സംസാര വിഷവൃക്ഷേഷു
ദ്വേഫലേഹ്യമൃതോപമാ
കാവ്യാമൃത രസാസ്വാദ
സംഗമഃ സുജനൈസ്സഹ
സംസാരം അഥവാ ലൗകിക ജീവിതത്തെ വിജ്ഞന്മാര് വിഷവൃക്ഷമായി രൂപണം ചെയ്യാറുണ്ട്. ചിലരാകട്ടെ അഗാധകയങ്ങളും കൂറ്റന്‍ തിരമാലകളുമുള്ള സമുദ്രമായിട്ടും രൂപണം ചെയ്യുന്നു. എങ്കിലും ഈ വിഷവൃക്ഷത്തില്‍ അമൃതസമാനമായ രണ്ടു ഫലങ്ങളുണ്ട്. അവ കാവ്യമാകുന്ന അമൃതം പാനം ചെയ്യലും സജ്ജനങ്ങളുമായുള്ള സഹവാസവുമാണ്. ഇവ സംസാര സാഗരം തരണം ചെയ്യാന്‍ നമ്മെ സഹായിക്കുന്നു. മനുഷ്യന് സംസ്കാരമുള്ളവനാകാനുള്ള ഇരു മാര്‍ഗങ്ങളാണ് മുകളില്‍ പറഞ്ഞിട്ടുള്ളത്. സദ്ഗ്രന്ഥങ്ങള്‍ മനുഷ്യന്റെ ഉത്തമ സുഹൃത്തുക്കള്‍ തന്നെയാണ്. ജീവിതത്തിലുടനീളം വഴികാട്ടികളുമാണ്. സുഹൃത്തുക്കളില്‍ സന്മാര്ഗികളും ദുര്‍മാര്‍ഗികളും കാണും. ദുര്‍മാര്‍ഗികളെ അകറ്റി നിര്‍ത്തണം. അഥവാ അവരോട് ചങ്ങാത്തം പാടില്ല എന്നാണല്ലോ ഗുരുക്കന്മാര് ഉപദേശിച്ചിട്ടുള്ളത്. വിഷമപ്രശ്നം വരുമ്പോള്‍ നാം ഉത്തമ സുഹൃത്തുക്കളുടെ ഉപദേശം തേടാറുണ്ട്.
ഗ്രന്ഥങ്ങളിലുമുണ്ട് രണ്ടു തരക്കാര്‍. ചില ഗ്രന്ഥങ്ങള്‍ ദുര്‍മാര്‍ഗത്തിലേക്ക് നയിക്കും. പ്രാരംഭത്തില്‍ പാരായണത്തിനുള്ള ഗ്രന്ഥങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് രക്ഷിതാക്കളുടെയും ഗുരുക്കന്മാരുടെയും സഹായം തേടാം.
ഒരു ഗ്രന്ഥം ഒരു മനുഷ്യന് സമാനമാണെന്ന് പറയാറുണ്ട്. പുസ്തകമില്ലാത്ത മുറി ആത്മാവില്ലാത്ത ശരീരം പോലെയാണെന്ന് മാര്‍ക്ട്വയിന്‍ പറയുന്നു. മനുഷ്യനെ കവച്ചു കടക്കുന്നത് അനാദരവായി ഭാരതീയര്‍ കണക്കാക്കുന്നു. അതുപോലെ പുസ്തകം ചവിട്ടുന്നതും അനാദരവായി കണക്കാക്കുന്നു. തന്റെ വാലു കവച്ചു കടന്നുപൊയ്ക്കൊള്ളാന്‍ ഭീമനോടു ഹനുമാന് പറയുന്നു. എന്നാല്‍ ഭീമന് പറയുന്നു ‘അതു ഭംഗിയല്ല, മുതിര്‍വരോടുള്ള അനാദരവാകും’. എങ്കില്‍ ഗദകൊണ്ട് വാല് തള്ളി മാറ്റി പൊയ്ക്കൊള്ളാന്‍ ഹനുമാന് നിര്‍ദേശിക്കുന്നു. നമ്പ്യാരുടെ കല്യാണ സൗഗന്ധികത്തിലുള്ളതാണ് ഈ സന്ദര്‍ഭം.
ഈ മഹാമാരിക്കാലത്ത് വയോജനങ്ങളുള്പ്പെടെ അനേകായിരങ്ങള്‍ വീട്ടിലിരുന്നു. അവര്‍ വിരസതയൊഴിവാക്കിയത് സദ്ഗ്രന്ഥ പാരായണം വഴിയാണ്.
എസ്.ബി . പണിക്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: