മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മുംബൈയിലെ വീടിന് പുറത്ത് ജലാറ്റിനുമായി വാഹനം കണ്ടെത്തിയ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ജയ്ഷ് ഉല്‍ ഹിന്ദ്. ടെലിഗ്രാം ആപ്പില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്. എന്നാല്‍ ഇക്കാര്യത്തില്‍ മുംബൈ പൊലീസില്‍നിന്ന് സ്ഥിരീകരണത്തിനായി കാക്കുകയാണ്. ശതകോടീശ്വരനായ മുകേഷ് അംബാനിയില്‍നിന്ന് ബിറ്റ്‌കോയിന്‍ വഴി പണവും ജയ്ഷ് ഉല്‍ ഹിന്ദ് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞമാസം ദല്‍ഹിയിലെ ഇസ്രയേലി എംബസിക്കു സമീപത്തെ സ്‌ഫോടനം അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) ഇസ്രയേലി ഇന്റലിജന്‍സ് ഏജന്‍സിയായ മൊസാദുമായി കൈകോര്‍ത്തുവെങ്കിലും പരാജയപ്പെട്ടതായി അവകാശപ്പെട്ട് അന്വേഷണ ഏജന്‍സിയെ സന്ദേശത്തില്‍ സംഘടന വെല്ലുവിളിക്കുന്നു. ഇസ്രയേലി എംബസിക്കു സമീപം നടന്ന ചെറു സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തവും നേരത്തേ ഇതേ സംഘടന അവകാശപ്പെട്ടിരുന്നു.
സ്‌കോര്‍പിയോയില്‍ കാണിച്ചിരിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ അംബാനിയുടെ സുരക്ഷാ വിഭാഗത്തിലെ വാഹനത്തിന്റേതുമായി സാമ്യമുണ്ട്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് വാഹനം കണ്ടെത്തിയത്. പ്രദേശവാസികള്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് എത്തി പരിശോധന നടത്തുകയായിരുന്നു. 2.6 കിലോ വരുന്ന സ്‌ഫോടക വസ്തു കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
അംബാനിയുടെ വീടിന് സമീപം വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞയാള്‍ സുരക്ഷിതമായി വീട്ടില്‍ തിരിച്ചെത്തിയെന്നും സന്ദേശത്തില്‍ പറയുന്നു. ഇത് ട്രെയിലര്‍ മാത്രമെന്നും വലുത് വരാനാരിക്കുന്നതേയുള്ളൂവെന്നും തുടര്‍ന്ന് സന്ദേശത്തില്‍ ഭീഷണി മുഴക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: