ന്യൂദല്‍ഹി: വികസനത്തിനും സദ്ഭരണത്തിനും ജാതിയോ മതമോ വംശമോ ലിംഗമോ ഭാഷയോ ഇല്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനമാണു ലക്ഷ്യമെന്നും, അതുതന്നെയാണു മതമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് അനുബന്ധമായി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയിലെ ”ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീ” എന്ന വരികള്‍ അദ്ദേഹം ഉദ്ധരിച്ചു. പുഗലൂര്‍ – തൃശൂര്‍ പവര്‍ ട്രാന്സ്മിഷന് പദ്ധതി, കാസര്‍കോട്ടെ 50 മെഗാവാട്ട് സോളാര്‍ പദ്ധതി, അരുവിക്കരയിലെ 75 എംഎല്‍ഡി വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവയുടെ ഉദ്ഘാടനവും സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്തു സ്ഥാപിക്കുന്ന സംയോജിത നിര്‍ദേശക – നിയന്ത്രണ കേന്ദ്രത്തിന്റെയും 37 കിലോമീറ്റര്‍ നഗര റോഡുകളെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിയുടേയും ശിലാസ്ഥാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ വര്‍ധിച്ചുവരുന്ന ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമാണ് 2000 മെഗാവാട്ട് പുഗലൂര്‍ – തൃശൂര്‍ പവര്‍ ട്രാന്സ്മിഷന് പദ്ധതി. ഇതു യാഥാര്‍ഥ്യമായതോടെ തൃശൂര്‍ കേരളത്തിന്റെ സാംസ്കാരിക കേന്ദ്രം എന്നതിനൊപ്പം ഊര്‍ജ കേന്ദ്രംകൂടിയായി മാറി. വോള്‍ട്ടേജ് കണ്‍വര്‍ട്ടര്‍ അധിഷ്ഠിത എച്ച്ഡിവിസി സംവിധാനമുള്ള രാജ്യത്തെ ആദ്യ ട്രാന്സ്മിഷന് ശൃംഘലയാണ് ഇത്. കാസര്‍കോഡ് പ്രവര്‍ത്തനം തുടങ്ങുന്ന 50 മെഗാവാട്ട് സൗരോര്‍ജ വൈദ്യുതി നിലയവും ഊര്‍ജരംഗത്തു കേരളത്തിനു മുതല്‍ക്കൂട്ടാകും.
നഗരങ്ങളുടെ വളര്‍ച്ചയും വികസനവും ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണു സ്മാര്‍ട്ട് സിറ്റികള്‍ രാജ്യത്തു നിര്‍മിക്കുന്നത്. കൊച്ചി, തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റികള്‍ കേരളത്തിന്റെ നഗരവികസന രംഗത്തു വലിയ മാറ്റമുണ്ടാക്കും. ഇതുവരെ ഇരു പദ്ധതികളിലുമായി 773 കോടിയുടെ 27 ജോലികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. 2000 കോടി രൂപ അടങ്കല്‍ പ്രതീക്ഷിക്കുന്ന 68 പദ്ധതികള്‍ പുരോഗമിക്കുകയാണ്. 30 ലക്ഷം പേരുടെ കുടിവെള്ള ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശേഷിയുള്ളതാണ് അരുവിക്കരയില്‍ തുടങ്ങിയ പുതിയ വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്രമന്ത്രിമാരായ രാജ് കുമാര്‍ സിങ്, ഹര്‍ദീപ്സിംഗ് പുരി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: