വാഷിങ്ടണ്‍: യുഎസ് ആസ്ഥാനമായ മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയ ഓപ്പറേഷന് സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് അംഗീകാരമോ ഉത്തരവോ നല്‍കിയിരുന്നെന്ന യുഎസ് രഹസ്യാന്വേഷണ വിഭാഗം. 2018 ഒക്ടോബര്‍ രണ്ടിന് തുര്‍ക്കി ഈസ്താംബൂളിലുള്ള സൗദി കോണ്‍സുലേറ്റില്‍വെച്ചാണ് അമ്പത്തൊമ്പതുകാരനായ ഖഷോഗി കൊല്ലപ്പെട്ടത്. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നയങ്ങളെ വിമര്‍ശിച്ച് വാഷിംഗ്ടണ്‍ പോസ്റ്റിനായി അഭിപ്രായ കോളങ്ങള്‍ എഴുതിയ യുഎസ് നിവാസിയായ ഖഷോഗി തുര്‍ക്കിയിലെ ഇസ്താംബൂളിലെ കോണ്‍സുലേറ്റില്‍ രാജകുമാരനുമായി ബന്ധമുള്ള ഒരു സംഘം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തുകയായിരുന്നു. അന്നു തന്നെ കൊലയില്‍ സല്‍മാന്റെ പങ്ക് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നെങ്കിലും സൗദി ഭരണകൂടം അത് അംഗീകരിച്ചിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് കൂടി വന്നതോടെ സൗദി കീരിടാവകാശി വിഷയത്തില്‍ പ്രതിക്കൂട്ടിലായി. ആദ്യമായിട്ടാണ് കൊലയ്ക്കുപിന്നില്‍ സല്മാന് പങ്കുണ്ടെന്ന് ഔദ്യോഗികമായി അമേരിക്ക ആരോപിക്കുന്നത്.
റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ യുഎസ് കടുത്ത നടപടിയുമായി രംഗത്തെത്തി. കേസില്‍ ബന്ധമുള്ള സൗദി അറേബ്യന്‍ പൗരന്മാര്ക്കെതിരെ ബൈഡന് ഭരണകൂടം വിസ ഉപരോധം ഏര്പ്പെടുത്തുകായായിരുന്നു. എന്നാല്‍, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ഉപരോധം ഏര്‍പ്പെടുത്തിയിട്ടില്ല. സൗദി രഹസ്യാന്വേഷണ വിഭാഗം മുന്‍ മേധാവി അഹമ്മദ് അല്‍ അസിരിക്കും, സൗദി റോയല്‍ ഗാര്‍ഡിന്റെ ആര്‍ഐഎഫിനും യുഎസ് ട്രഷറി വകുപ്പാണ് ഉപരോധം ഏര്‍പ്പെടുത്തിയത്. ഇവരുടെ കുടുംബാംഗങ്ങള്‍ക്കും വിലക്ക് ബാധകമായിരിക്കും.
ഖഷോഗിയെ വ്യക്തിവൈരാഗ്യത്തെത്തുടര്‍ന്ന് കൊലപ്പെടുത്താന്‍ സല്മാന് തീരുമാനിക്കുകയായിരുന്നെന്നും, മരണത്തില്‍ സല്മാന് വ്യക്തമായ പങ്കുണ്ടെന്നും തെളിയിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് മണിക്കൂറുകള്‍മുമ്പ് ബൈഡന് സൗദി ഭരണാധികാരിയുമായി ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. മനുഷ്യാവകാശത്തിനും നിയമവാഴ്ചയ്ക്കും അമേരിക്ക നല്കുന്ന പ്രധാന്യത്തെക്കുറിച്ചാണ് ബൈഡന് അദ്ദേഹത്തോട് സംസാരിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: