തിരുവനന്തപുരം: ആഭ്യന്തര ടൂറിസത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്ക് സംസ്ഥാനാന്തര നികുതികളിലും നിരക്കുകളിലും ഏകീകരണം വേണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. വെര്‍ച്വല്‍ കേരള ട്രാവല്‍ മാര്‍ട്ട് തിരുവനന്തപുരത്തെ ഉദയ് പാലസ് കണ്വെന്ഷന് സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് രാജ്യത്തെ ഏറ്റവും വലിയ ടൂറിസം മേളയായ കെടിഎം ഇക്കുറി വെര്‍ച്വലായി നടത്താന്‍ കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി തീരുമാനിച്ചത്. മാര്‍ച്ച് ഒന്ന് തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ അഞ്ച് ദിവസമാണ് കെടിഎമ്മിലെ ബിസിനസ് കൂടിക്കാഴ്ചകള്‍ നടക്കുന്നത്. 500 അന്താരാഷ്ട്ര ബയേഴ്സും 650 ഓളം ആഭ്യന്തര ബയേഴ്സുമാണ് കെടിഎമ്മില്‍ പങ്കെടുക്കുന്നത്. വെര്‍ച്വലായി 15000 ലധികം കൂടിക്കാഴ്ചകളാണ് നടക്കുക.
കൊവിഡാനന്തര കാലത്ത് ആഭ്യന്തര ടൂറിസത്തിന് വലിയ പ്രാധാന്യം കൈവന്നിരിക്കുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. വിദേശരാജ്യങ്ങളില്‍ നിന്ന് വിമാന സര്‍വീസുകള്‍ സാധാരണഗതിയിലായിട്ടില്ല. ഈയവസരത്തില്‍ ടൂറിസം മേഖലയിലും ആത്മനിര്‍ഭര്‍ ഭാരതിന് സാധ്യതയേറിയിരിക്കുകയാണ്. സംസ്ഥാനാന്തര യാത്ര സുഗമമാക്കാന്‍ ടൂറിസം വ്യവസായ പങ്കാളികള്‍ തമ്മില്‍ സഹകരണം ആവശ്യമാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കരകയറാന്‍ പൊതു സ്വകാര്യ പങ്കാളിത്തം വഴി കേരള ട്രാവല്‍ മാര്‍ട്ട് കാണിച്ചു തരുന്നത് തിളങ്ങുന്ന ഉദാഹരണമാണെന്നും ഗവര്‍ണര്‍ അഭിനന്ദിച്ചു.
ടൂറിസം വ്യവസായത്തെ പഴയ പ്രതാപത്തിലേക്ക് തിരികെയെത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കും. ഐക്യരാഷ്ട്ര സഭ മുന്നോട്ടു വച്ചിട്ടുള്ള ടൂറിസം മേഖലയിലെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കണം. ഹരിതം, ശുചിത്വം, സുരക്ഷിതത്വം എന്നതാകണം എല്ലാ ടൂറിസം പ്രവര്‍ത്തനങ്ങളുടെയും ആപ്തവാക്യമെന്നും ഗവര്‍ണര്‍ പറഞ്ഞു. അതിഥികളെ ദൈവത്തിനു തുല്യമായി കാണുന്നതാണ് ഇന്ത്യന്‍ സംസ്ക്കാരം. ഈ സംസ്ക്കാരമാണ് കേരളം ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നത്. ഉത്തരവാദിത്ത ടൂറിസം രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് തന്നെ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡ് പ്രതിരോധ വാക്സിനേഷന് മാര്‍ച്ചോടെ വ്യാപകമാകുമെന്ന് ചീഫ് സെക്രട്ടറി ഡോ. വി പി ജോയി പറഞ്ഞു. ഇതോടെ സംസ്ഥാനാന്തര യാത്ര കൂടുതല്‍ സജീവമാകും. കൊവിഡ് പ്രതിസന്ധിയ്ക്ക് മുമ്പുള്ള സ്ഥിതിയിലേക്ക് ടൂറിസം മേഖലയെ തിരികെയെത്തിക്കാന്‍ കെടിഎമ്മിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര ടൂറിസ്റ്റുകളിലൂടെയാണ് കേരള ടൂറിസത്തിന്റെ പുനരുജ്ജീവനം നടക്കാന്‍ പോകുന്നതെന്ന് ടൂറിസം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ് പറഞ്ഞു. തിരക്കില്ലാത്ത ടൂറിസം കേന്ദ്രങ്ങള്‍ കേരളത്തില്‍ വേണ്ടുവോളമുണ്ട്. പ്രളയത്തിനു ശേഷം സര്‍ക്കാരും സ്വകാര്യ പങ്കാളികളും ചേര്‍ന്ന് ടൂറിസത്തെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവന്നു. കഴിഞ്ഞ രണ്ട് ദശകത്തിലെ വര്ഷത്തിനിടയ്ക്കുള്ള ഏറ്റവും വലിയ വളര്‍ച്ചാനിരക്കാണ് ടൂറിസം മേഖലയില്‍ 2019 ല്‍ ഉണ്ടായതെന്നും അവര്‍ പറഞ്ഞു.
കൊവിഡ് പ്രതിസന്ധിക്കു ശേഷം ടൂറിസം വ്യവസായം തിരിച്ചു വരുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്ത സഹായം ചെറുതല്ലെന്ന് കെടിഎം പ്രസിഡന്റ് ബേബി മാത്യു സോമതീരം പറഞ്ഞു. ആ വെല്ലുവിളി അതിജീവിച്ച് തിരികെയെത്തിയ ആദ്യ വ്യവസായം ടൂറിസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി പൊതു-സ്വകാര്യ പങ്കാളിത്തം എത്രമാത്രം പ്രധാനമാണെന്നതിന്റെ ഉദാഹരണമാണ് കെടിഎം എന്ന് സംസ്ഥാന ടൂറിസം ഡയറക്ടര്‍ വി ആര് കൃഷ്ണ തേജ പറഞ്ഞു. ടൂറിസം മേഖലയിലെ എല്ലാ തലങ്ങളിലുള്ളവരെയും ഉള്‍ക്കൊള്ളുന്നതാണ് കെടിഎം എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ടൂറിസം റീജണല്‍ ഡയറക്ടര്‍ ഡി വെങ്കിടേശന്, കെടിഎം സെക്രട്ടറി ജോസ് പ്രദീപ്, മുന്‍ പ്രസിഡന്റുമാരായ ഏബ്രഹാം ജോര്‍ജ്ജ്, ഇ എം നജീബ്, നഗരസഭാംഗം എസ് സതികുമാരി തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: