തേഞ്ഞിപ്പലം: ദക്ഷിണ മേഖലാ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ അണ്ടര്‍ 16 പെണ്‍കുട്ടികളുടെ ലോങ്ജമ്പ് മത്സരം. അധികരമാരുടെയും ശ്രദ്ധയില്‍പ്പെടാതെ ടേക്ക് ഓഫിന് മുമ്പുള്ള റണ്‍വേയില്‍ ഒരു കായികതാരം. ലക്ഷദ്വീപില്‍ നിന്നുള്ള മുബ്സ്സിന മുഹമ്മദ്. ഒടുവില്‍ മുബ്സ്സിനയുടെ ടേക്ക് ഓഫ് ചരിത്രത്തിലേക്കായിരുന്നു. ലക്ഷദീപിന്റെ കായിക ചരിത്രത്തില്‍ ഇതുവരെ ആര്‍ക്കും നേടാന്‍ കഴിയാതിരുന്ന ഒരു സ്വപ്‌നത്തിലേക്കായിരുന്നു മുബ്സ്സിനയുടെ ജമ്പ്. ഇന്ത്യന്‍ കായിക ചരിത്രത്തിലാദ്യമായി ലക്ഷദ്വീപിന് ഒരു മെഡലാണ് മുബ്സ്സിനയുടെ ചാട്ടത്തിലൂടെ സ്വന്തമായത്. മുബ്സ്സിന നേടിയത് വെങ്കലമാണെങ്കിലും അതിന് സ്വര്‍ണത്തേക്കാള്‍ ശോഭയാണ്.
5.45 മീറ്റര്‍ ചാടിയാണ് ലക്ഷദ്വീപിനായി മുബസ്സീന ജമ്പിങ് പിറ്റില്‍ വെങ്കല പതക്കം സ്വന്തമാക്കിയത്. ലക്ഷദ്വീപ് കായിക യുവജന വകുപ്പിലെ പരിശീലകനായ അഹമ്മദ് ജവാദ് ഹസന്‍ ആണ് മിനിക്കോയ് ദ്വീപില്‍ നിന്നുള്ള മുബ്സ്സിനയെന്ന പതിനഞ്ചുകാരിയെ മെഡല്‍ നേട്ടത്തിലേക്ക് എത്തിച്ചത്. മുബ്സ്സിനയെ മിനിക്കോയില്‍ നിന്നും ആന്ത്രോത്ത് ദ്വീപില്‍ എത്തിച്ചാണ് അഹമ്മദ് പരിശീലനം നല്‍കിയത്. നല്ലൊരു മൈതാനമോ ജമ്പിങ് പിറ്റോ ഇല്ലാത്ത ദ്വീപിലെ പൂഴിമണലിലായിരുന്നു പരിശീലനം. ആന്ത്രോത്തില്‍ സായി സെന്റര്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ഇവിടെ ഹോസ്റ്റല്‍ സൗകര്യമോ മൈതാനമോയില്ല. രണ്ടു മാസം മുന്‍പ് പരിശീലനം അവസാനിപ്പിച്ചു മുബസ്സീന മിനിക്കോയിലേക്ക് മടങ്ങിയിരുന്നു.
പിന്നീട് ഫോണിലൂടെ അഹമ്മദ് നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചായിരുന്നു മിനിക്കോയിലെ പൂഴിമണലില്‍ മുബ്സ്സിനയുടെ പരിശീലനം. പിന്തുണയുമായി ലക്ഷദ്വീപിന്റെ മുന്‍ ദീര്‍ഘദൂര അത്‌ലറ്റായ പിതാവ് മുഹമ്മദും മാതാവ് മുബീന ബാനുവും ഒപ്പമുണ്ടായിരുന്നു. ദേശീയ മീറ്റുകളില്‍ പങ്കെടുക്കാന്‍ എത്തുമ്പോള്‍ മാത്രമാണ് ലക്ഷദ്വീപിലെ കായിക താരങ്ങള്‍ സിന്തറ്റിക് ട്രാക്കും ജമ്പിങ് പിറ്റുകളും കാണുന്നത് തന്നെ. ലക്ഷദ്വീപ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഫണ്ട് അനുവദിക്കാത്തതിനാല്‍ ഗുവാഹത്തിയില്‍ നടന്ന ദേശീയ ജൂനിയര്‍ മീറ്റില്‍ പങ്കെടുക്കാന്‍ മുബസ്സീന അടക്കമുള്ള കായിക താരങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. മുബസ്സീന ഉള്‍പ്പെടെ 11 കായിക താരങ്ങള്‍ ട്രാക്കിലിറങ്ങാന്‍ കടല്‍ക്കടന്ന് തേഞ്ഞിപ്പലത്തേക്ക് എത്തിയതു സ്വന്തം പണം മുടക്കിയാണ്. മിനിക്കോയ് ജിഎസ്എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മുബ്സ്സിന. മുഹ്‌സീന, മുഹമ്മദ് മുഹസിര്‍, മുഹൈന എന്നിവര്‍ ഈ മിടുക്കിയുടെ സഹോദരങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: