തൃശൂര്‍: അന്തരീക്ഷതാപം ക്രമാതീതമായി ഉയര്‍ന്നിരിക്കുന്നതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി. സൂര്യാഘാതം, സൂര്യതപം, നിര്‍ജലീകരണം എന്നിവയില്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്കി. പകല്‍ 11 മുതല്‍ 3 മണി വരെ നേരിട്ട് വെയില് കൊള്ളുന്നത് ഒഴിവാക്കണമെന്നും തൊഴിലുറപ്പ്-കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ ജോലി സമയം ക്രമീകരിക്കുമെന്നും നിര്‍ദ്ദേശമുണ്ട്.
മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍
*ധാരാളമായി വെള്ളം കുടിക്കണം
* ചായ,കാപ്പി ,സോഫ്റ്റ് ഡ്രിങ്സ് പകല്‍ സമയത്ത് കുറക്കുക.
*അയഞ്ഞ, കട്ടി കുറഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
*പരീക്ഷാക്കാലമായതിനാല്‍ ക്ലാസ് മുറികളില്‍ വായുസഞ്ചാരം, ശുദ്ധജല ലഭ്യത ഉറപ്പാക്കണം.
*പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയവര്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
* നേരിട്ട് സൂര്യപ്രകാശം ഏല്ക്കുന്ന തൊഴിലുകളിലുള്ളവര് പകല്‍ സമയങ്ങളില്‍ ആവശ്യമായ വിശ്രമം എടുക്കാന്‍ ശ്രദ്ധിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യണം.
* സംസ്ഥാനത്തെ തൊഴില്‍ സമയം പുനഃക്രമീകരിച്ചു കൊണ്ട് ലേബര്‍ കമ്മീഷ്ണര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അവ പാലിക്കുവാന്‍ തൊഴില്‍ ദാതാക്കള്‍ സന്നദ്ധരാവേണ്ടതാണ്.
* ഭക്ഷണങ്ങളില്‍ കൂടുതല്‍ പഴ വര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തണം.
*വളര്‍ത്തു മൃഗങ്ങള്‍ക്ക് തണല്‍ ഉറപ്പു വരുത്താനും പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും വെള്ളം ലഭ്യമാക്കാനും ശ്രദ്ധിക്കേണ്ടതാണ്.
*ചൂട് മൂലമുള്ള തളര്‍ച്ചയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ശ്രദ്ധയില്‍ പെട്ടാല്‍ പെട്ടെന്ന് തന്നെ പ്രഥമ ശുശ്രൂഷ നല്‍കാനും വൈദ്യ സഹായം എത്തിക്കാനും ശ്രദ്ധിക്കണം.
സൂക്ഷിക്കണം സൂര്യാഘാതം
അന്തരീക്ഷതാപം ഒരുപരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസം നേരിടുകയും ചെയ്യും. ഇതിനെത്തുടര്‍ന്ന് ശരീരത്തിന്റെ നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുന്ന അവസ്ഥയാണ് സൂര്യാഘാതം. വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട നാവ്, ശരീരത്ത് ചുവന്ന നിറം, കുമിളകള്‍ പ്രത്യക്ഷപ്പെടുക, നാഡിമിടിപ്പ് കുറയുക, ശക്തിയായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ബോധം നഷ്ടപ്പെടാനും സാധ്യതയുണ്ട്. സൂര്യാഘാതം ഏറ്റാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ജെ റീന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: