ന്യൂദല്‍ഹി: ഗ്രേറ്റ ത്യൂന്‍ബെ ‘ടൂള്‍കിറ്റ്’ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം(യുഎപിഎ) അനുസരിച്ചുള്ള നടപടിയുണ്ടാകുമോയെന്ന് ഭയന്ന് ട്വീറ്റ് ഡിലീറ്റ് ചെയ്യാന്‍ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവി ആവശ്യപ്പെട്ടതായി ദല്‍ഹി പൊലീസ്. രേഖകളില്‍ ദിശ രവിയുടെ പേരുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ദിശയുടെ അഭ്യര്ഥനയ്ക്കുശേഷമാണ് ഗ്രേറ്റ ട്വീറ്റ് പിന്‍വലിച്ചതെന്നും ദല്‍ഹി പൊലീസ് പറയുന്നു. പിന്നീട് പരിഷ്കരിച്ച കിറ്റ് പങ്കുവച്ചുവെന്നും മാറ്റങ്ങള്‍ വരുത്തിയത് 22-കാരിയായ ദിശയാണെന്നും പൊലീസ് പറയുന്നു.
വാര്‍ത്താ ഏജന്‍സിയായ പിടിഐയോടാണ് ദിശയും ഗ്രേറ്റയും തമ്മിലുള്ള വാട്സ് ചാറ്റിന്റെ ഉള്ളടക്കം ദല്‍ഹി പൊലീസ് വെളിപ്പെടുത്തിയത്. ‘ഓകെ താങ്കള്‍ക്ക് ടൂള്‍കിറ്റ് ട്വീറ്റ് ചെയ്യാതിരിക്കാമോ, കുറച്ചുസമയത്തേക്ക് ഒന്നും പ്രതികരിക്കാതിരിക്കാന്‍ കഴിയുമോ, ഞാന്‍ അഭിഭാഷകരോട് സംസാരിക്കാന്‍ പോകുന്നു. എന്നോട് ക്ഷമിക്കണം, അതില്‍ നമ്മുടെ പേരുകളുണ്ട്. നമുക്കെതിരെ യുഎപിഎ ചുമത്താം’- ചാറ്റില്‍ പറയുന്നു.
യുഎപിഎ പ്രകാരമുള്ള നടപടിയുണ്ടാകുമോയെന്ന് ഭയന്നായിരുന്നു ദിശയുടെ അഭ്യര്‍ഥന. ദല്‍ഹിയിലെ ഇടനിലക്കാരുടെ സമരത്തിന് അനുകൂലമായ സമൂഹമാധ്യമ പ്രചാരണത്തിന്റെ നടപടിക്രമങ്ങളാണ് ‘ടൂള്‍കിറ്റ്’ എന്ന പേരില്‍ പ്രചരിപ്പിച്ചത്. ‘ടൂള്‍കിറ്റ്’ എഡിറ്റ് ചെയ്യുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് ദിശയ്ക്കെതിരായ കേസ്. രാജ്യേദ്രോഹം, മതസ്പര്‍ധ വളര്‍ത്തല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: