കോര്‍ഡഡ് ഫ്യൂച്ചര്‍ ആണ്. പിന്നില്‍ ചൈനീസ് ഗ്രൂപ്പായ റെഡ് എക്കോയാണെന്നും റെക്കോര്‍ഡഡ് ഫ്യൂച്ചര്‍ പറയുന്നു. വൈദ്യുതി പ്രസാരണ കമ്പനിയുടെ സെര്‍വറുകളില്‍ പല അക്കൗണ്ടുകളിലൂടെ കടന്നു കയറാന്‍ ശ്രമമുണ്ടായിട്ടുണ്ടെന്ന കണ്ടെത്തലിനെ സാധൂകരിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഹാക്കിങ് ശ്രമങ്ങളാകാം വൈദ്യുതിമുടക്കത്തിനു പിന്നിലെന്നു സംശയമുണ്ടെന്നും മഹാരാഷ്ട്ര പോലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു.
ചൈനീസ് സര്‍ക്കാരിന്റെ പിന്തുണയോടെ ഹാക്കിങ് സംഘങ്ങള്‍ വ്യാപകമായി സൈബര്‍ ആക്രമണത്തിനു പദ്ധതിയിടുന്നതായി മുന്നറിയിപ്പുണ്ടായിരുന്നു. വൈദ്യുതി പ്രസരണ കമ്പനിയുടെ സെര്‍വറുകളില്‍ ഫെബ്രുവരി മുതല്‍ ഹാക്കിങ് ശ്രമങ്ങള്‍ കണ്ടെത്തിയിരുന്നു. എന്‍ടിപിസി ലിമിറ്റഡ് അടക്കം ഇന്ത്യയിലെ പന്ത്രണ്ടോളം വൈദ്യുതി പ്രസരണ കമ്പനികളുടെ സെര്‍വറുകളില്‍ സൈബര്‍ ആക്രമണത്തിന് റെഡ് എക്കോ പദ്ധതിയിട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: