കൈത്തൊഴിലുകളുടെയും കരവിരുതുകളുടെയും സൃഷ്ട്യുന്മുഖ ശേഷി (Creative ability) സ്വന്തമായുള്ളവരാണ് കേരളത്തിലെ വിശ്വകര്‍മ്മജര്‍. പൈതൃക സിദ്ധിയാല്‍ പ്രഫുല്ലമായ ജീവിതായോധനങ്ങള്‍ വിശ്വകര്‍മ്മ സമൂഹത്തിന്റെ സവിശേഷ മുതല്‍ക്കൂട്ടാണ്. ഇരുമ്പ്, മര, ഓട് ഉപയോഗിച്ചുള്ള നിര്‍മ്മാണം, ശില്‍പ്പവേല, സ്വര്‍ണ്ണാഭരണ നിര്‍മ്മാണം എന്നിവയില്‍ പരമ്പരാഗത പ്രാവീണ്യം നേടിയ ജനസമൂഹമാണ് വിശ്വകര്‍മ്മജര്‍. വിശ്വകര്‍മ്മജര്‍ നിര്‍മ്മിക്കുന്ന പണിയായുധങ്ങളും, വീട്ടുപകരണങ്ങളും, കരകൗശല ഉല്പന്നങ്ങള്, ആഭരണങ്ങള്‍ എന്നിവ സാസ്കാരിക, പൈതൃക ഉല്പന്നങ്ങളായി പരിഗണിക്കപ്പെടുന്നു. എന്നാല്‍ വിശ്വകര്‍മ്മജരുടെ നിര്‍മ്മാണ വൈദഗ്ദ്ധ്യത്തിന്റെ പ്രതീകങ്ങളായ ഇത്തരം സാംസ്ക്കാരിക, പൈതൃക ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള ആധുനിക വിപണി സംവിധാനങ്ങള്‍ ഇന്നും അവര്‍ക്ക് ലഭ്യമായിട്ടില്ല.
കേരളീയ സാംസ്ക്കാരിക പൈതൃക ഉല്‍പ്പന്നങ്ങളെ ആഗോള തലത്തില്‍ വിപണിയുന്മുഖമാക്കാനുള്ള അനന്തസാധ്യതകള്‍ ഇന്ന് സംജാതമായിട്ടുണ്ട്. വിശ്വകര്‍മ്മജര്‍ നിര്‍മ്മിക്കുന്ന സൃഷ്ട്യുന്മുഖ ഉല്‍പ്പന്നങ്ങളുടെ വിപണനത്തിന് അവസരമൊരുക്കി ഭാരതസര്‍ക്കാര്‍ ആവിഷ്ക്കരിച്ച ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുമായി വിശ്വകര്‍മ്മ സമൂഹത്തെ ബന്ധപ്പെടുത്തേണ്ടതുണ്ട്. ഇതിന് സംസ്ഥാന സര്‍ക്കാറാണ് മുന്‍കൈയെടുക്കേണ്ടത്. സുസ്ഥിര ജീവസന്ധാരണത്തിനുള്ള സൃഷ്ട്യുന്മുഖ സാമ്പത്തിക വ്യവസ്ഥിതി വര്‍ഷമായി 2021 അന്താരാഷ്ട്രതലത്തില്‍ ആചരിക്കാന്‍ ഐക്യരാഷ്ടസഭ തീരുമാനിച്ചിട്ടുണ്ട്.
കേരളീയ ശില്‍പ്പ വൈദഗ്ധ്യത്തിന്റെ ആഗോള തല വിപണനം പരമ്പരാഗത വിശ്വകര്‍മ്മ വിഭാഗത്തിലെ തൊഴിലാളികള്‍ക്ക് ഉത്തമ ഉത്തേജനമായിത്തീരുമെന്നുറപ്പാണ്. പാരമ്പര്യത്തിലൂന്നിയ, അനന്യമായ ശില്പചാരുതയ്ക്ക് ആഗോള മാനം കൈവരുത്തുവാന്‍ അത് പര്യാപ്തമാകും. കേരളത്തിന്റെ തനത് പൈതൃക കലാശില്‍പ്പ വൈദഗ്ധ്യത്തെ ആഗോള വിപണിയിലെത്തിച്ച അത് സംസ്ഥാനത്തിന്റെ സൃഷ്ട്യുന്മുഖ സമ്പദ്ഘടനയെ പോഷിപ്പിക്കുന്നു.
കേരളത്തിന്റെ പരമ്പരാഗതമായ ശില്പ്പവേലകളും നിര്‍മ്മാണ നൈപുണ്യങ്ങളും കൈമുതലായുള്ള ഒരു വിഭാഗമാണ് പാരമ്പര്യ കരകൗശല വിദഗ്ദരായ വിശ്വകര്‍മ്മ സമൂഹം. അഞ്ച് ഉപവിഭാഗങ്ങളില്‍ വ്യാപരിച്ച ഇവര്‍ താന്താങ്ങളുടെ പൈതൃക സമ്പത്തായ കരവിരുതുകള്‍ കൊണ്ട് ഉപജീവനം നടത്തുന്നവരാണ്. ഇരുമ്പ് പണി, മരപ്പണി, ചെമ്പ്, പിച്ചള, ഓട്ടുല്പ്പന്ന നിര്‍മ്മിതികള്‍, ശില്പവേല, സ്വര്ണ്ണാഭരണനിര്മ്മിതി എന്നിവയാണ് യഥാക്രമം വിശ്വകര്‍മ്മജരായ കൊല്ലന്, ആശാരി, മൂശാരി, ശില്‍പ്പി, തട്ടാന്‍ എന്നി വിഭാഗക്കാരുടെ ജീവനോപാധികള്‍. പരമ്പരാഗതമായി ആര്‍ജ്ജിച്ചു വന്ന സര്‍ഗ്ഗാത്മകതയും ശില്‍പ്പചാരുതയും അവരുടെ നിര്‍മ്മാണ വൈദഗ്ധ്യത്തിന്റെ സിദ്ധി വൈഭവമാണ്.
വൈദഗ്ധ്യമേറിയ ഒട്ടേറെ നിര്‍മ്മിതികള്‍ വിശ്വകര്‍മ്മ നിപുണരുടെ കരവിരുതിനാല്‍ വിഖ്യാതമായിട്ടുണ്ട്. പയ്യന്നൂര്‍ പവിത്രമോതിരം, ആറമന്മുള, അടക്കാപുത്തൂര്‍ കണ്ണാടി, കുഞ്ഞിമംഗലം, പടോളി, മാന്നാര്‍, നടവരമ്പ് എന്നിവിടങ്ങളില്‍ നിര്‍മ്മിക്കപ്പെടുന്ന ചെമ്പ്, വെള്ളോട്, വെങ്കല നിര്‍മ്മിതികള്‍, തൃശ്ശൂര്‍ പെരുവനത്തെ ദാരുശില്‍പ്പ സൃഷ്ടികള്‍, തിരുവനന്തപുരം കരമനയിലെ ഓണവില്ല് എന്നിവ വിശ്വകര്മ്മജരാല് വിഖ്യാതമാക്കപ്പെട്ട സാംസ്ക്കാരിക പൈതൃകോല്പ്പന്നങ്ങളാണ് ഇവയെല്ലാം. കേരളത്തിന്റെ സൃഷ്ട്യുന്മുഖ സമ്പദ്ഘടനയ്ക്ക് മുതല്‍കൂട്ട് ആവുംവിധം ആഗോള കലാ-സാംസക്കാരിക വിപണിയെ ആകര്‍ഷിക്കാന്‍ പോരുന്നവയാണ്. കേരളത്തിലെ പരമ്പരാഗത കരകൗശല വിദദ്ധര്‍ നിര്‍മ്മിക്കുന്ന സര്‍ഗ്ഗസൃഷ്ടികള്‍ സാംസ്കരിക വിപണന രംഗത്ത് അഭൂതപൂര്‍വമായ നേട്ടങ്ങള്‍ കൈവരിക്കും. പക്ഷേ വിശ്വകര്‍മ്മജരുടെ കരവിരുതിനാല്‍ ഒരുക്കുന്ന കലാ-സാംസ്ക്കരിക നിര്‍മ്മിതികളുടെ വിപണനത്തിനോ പ്രോത്സാഹത്തിനോ ഇന്ന് പൊതുയിടങ്ങളില്ല. കോവിഡാനന്തര സാമ്പത്തിക പുനഃസൃഷ്ടിക്കായി ആവിഷക്കരിക്കപ്പെടുന്ന കര്‍മ്മ പദ്ധതികളില്‍ കേരളത്തിന്റെ സാംസ്ക്കാരിക പൈതൃകോല്പ്പന്ന വിപണനത്തിന്റെ ആഗോള സാദ്ധ്യതകളെ ഉപയോഗപ്പെടുത്താനുള്ള രൂപരേഖയും ഉരുത്തിരിയേണ്ടതുണ്ട്. കോവിഡാനന്തര വികസന പരപ്രേക്ഷ്യത്തില് പരമ്പരാഗത സമൂഹമായ വിശ്വകര്‍മ്മജരുടെ ജീവസന്ധാരരണത്തിനുള്ള കര്‍മ്മ പദ്ധതികള്‍ക്ക് പ്രാധാന്യമുണ്ടാവണം. ഏറെക്കാലമായി അവഗണിക്കപ്പെട്ടു പോരുന്ന പരമ്പരാഗത കരകൗശല വേലക്കാരാണ് വിശ്വകര്‍മ്മജര്‍. പരമ്പരാഗത തൊഴിലാളികള്‍ക്കായി ഒട്ടേറെ ക്ഷേമ പദ്ധതികള്‍ ആവിഷ്ക്കരിച്ച സംസ്ഥാനസര്‍ക്കാര്‍ വിശ്വകര്‍മ്മ വിഭാഗത്തെ അവഗണിക്കുകയാണ്. ഈ സര്‍ഗ്ഗാത്മക സമൂഹത്തിന്റെ നിര്‍മ്മാണചാതുര്യം കേരളത്തിലെ വിശ്വകര്‍മ്മ സമൂഹത്തിനെങ്കിലും അത്താണിയാകുവാനായി ഒരു കര്‍മ്മ പദ്ധതി ഇരു മുന്നണികളും ഇക്കാലം വരെയും ആവിഷ്ക്കരിച്ചിട്ടില്ല. വിശ്വകര്‍മ്മജരെ വോട്ടുപെട്ടിയായികണ്ട് ചൂഷണം ചെയ്യുകയായിരുന്നു മുന്നണി രാഷ്ട്രീയക്കാര്‍.
ഇതര വിഭാഗത്തിലെ കൈത്തൊഴിലാളികള്‍ക്കും മറ്റുമായി ഒട്ടേറെ വികസന – ക്ഷേമ പത്സതികള് സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്ക്കരിക്കാറുണ്ട്. എന്നാല്‍ പൈതൃക സമൂഹമായ വിശ്വകര്‍മ്മജരുടെ പുരോഗതിലക്ഷ്യമാക്കി നാളിതുവരെയും ഒരു പദ്ധതിയും നടപ്പായില്ല.
ഇരു മുന്നണി രാഷ്ട്രീയ നേതൃത്വങ്ങളും വോട്ടുബാങ്ക് ലക്ഷ്യം വെച്ചുള്ള ന്യൂനപക്ഷ പ്രീണന രാഷ്ട്രീയമാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാനദണ്ഡമായി കരുതുന്നത്. ഹൈന്ദവ സമൂഹത്തിലെ ഈഴവ-നായര്‍ സമുദായങ്ങള്‍, മുസ്ലീം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ എന്നിവയെ മാത്രമാണ് നയരൂപീകരണ തലങ്ങളില്‍ മുന്നണി രാഷ്ട്രീയക്കാര്‍ പരിഗണിക്കുന്നത്. കൂട്ടായ വിലപേശലിലൂടെ സംഘടിത സമുദായങ്ങള്‍ വികസന നേട്ടങ്ങള്‍ സ്വന്തമാക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുമ്പോള്‍ വിശ്വകര്‍മ്മ സമുദായം അവഗണിക്കപ്പെടുന്നു. വിശ്വകര്‍മ്മ സമുദായങ്ങളെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി കഴിഞ്ഞ സര്‍ക്കാര്‍ രൂപീകരിച്ച ഡോ. പി.എന്‍. ശങ്കരന് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും ഇടതുപക്ഷ സര്‍ക്കാര്‍ അതു വായിച്ച നോക്കുവാന്‍ പോലും തയ്യാറായില്ല. റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ അവഗണിക്കപ്പെട്ടു.
കേരളത്തിലെ വിശ്വകര്‍മ്മസമൂഹത്തിന്റെ ജീവിതം ശുഭകരമല്ല. മാറിമാറി ഭരിച്ച മുന്നണി സര്‍ക്കാരുകള്‍ അവരുടെ ഉന്നമനത്തിനോ ആ സമൂഹത്തിന്റെ പരമ്പരാഗത വൈദഗ്ധ്യത്തെ ഉപയോഗപ്പെടുത്താനോ ശ്രമിച്ചില്ല. മുന്നണി രാഷ്ട്രീയത്തില്‍ വിവേചനത്തിന് ഈ സമൂഹം ഇരയായി.
ഡോ. വി.പി. രാഘവന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: