വടക്കാഞ്ചേരി: മച്ചാടിന്റെ മാമാങ്ക ഭൂമിയില്‍ വീണ്ടും കുതിരാരവം മുഴങ്ങി. ആചാര വൈവിധ്യങ്ങള്‍ കൊണ്ട് സമ്പന്നമായ മച്ചാട് മാമാങ്കം ആഘോഷിച്ചു. പൊടിപടലങ്ങള്‍ക്കിടയിലൂടെ ഓംങ്കാരാരവങ്ങളുടെ അകമ്പടിയോടെ പൊയ്ക്കുതിരകള്‍ പാടശേഖരങ്ങള്‍ കടന്നെത്തിയത് വിസ്മയക്കാഴ്ചയൊരുക്കി. തിറയും പൂതനും കുംഭക്കുടങ്ങളുമൊക്കെ ദൃശ്യവിരുന്നായി.
പനങ്ങാട്ടുകര, തെക്കുംകര, പുന്നം പറമ്പ് എന്നി വിഭാഗങ്ങള്‍ ഊഴമിട്ട് നടത്തുന്ന പൂരത്തിന്റെ നടത്തിപ്പു ചുമതല ഇത്തവണ പനങ്ങാട്ടുകര വിഭാഗത്തിനായിരുന്നു. തെക്കുംകര വിരുപ്പാക്ക രണ്ട്, മണലിത്തറ മൂന്ന്, കരുമത്ര രണ്ട്, മംഗലം ഒന്ന്, പാര്‍ളിക്കാട് ഒന്ന് എന്നിങ്ങനെയാണ് ദേശങ്ങള്‍ ഉത്സവത്തില്‍ കുതിരകളെ എഴുന്നെള്ളിച്ചത്.
ഇന്നലെ രാവിലെ നടതുറന്ന്, വിശേഷാല്‍ പൂജ ഗണപതി ഹോമം എന്നിവയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഉച്ചയോടെ തട്ടകദേശക്കാരുടെ കുതിര വരവ്, മണലിത്തറ ദേശക്കാരുടെ കുംഭക്കുടം എന്നിവയോടെ വേല ആരംഭിച്ചു. തുടര്‍ന്ന് ക്ഷേത്രാങ്കണത്തില്‍ മേജര്‍സെറ്റ് മേളം നടന്നു. വൈകിട്ട് കുതിരകളുടെ എഴുന്നള്ളിപ്പും പുതന്‍, തിറ, മീത്തികുന്ന്, മങ്കര, മണലിത്തറ, പുന്നം പറമ്പ്, കരുമത്ര കോളനികളുടെ വേല കാവേറ്റവും നടന്നു. സന്ധ്യയ്ക്ക് നിറമാല, സമ്പൂര്‍ണ്ണ നെയ് വിളക്ക്, ദീപാരാധന എന്നിവയുമുണ്ടായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: