കോവിഡിന്റെ ലോകവ്യപനം വ്യവസായ രംഗങ്ങളിലും റോഡ് ഗതാഗതത്തിലും വിനോദസഞ്ചാരത്തിലും അപ്രതീക്ഷിതമായ കുറവുണ്ടാക്കി. പ്രകൃതിയുമായുള്ള മനുഷ്യരുടെ പരിമിതമായ ഇടപെടല്‍ പ്രകൃതിക്കും പരിസ്ഥിതിക്കും ഗുണകരമായി. അതേസമയം സോപ്പുപയോഗിച്ചുള്ള കൈകഴുകലും കൈകള്‍ അണുവിമുക്തമാക്കുന്ന അണുനാശിനികളുടെ ഉപയോഗവും കോവിഡ് 19 മഹാവ്യധിയുടെ സമയത്ത് അത്യധികമായി വര്‍ദ്ധിച്ചു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും സോപ്പിന്റെ ഉപയോഗവും വര്‍ദ്ധിച്ചു. വീട്ടിലെയും ഓഫിസുകളിലെയും പൊതുസ്ഥലങ്ങളിലെയും ശുചിയാക്കല്‍, തുണി കഴുകല്‍, ഷാമ്പൂപോലുള്ള വ്യക്തിഗത പരിചരണ ഉത്പന്നങ്ങള്‍ എന്നിയെല്ലാം ഇതില്‍ ഉള്‍പ്പെടും. കൈകളുടെ ശരിയായ ശുചിത്വം, പൊതുവായ ശുചിത്വം എന്നിവയാണ് വൈറസ്സിന്റെ വ്യാപനത്തെ തടയാന്‍ പ്രധാനമായും നിര്‍ദ്ദേശിക്കപ്പെട്ട വഴികള്‍. ത്വക്കിലെ ചൊറിച്ചില്‍, വരള്‍ച്ച എന്നിവപോലുള്ള സോപ്പിന്റെയും ആല്‍ക്കഹോളിന്റെയും അമിത ഉപയോഗത്തിന്റെ പാര്‍ശ്വഫലങ്ങളെപ്പറ്റി നമുക്കറിയാമെങ്കിലും വൈറസ്സ് മഹാവ്യധിയുടെ കാലത്ത് ത്വക്കാണോ ജീവിതമാണോ വലുത് എന്നതിനാല്‍ നമ്മളത് ഗൗരവത്തിലെടുത്തില്ല. ജീവന് സംരക്ഷിക്കാനുള്ള തീവ്രമായ പരിശ്രമത്തിനിടയില്‍ ഇവയുണ്ടാക്കുന്ന പാരിസ്ഥിതിക ആപത്തുകളെപ്പറ്റി വളരെ കുറച്ചുപേര്‍ മാത്രമേ ആലോചിച്ചിട്ടുണ്ടാകു. എല്ലായ്പ്പോഴത്തെയും പോലെ ”അതൊന്നുമെന്റെ വേവലാതിയല്ലു’ എന്ന മനേഭാവം. ഇക്കാലത്ത് ലോകകമ്പോളത്തില്‍ സോപ്പിന്റെയും കൈകഴുകാനുള്ള അണുനാശിനികളുടെയും വില്‍പ്പന അഭൂതപൂര്‍വ്വമായി വര്‍ദ്ധിച്ചു. ഇവയുടെ വര്‍ദ്ധിച്ചുവരുന്ന ഉപയോഗത്തിനാല്‍ നമുക്കു നേരിടേണ്ടി വരുന്ന അപകടത്തെക്കുറിച്ച് മനസ്സിലാക്കുവാന്‍ ഒന്നു ചിന്തിച്ചാല്‍ മതിയാകും. ഇതിന്റെ പ്രത്യാഘാതം കൃത്യമായ അളവില്‍ മനസ്സിലാക്കുവാന്‍ അവശ്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
പെട്രോളിയം രാസസംയുക്തങ്ങളാണ് സോപ്പുകളിലെ അഴുക്കുകളയുന്ന സജീവഘടകങ്ങള്‍, അതേസമയം കൈകള്‍ അണുവിമുക്തമാക്കുന്നതിന് നിര്‍ദ്ദേശിക്കപ്പെട്ടവയില്‍ ആകട്ടെ വളരെ ഉയര്‍ന്ന അളവിലുള്ള ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്നു. ബാക്ടീരിയകളുടെയും വൈറസ്സുകളുടെയും കോശഭിത്തി ഭേദിച്ചുകൊണ്ടാണ് സോപ്പോ അഴുക്കുകളയുന്ന വസ്തുക്കളോ സൂഷ്മജീവികളെ കൊല്ലുന്നത്. ആല്‍ക്കഹോള്‍ സൂക്ഷ്മജീവികളുടെ കൊഴുപ്പുപാളികളെ അലിയിച്ച് അവയെ നശിപ്പിക്കുന്നു. സ്വന്തം സുരക്ഷയ്ക്കായി ഈ വസ്തുക്കള്‍ ധാരാളമായി ഉപയോഗിക്കുമ്പോള്‍ ഇതിന്റെ മറുവശത്തെക്കുറിച്ച് ചിന്തിക്കാന്‍ നാം മറക്കുന്നു.
വീടുകളില്‍ നിന്നും മറ്റ് സ്ഥാപനങ്ങളില്‍ നിന്നും പുറന്തള്ളുന്ന മലിന ജലത്തില്‍ സോപ്പിന്റെയും ആല്‍ക്കഹോളിന്റെയും തോത് വര്‍ദ്ധിച്ചു. രാസപദാര്ത്ഥങ്ങളുടങ്ങിയ ഡിറ്റര്‍ജന്റുകളും സര്ഫാക്റ്റന്റുകളും നിറഞ്ഞ മാലിന്യങ്ങള്‍ എളുപ്പത്തില്‍ പരിസ്ഥിതിയില്‍നിന്നും നശിപ്പിക്കാവുന്നവയല്ല, ഇവ പരിസ്ഥിതിയില്‍ ദീര്‍ഘനാള്‍ തങ്ങിനില്ക്കുകയും പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുകയും ചെയ്യുന്നു. ഇവയുടെ വിഷാംശം സൂക്ഷ്മജീവികള്‍ മുതല്‍ മനുഷ്യരാശിയെ വരെ എങ്ങനെ ബാധിക്കുന്നു എന്നതിനെകുറിച്ച് ഏറെ ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്. ജലസ്രോതസ്സുകളിലെ ഹൈഡ്രോകാര്‍ബണുകളുടെയും കീടനാശിനികളുടെയും തോത് ഇവ വര്‍ദ്ധിപ്പിക്കുക മാത്രമല്ല ”ആന്റിബയോട്ടിക്ക് റസിസ്റ്റന്‍സ്’ എന്ന വളരെ ഭയാനകമായ ഒരു സ്ഥിതിവിശേഷത്തിന് കാരണമാകുന്നു. മലിനജല ശുദ്ധീകരണ കേന്ദ്രങ്ങളില്‍ ഇവ കൈകാര്യം ചെയ്യുന്നത് ഒരു വെല്ലുവിളി ആണെന്ന് മാത്രമല്ല ഇവ പതഞ്ഞുപൊങ്ങുകയും, ജൈവവസ്തുക്കളുടെ ജീര്‍ണ്ണന പ്രകിയയ്ക്ക് തടസ്സമാകുകയും ചെയ്യുന്നു. അത് സസ്യങ്ങളെയും മൃഗങ്ങളെയും പ്രതികൂലമായി ബാധിക്കും. ആല്‍ക്കഹോളിന്റെയും ഐസൊപ്രൊപ്പൈല് ആല്‍ക്കഹോളിന്റെയും അവശിഷ്ടങ്ങള്‍ ജലാശയങ്ങളില്‍ അടിഞ്ഞുകൂടുന്നു. അത് ജലജീവികള്‍ക്ക് വിഷമയമായി മാറുന്നു.അത് മണ്ണില്‍ അടിഞ്ഞുകൂടുകയും മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവന് ഭീഷണിയായി മാറുകയും ചെയ്യുന്നു. കൈകഴുകാനുള്ള അണുനാശിനികളിലെ മെത്തനോള്‍ കലരുക വഴി ഈ സാഹചര്യം കൂടുതല്‍ വഷളാകും.
സര്ഫാമക്റ്റന്റുകള്, ആല്‍ക്കഹോള്‍, ഹൈഡ്രജന്‍ പെറോക്സൈഡുകള്‍, ആന്റിബയോട്ടിക്കുകള്‍ മുതലായ സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്ന വസ്തുക്കളുടെ അമിതമായ ഉപയോഗം മൂലം സൂക്ഷ്മാണുക്കള്‍ക്ക് നശീകരണികളോടുള്ള പ്രതിരോധം വര്‍ദ്ധിപ്പിക്കുന്നത്, മറ്റൊരു പ്രധാനപ്പെട്ട അപകടമാണ്. സ്വാഭാവികമായ പരിസ്ഥിതിയില്‍ അണുനാശിനികളോടുള്ള സൂക്ഷ്മാണുക്കളുടെ പ്രതിരോധം ഉണ്ടാകുന്നതില്‍ നിര്‍ണ്ണായകമായ ഒരു പങ്ക് ആല്‍ക്കഹോളിനുണ്ട്. സൂക്ഷ്മണുനശീകരണത്തിനായി സോപ്പുകളില്‍ ചേര്‍ക്കുന്ന സൂക്ഷ്മാണു നശീകരണവസ്തുക്കളും പരിസ്ഥിതിയില്‍ തങ്ങിനില്ക്കുന്നു. രോഗാണുക്കളിലെ ജനിതകപരിവര്‍ത്തനത്തിലൂടെ അവയ്ക്ക് ഒന്നിലേറെ ആന്റീബയോട്ടിക്കുകളോട് പ്രതിരോധം ഉണ്ടാകുകയും ചെയ്യും. ഒരു ഡോസ് മരുന്നുകൊണ്ട് സാധാരണ ഗതിയില്‍ ഭേദപ്പെട്ടിരുന്ന അണുബാധ ഇനി അത്രയും വേഗം ശരിയാകുകയില്ല എന്നുറപ്പ്. മരുന്നുചേര്‍ത്ത സോപ്പുകളുടെയും കൈകഴുകാനുള്ള അണുനാശിനികളുടെയും അമിതമായ ഉപയോഗത്തിനാല്‍ മനുഷ്യനും പരിസ്ഥിതിക്കും ഉണ്ടാകുന്ന വിനാശകാരിയായ ആഘാതത്തെക്കുറിച്ച് ചിന്തിക്കുവാനുള്ള സമയമായിരിക്കുന്നു.
ഇനിയെന്ത്? അവയ്ക്ക് പകരം പ്രകൃതിയോടിണങ്ങിയ സ്വാഭാവിക ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുക എന്നതാണ് ഒരു പരിഹാര നിര്‍ദ്ദേശം. പെട്രോളിയം രാസവസ്തുക്കള്‍ അടിസ്ഥാനമാക്കിയുള്ള സോപ്പുകള്‍ക്കും ആല്‍ക്കഹോള്‍ അധിഷ്ഠിതമായ കൈകഴുകല്ഉത്പന്നങ്ങള്ക്കും പകരമായി പ്രകൃതിയോടിണങ്ങിയ, അഴുക്ക് മാറ്റുന്നതും അണുനശീകരണം നടത്തുന്നതുമായ അനേകം വസ്തുക്കളുണ്ട്. സൂക്ഷ്മജന്തുക്കളിലും സസ്യങ്ങളിലും അണുനശീകരണശേഷിയുള്ള പല പദാര്‍ത്ഥങ്ങളും അടങ്ങിയിട്ടുണ്ട്. പ്രകൃതിദത്തമായ മിശ്രിതങ്ങള്‍ ജീര്‍ണ്ണിക്കുന്നവയും, പരിസ്ഥിതിക്ക് വിഷമയമല്ലാത്തതും, മനുഷ്യനുമായി ജൈവപരമായി പൊരുത്തമുള്ളവയുമാണ്. സ്വയമേയുളള വിലയിരുത്തലും, സോപ്പിന്റെയും, അണുനാശിനികളുടെയും ഉപയോഗം സാദ്ധ്യമാകുന്നിടത്തോളം കുറയ്ക്കുന്നതുമാണ് ഏറ്റവും ഉചിതമായ മാര്‍ഗ്ഗം. ഇതിനര്‍ത്ഥം കോവിഡിനെ വിളിച്ചുവരുത്തണം എന്നല്ല. എപ്പോള്‍ ഉപയോഗിക്കണം എപ്പോള്‍ വേണ്ട, എത്രമാത്രം ഉപയോഗിക്കണം എന്നൊക്കെ വിവേകത്തോടെയും യുക്തിപരമായും ചിന്തിച്ച് തീരുമാനം എടുക്കുക. ഭൂമിയെയും നമ്മുടെ കുഞ്ഞുങ്ങളെയും സംരക്ഷിക്കുക.
ഡോ. ജയശ്രീ ആര്. എസ്
സയന്റിസ്റ്റ്, ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി
തിരുവനന്തപുരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: