ലഖ്നൗ: പോലീസ് കോണ്‍സ്റ്റബിളിനെ കൊലപ്പെടുത്തിയ കൊടുംക്രിമിനലിനെ യുപി പോലീസ് വെടിവെച്ചുകൊന്നു. കാസ്ഗഞ്ചില്‍ നടന്ന ഏറ്റുമുട്ടലിലാണ് കൊടുംകുറ്റവാളി മോത്തി സിങ്ങിനെ പോലീസ് വെടിവച്ചു കൊന്നത്. കഴിഞ്ഞ ദിവസം കാസ്ഗഞ്ചിലെ ഒളിത്താവളത്തില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനക്കിടെ ഇയാള്‍ പോലീസിനെതിരെ വെടി ഉതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ഏറ്റുമുട്ടലിലാണ് മോത്തി കൊല്ലപ്പെടുന്നത്.
കാസ്ഗഞ്ചിലെ അനധികൃത മദ്യനിര്‍മാണ ശാലയില്‍ പരിശോധനയ്ക്കെത്തിയ സിന്ദ്പുര പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ദേവേന്ദ്രയെ ഫെബ്രുവരി 9ന് കൊലപ്പെടുത്തിയ കേസില്‍ മോത്തി സിങ്ങിനായി യുപി പോലീസ് തെരച്ചില്‍ ശക്തമാക്കിയിരുന്നു. തുടര്‍ന്ന് മോത്തിയെ പിടികൂടുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം യുപി പോലീസ് പ്രഖ്യാപിച്ചിരുന്നു. ദേവേന്ദ്രയുടെ മരണത്തിലെ കുറ്റവളിയെ ഉടന്‍ കണ്ടെത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് കേസ് അന്വേഷണത്തിനായി ആറ് പോലീസ് സംഘങ്ങളെ നിയോഗിച്ചിരുന്നു.
കൂട്ടുപ്രതിയായ മോത്തി സിങ്ങിന്റെ സഹോദരന് എല്‍കര്‍ ഫെബ്രുവരി 9ന് നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ലഹരിക്കടത്ത്, വ്യാജമദ്യനിര്‍മ്മാണം തട്ടിക്കൊണ്ടു പോകല്‍ എന്നി കേസുകളില്‍ പ്രതിയാണ് മോത്തി സിങ്ങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: