ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ്, കോട്ടയത്തെ പഴയകാല സ്വയംസേവകന് ‘ഗുരു’ വിളിച്ച്, തന്നോടൊപ്പം അവിടെ ശാഖാ പ്രവര്‍ത്തനങ്ങളില്‍ സക്രിയനായിരുന്ന ശിവകുമാര്‍ അന്തരിച്ച വിവരം അറിയിച്ചു. ആ സമയത്ത് വലിയ നഷ്ടബോധം അനുഭവിച്ചു. ഞാന്‍ കോട്ടയത്ത് ജില്ലാ പ്രചാരകനായിരുന്ന മൂന്നു വര്‍ഷവും അതിനുശേഷം വളരെക്കാലത്തേക്കും ശിവകുമാറിന്റെ അച്ഛന് ‘പന്തല്‍’ ശിവരാമന് നായരുടെയും ഹൃദയംഗമമായ സഹവാസം അനുഭവിച്ചുവന്നു. കോട്ടയത്തെ താലൂക്ക് പ്രചാരകനായിരുന്നത് കെ. മാധവന് ഉണ്ണിയായിരുന്നു കോട്ടയത്തെ പഴയ സ്വയംസേവകര്‍ക്ക് ഉണ്ണിയോടുള്ള സ്നേഹത്തിന് ഇന്നും കുറവു വന്നിട്ടില്ല. ശിവകുമാറും അനുജന്മാരും അക്കാലത്തു സ്കൂള്‍ വിദ്യാര്‍ത്ഥികളായിരുന്നുവെങ്കിലും പന്തല്‍ പണിയുടെ ആവശ്യത്തിനുവേണ്ട നിര്‍മാണം, കലാസംവിധാന വൈദ്യുതീകരണം എന്നിവയിലും ഏര്‍പ്പെട്ടു വന്നിരുന്ന എല്ലാവരും താന്താങ്ങളുടെ മേഖലകളില്‍ മുദ്ര പതിപ്പിച്ചവരാണ്. ശിവകുമാറിന്റെ അനുജന് നല്ല ചിത്രകാരനായിരുന്നു. അദ്ദേഹം വരച്ച ശിവാജിയുടെ ഒരു എണ്ണച്ചായ ചിത്രം എളമക്കരയിലെ പ്രാന്തകാര്യാലയച്ചുവരില് വച്ചിരുന്നു.
ശിവകുമാറിനെപ്പറ്റിയുള്ള ഒട്ടേറെ ചൈതന്യവത്തായ ഓര്‍മകളുണ്ട്. അവയിലൊന്ന് കോട്ടയം ജില്ലയിലെ തലമുതിര്‍ന്ന സംഘപരിവാര്‍ പ്രവര്ത്തകന് പിഎന്എസ്സിന്റെ പൊതുപ്രവര്‍ത്തനത്തിന്റെ 50-ാം വാര്‍ഷികം പ്രമാണിച്ച് അദ്ദേഹത്തിന്റെ അഭിനന്ദന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴത്തെതാണ്. ഞാന്‍ നേരത്തെ കോട്ടയത്തെത്തി നേരെ തിരുനക്കര വടക്കെ നടയിലുള്ള ശിവകുമാറിന്റെ കൊട്ടാരത്തില്‍ വീട്ടിലെത്തി. വീടടച്ചിട്ടിരിക്കുന്നു. ബെല്ലമര്‍ത്തിയപ്പോള്‍ ഉറക്കത്തിലായിരുന്ന ശിവകുമാര്‍ കണ്ണും തിരുമ്മി വാതില്‍ തുറന്നു. വീട്ടില്‍ എല്ലാവരും ഏതോ ബന്ധുവിന്റെ വിവാഹത്തിനു പോയിരിക്കുന്നു. താന്‍ തലേ രാത്രിയിലെ അധ്വാനം കഴിഞ്ഞ് വന്നു കിടന്നതാണ്. ഒരുമിച്ചിരുന്ന് ഒരുപാട് വിശേഷങ്ങള്‍ പറഞ്ഞു. ശിവകുമാറിനുള്ള ഭക്ഷണം തയ്യാറാക്കി വച്ചിട്ടാണ് വീട്ടുകാര്‍ പോയത്. അതു പങ്കിട്ട് ഞങ്ങള്‍ പിഎന്എസ്സിന്റെ പരിപാടിക്കുപോയി.
അതിനും ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് കുമാരനല്ലൂര്‍ ഹൈസ്കൂളില്‍ പ്രാന്തീയ കാര്യകര്‍തൃ ബൈഠക് നടന്ന വേളയില്‍ അവിടെ താമസിക്കാന്‍ ചെയ്തിരുന്ന ഏര്‍പ്പാടുകള്‍ മതിയാകാതെ വന്നു. നേരത്തെ സ്ഥലത്തെത്തിയപ്പോള്‍ തന്നെ ശിവകുമാറിനെ കണ്ടിരുന്നു. സ്കൂളില്‍ എല്ലാവര്ക്കും ഒരുമിച്ചു കഴിയാന്‍ വിഷമമായിരിക്കുമെന്നും തന്റെ കൂടെ താമസിക്കാമെന്നും പറഞ്ഞിരുന്നു. കെ.ബി. ശ്രീകുമാറിനോട് വിവരം പറഞ്ഞ് ഞാന്‍ ഒന്‍പതുമണിക്കു ശിവകുമാറിന്റെ വീട്ടില്‍ പോയി. പന്തല്‍ നിര്‍മാണത്തിനാവശ്യമായ സാധനസാമഗ്രികള്‍ തന്നെ ശയ്യയായി ഒരുക്കി ഞങ്ങളിരുവരും പഴയ വര്‍ത്തമാനങ്ങള്‍ പറഞ്ഞു കഴിച്ചുകൂട്ടി. ശിവകുമാറിന്റെ കുടുംബത്തെ ഞാന്‍ ആദ്യമായി കാണുകയായിരുന്നു. വര്‍ത്തമാനം പറഞ്ഞു ഉറക്കം മുടങ്ങി ശിബിരത്തിലുണ്ടായിരുന്ന കാര്യകര്‍ത്താക്കളുടെ പ്രഭാത സ്നാനത്തിനായി പുഴയിലേക്കുള്ള പോക്കു തുടങ്ങിയപ്പോഴാണ് ഏകാത്മതാ സ്തോത്രത്തിന് സമയമായി എന്നോര്‍ത്തത്. ഇരുവരും കുളിക്കാന്‍ ആറ്റിലേക്കു പോയി. ആ വീട്ടില്‍ത്തന്നെ പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞു ‘കട്ടനും’ അടിപ്പിച്ചു എന്നെ അദ്ദേഹം സ്കൂളിലെത്തിച്ചുവെന്നു പറഞ്ഞാല്‍ മതിയല്ലൊ.
ചങ്ങനാശ്ശേരിയില്‍ മന്നത്തു പത്മനാഭന്റെ പിറന്നാളിനോടനുബന്ധിച്ചു നടന്ന പരിപാടികള്‍ക്കായി നിര്‍മിച്ച പാര്‍വതീ നഗര്‍, അദ്ദേഹത്തിന്റെ അമ്മയുടെ നാമധേയത്തിലായിരുന്നു. അന്ന് അതിനു നേരെ മുന്നിലുള്ള സംഘകാര്യാലയമായിരുന്ന 23 എന്‍എസ്എസ് ബില്ഡിങ്ങിലിരുന്നാല് പന്തല്‍ പണിയുടെ ഓരോ ഘട്ടവും കാണാമായിരുന്നു. ശിവരാമന് നായരും ശിവകുമാറും കലാകാരന്മാരും ചെയ്ത പണിയുടെ കുശലത അതീവ ഗംഭീരം തന്നെയായിരുന്നു. ഏഴുനിലയിലുള്ള വിശാലമായ ആ നിര്‍മിതി വൈവിധ്യമാര്‍ന്ന ഭാരതീയ സംസ്കാരത്തിന് സഹസ്രാബ്ദങ്ങളായി രൂപംനല്കിയ ദൈവീക-ആത്മീയ-രാജനൈതിക പ്രതിഭകളുടെ ജീവചൈതന്യം തുളുമ്പിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച ഗ്യാലറി തന്നെ ആയിരുന്നു. ശിവരാമന് നായരുടെ അനുജനായിരുന്നു വൈദ്യുതീകരണം നടത്തിയത്. വിളക്കുകള്‍ കഴിയുന്നത്ര കാഴ്ചയെ മറയ്ക്കാതെ ചിത്രങ്ങളില്‍ പ്രകാശം കേന്ദ്രീകരിച്ച് സംവിധാനം ചെയ്യപ്പെട്ടിരുന്നു. അന്നത്തെ ചെറുപ്രായത്തില്‍ പിതാവിന്റെ പാതയാണ് താന്‍ എന്ന് ശിവകുമാര്‍ തെളിയിച്ചു. പാര്‍വതീ നഗര്‍ സന്ദര്‍ശിച്ച സകലരും, രാഷ്ട്രപതി മുതല്‍ സാധാരണക്കാര്‍ വരെയുള്ളവര്‍ അതിന്റെ കലാസുഭഗതയില് മുഗ്ദ്ധരായിപ്പോയി. നിര്‍മാണത്തിലെയും, സജ്ജീകരണത്തിലെയും സവ്യസാചിത്വം അച്ഛനെപ്പോലെ തനിക്കുമുണ്ട് എന്നു ശിവകുമാര്‍ അന്നുതന്നെ തെളിയിച്ചിരുന്നു.
കൊട്ടാരത്തില്‍ വീട് ആദ്യം പഴയ കോട്ടയം ശൈലിയിലുള്ളതായിരുന്നു. ശിവരാമന് നായര്‍ അതിന്റെ സ്ഥാനത്ത് പുതിയൊരു വീടു നിര്‍മിച്ചു. അതിന്റെ ഗൃഹപ്രവേശത്തില്‍ സംബന്ധിക്കാന്‍ എനിക്കു കഴിഞ്ഞില്ല. വൈകിയതിന് ഖേദം പ്രകടിപ്പിച്ചപ്പോള്‍ അവരുടെ പ്രതികരണത്തില്‍ നിന്ന് സംഘപ്രചാരകന്മാരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കിയ അമ്മയുടെ പ്രതികരണം മനസ്സു കുളിര്‍പ്പിച്ചു. വീടിന്റെ വാതിലുകളും മുറികളും സാമാന്യത്തിലേറെ വലിയവയായിരുന്നു. ശിവരാമന് ചേട്ടന്റെ മനസ്സുപോലെ വിശാലമായ വാതിലുകളും മുറികളും എന്ന് ഞങ്ങള്‍ പറഞ്ഞു.
ഇന്നോര്‍മിക്കാന്‍ മറ്റൊരു കാരണമുണ്ട്. 1967 ഡിസംബറില്‍ കോഴിക്കോട്ട് ജനസംഘത്തിന്റെയും 15-ാം അഖില ഭാരതീയ വാര്‍ഷിക സമ്മേളനം നിശ്ചയിക്കപ്പെട്ടിരുന്നു. അന്ന് അയ്യായിരം പ്രതിനിധികള്‍ പങ്കെടുക്കുമെന്നായിരുന്നു പ്രതീക്ഷ. അത്രയും പേര്‍ക്ക് സമ്മേളിക്കാനുള്ള പന്തലും മറ്റനുബന്ധ സൗകര്യങ്ങളും സജ്ജമാക്കാനുള്ള പണി ആരെ ഏല്‍പ്പിക്കണമെന്ന പ്രശ്നം വന്നപ്പോള്‍ ശിവരാമന് ചേട്ടന്റെ പേരാണ് ഭാസ്കര്‍റാവുവും പരമേശ്വര്‍ജിയും ഹരിയേട്ടനും നിര്‍ദ്ദേശിച്ചത്. മൈതാനത്തിന്റെയും പ്രധാന പന്തലിന്റെയും മറ്റും രൂപരേഖയുമായി ശിവരാമന് ചേട്ടന്റെ കോട്ടയത്തെ വീട്ടിലെത്തി. അദ്ദേഹം വര്‍ക്കല ശിവഗിരി തീര്‍ത്ഥാടനത്തിന്റെ അലങ്കാരപ്പണികളിലാണ്. കോഴിക്കോട്ടെ തീയതികള്‍ തന്നെയാണ് ശിവഗിരിയിലേതും എന്നറിഞ്ഞു. കോട്ടയത്തു സമയം കളയാതെ നേരെ ശിവഗിരിയിലേക്കു വെച്ചടിച്ചു. വെയില് ചാഞ്ഞപ്പോഴേക്കും ശിവഗിരി മഠത്തിലെത്തി. ശിവരാമന് ചേട്ടന് പണിക്കുള്ള തയ്യാറെടുപ്പിലാണ്. എന്നെ തന്റെ മുറിയിലേക്ക് വിളിച്ചിരുത്തി കാര്യങ്ങളന്വേഷിച്ചു. ഞാന്‍ വിവരങ്ങള്‍ പറഞ്ഞപ്പോള്‍ തനിക്ക് ജനുവരിയില്‍ അവിടത്തെ പണികള്‍ തീരുംവരെ ഒഴിവുണ്ടാവില്ല എന്നറിയിച്ചു. അതേസമയം അത്ര വലിയ പന്തലും സജ്ജീകരണങ്ങളും ചെയ്യാന്‍ കേരളത്തില്‍ മറ്റാരുമില്ല എന്നറിഞ്ഞു. കോഴിക്കോട്ട് അത്തരം പണികള്‍ക്ക് പറ്റിയ ആളുകളില്ല എന്ന വിവരവും പറഞ്ഞു. ഞാന്‍ മൈതാനത്തിന്റെ സ്കെച്ച് കാണിച്ചപ്പോള്‍ അതില്‍ പണി എങ്ങനെ വേണമെന്നതിന്റെ നിര്‍ദ്ദേശങ്ങള്‍ ശിവകുമാറിനെക്കൊണ്ട് എഴുതിച്ചു. കാറ്റിന്റെ നിര്‍ബാധമായ ഗതിക്കു തടസ്സം വരാത്തവിധം മൂന്ന് തട്ടുകളായി വേണം നിര്‍മിക്കാന്‍. 10, 12, 16 അടിയാവണം ഉയരം. അതിന്റെ ഇഴകള്‍ കെട്ടുന്നതിന്റെ സവിശേഷത ശിവകുമാറിനെക്കൊണ്ടു വരപ്പിച്ചു തന്നു. ആ നിര്‍മിതിയുടെ സാങ്കേതികള്‍ വിശദമായി പ്രതിപാദിച്ചു വിവരിച്ചു. അത് തന്റേ ട്രേഡ് സീക്രട്ട് ആയിരുന്നിട്ടും സംഘത്തിനുവേണ്ടിയാണ് വിശദീകരിച്ചതെന്നും സൂചിപ്പിച്ചു. കോഴിക്കോട്ടേക്ക് കോട്ടയത്തുനിന്ന് നേരിട്ടുള്ള റോഡുകള്‍ അന്നില്ലായിരുന്നു. അതദ്ദേഹം എടുത്തുപറയുകയും ചെയ്തു. മദ്രാസില്‍ പോകുന്നതിനേക്കാള്‍ പ്രയാസമാണ് കോഴിക്കോട്ടേക്കു പോകാന്‍ എന്ന അഭിപ്രായത്തില്‍ അതു നന്നായി അനുഭവിച്ചിട്ടുള്ള എനിക്കു പുതുമ തോന്നിയില്ല. ആ വിവരങ്ങളുമായി കോഴിക്കോട്ടെത്തി അവിടത്തെ ചുമതലക്കാരനായ എ.പി. ചാത്തുക്കുട്ടിയെയും ടാള്‍ ഗോപാലനെയും കൂട്ടി പരമേശ്വര്‍ജിയുടെയും രാംഭാവു ഗോഡ്ബോലെയുടെയും ഹരിയേട്ടന്റെയും മുന്പില് വിഷയങ്ങള്‍ അവതരിപ്പിച്ചു.
1982 ല്‍ എറണാകുളം മഹാരാജാസ് കോളജ് മൈതാനത്തു നടത്തപ്പെട്ട വിശാലഹിന്ദു സമ്മേളനത്തിന്റെ അധ്യക്ഷ വേദി തയ്യാറാക്കാനുള്ള ചുമതല മാധവജി ശിവരാമന് നായരെയാണേല്പ്പിച്ചത്. അപ്പോഴേക്ക് അദ്ദേഹത്തിനു വയ്യാതായി തുടങ്ങിയിരുന്നു. ശിവകുമാര്‍ തന്നെയാണ് മുഖ്യസഹായിയായി കാര്യങ്ങള്‍ നടത്തിയത്. വിശാലഹിന്ദു സമ്മേളനം കണ്ടവരായും പങ്കെടുത്തവരായും പലരുടെയും മനസ്സില്‍ സജീവമായ അതു ഇന്നും നിലനില്ക്കുന്നുണ്ടാവും. ഹിന്ദു സംസ്കാരത്തിന്റെ അസ്ഥിവാരമുറപ്പിച്ച മഹാമനീഷികളുടെ ജീവന് തുടിക്കുന്ന ചിതങ്ങളുടെ ഒരു പവലിയനായിരുന്നു അധ്യക്ഷ വേദി. അതിന്റെ സമകാലീന പതാകാവാഹകര്‍ അവിടെ ഉപവിഷ്ടരുമായി. സമ്മേളനത്തിനു മുന്‍പും, അതിനുശേഷവും വേദിയിലെത്തി സജ്ജീകരണങ്ങള്‍ കാണാന്‍ ജനങ്ങളെ നിബന്ധനകള്‍ക്കു വിധേയമായി അനുവദിച്ചിരുന്നു. അതിന്റെ സംവിധാന ചാതുര്യവും ഭംഗിയും എല്ലാവരേയും അദ്ഭുതപ്പെടുത്തി. അച്ഛന്റെ സ്ഥാനം അപ്പോഴേക്കും മകന് ഏറ്റെടുത്തിരുന്നു.
ശിവകുമാറിന് 72 വയസ്സായിരുന്നു മരണ സമയത്ത്. സ്നേഹബഹുമാനങ്ങളോടെയുള്ള അദ്ദേഹത്തിന്റെ സമീപനവും പുഞ്ചിരിയും മനസ്സില്‍ മായാതെ കോട്ടയം സ്മരണകളില്‍ നിന്ന് ഒരാളുടെ സജീവ സാന്നിധ്യം ഇല്ലാതായി എന്നു മാത്രമേ ഓര്മിക്കാനുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: