പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു ദിവസത്തെ കേരള സന്ദര്‍ശനം പ്രതീക്ഷിച്ചതുപോലെ വിജയകരമായി പര്യവസാനിച്ചു. ബിപിസിഎല്ലിന്റെ പെട്രോ കെമിക്കല്‍ പദ്ധതിയായ പിഡിപിപി അടക്കം 6100 കോടി രൂപയുടെ പദ്ധതികളാണ് കൊച്ചിയില്‍ പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചത്. കൊച്ചി തുറമുഖത്തെ അന്താരാഷ്ട്ര ക്രൂസ് ടെര്‍മിനലായ സാഗരിക, തുറമുഖത്തെ കല്‍ക്കരി ബര്‍ത്തിന്റെ പുനര്‍നിര്‍മാണ ശിലാസ്ഥാപനം, കൊച്ചി കപ്പല്‍ശാലയിലെ മറൈന്‍ എഞ്ചിനീയറിങ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവയുടെ ഉദ്ഘാടനവും, വെല്ലിങ്ടണ്‍ ഐലന്റിലെ റോ-റോ വെസലുകളുടെ സമര്‍പ്പണവുമാണ് പ്രധാനമന്ത്രി തുടക്കംകുറിച്ച മറ്റ് പദ്ധതികള്‍. കൊച്ചി മഹാനഗരത്തിന് വികസനക്കുതിപ്പ് നല്‍കുകയും, വന്‍തോതിലുള്ള വിദേശമൂലധനം ആകര്‍ഷിക്കുകയും ചെയ്യുന്ന ഈ സംരംഭങ്ങളിലൂടെ ആയിരക്കണക്കിനുപേര്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്യും. ഇതില്‍ റോ-റോ വെസലുകളിലൂടെ ഗതാഗത ചെലവും സമയവും കുറയ്ക്കാനാവുമെന്നതിനു പുറമെ ഈ ജലപാത കൊച്ചി മഹാനഗരത്തിലെ ഗതാഗത തിരക്കും കുരുക്കും കുറയ്ക്കാനും ഉപകരിക്കുമെന്നത് എടുത്തുപറയേണ്ടതുണ്ട്. ഇത് ആദ്യമായാണ് കേരളത്തില്‍ ഇത്രയധികം പദ്ധതികളുടെ ഉദ്ഘാടനം ഒറ്റദിവസം പ്രധാനമന്ത്രി മോദി നിര്‍വഹിക്കുന്നത്. ഗെയില്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ ഉദ്ഘാടനം കുറച്ചുനാള്‍ മുന്‍പ് പ്രധാനമന്ത്രി ഓണ്‍ലൈനായി നിര്‍വഹിച്ചിരുന്നു. ആലപ്പുഴ ബൈപാസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് അത് നടത്തിയത്.
രാജ്യത്തിനകത്തും പുറത്തും വികസനത്തിന്റെ സന്ദേശവാഹകനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിസന്ധികളില്‍ തളരാതെ വികസന പ്രവര്‍ത്തനങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ ലോകത്തിനുതന്നെ മാതൃകയാവാന്‍ കഴിഞ്ഞ ഭരണാധികാരിയാണ് മോദി. കൊവിഡ് മഹാമാരിയെ അതിജീവിക്കുന്നതിനൊപ്പം മുന്നോട്ടുവച്ച ‘ആത്മനിര്‍ഭര ഭാരതം’ എന്ന സങ്കല്‍പ്പം എല്ലാ രംഗത്തും സ്വയംപര്യാപ്തതയുടെ കുതിപ്പുകള്‍ നടത്തുകയാണ്. ബിപിസിഎല്ലിന്റെ പിഡിപിപി പ്ലാന്റ് ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തില്‍ കൊച്ചിയിലെ വികസനം ആത്മനിര്‍ഭരതയിലേക്കുള്ള പാതയാണെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അഭിമാനകരമാണ്. എണ്ണത്തിലും ഗുണത്തിലും ഉയര്‍ന്നനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വരുംതലമുറയ്ക്ക് നല്‍കാനുള്ള ശ്രമമാണ് താന്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന പ്രഖ്യാപനം പ്രതീക്ഷാ നിര്ഭരമാണ്. സമുദ്ര മേഖലയുടെ വികസനത്തിന് ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞത്, സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ തീരപ്രദേശമുള്ള കേരളത്തിന് ഗുണകരമാകും. അവസരങ്ങള്‍ വിനിയോഗിക്കാന്‍ കഴിയുന്നതിലാണ് വികസനത്തിന്റെ വിജയ രഹസ്യം. സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് മടിച്ചു നിന്നാല്‍ അവസരങ്ങള്‍ നഷ്ടപ്പെടുകയും വികസനത്തില്‍ പിന്നോട്ടടിക്കുകയും ചെയ്യും. ഈ വസ്തുത മുന്‍നിര്‍ത്തിയാണ് കാര്‍ഷിക മേഖലയിലുള്‍പ്പെടെ പരിഷ്കരണങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ തയ്യാറാവുന്നത്.
കേരളത്തോട് പ്രത്യേക മമത പുലര്‍ത്തുന്നയാളാണ് നരേന്ദ്ര മോദി. ബിജെപി നേതാവായിരുന്നപ്പോഴും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇത് പ്രകടമായിട്ടുണ്ട്. കേരളത്തില്‍ വരുമ്പോഴൊക്കെ മലയാളത്തില്‍ സംബോധന ചെയ്യാന്‍ കാണിക്കുന്ന താല്‍പ്പര്യം ശ്രദ്ധേയം. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴും കേരള സന്ദര്‍ശന വേളകളിലെ പ്രസംഗങ്ങള്‍ തന്നെ ഈ നാടിന്റെ വികസന പ്രശ്നങ്ങള്‍ മനസ്സിലാക്കിയിട്ടുള്ളതിന് തെളിവാണ്. പ്രധാനമന്ത്രിയായശേഷം രാഷ്ട്രീയത്തിന്റെ പേരില്‍ കേരളത്തോട് യാതൊരു തരത്തിലുള്ള വിവേചനവും കാണിച്ചിട്ടില്ല. പ്രവാസി ഭാരതീയരായ മലയാളികളുടെ സംഭാവനകളെ വിലമതിക്കുകയും, അവരുടെ ക്ഷേമത്തിനായി പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യുന്നു. കൊവിഡ് കാലത്ത് വിദേശ രാജ്യങ്ങളിലുള്ളവരെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് മിഷന്റെ ഗുണഭോക്താക്കളാവാന്‍ വന്‍തോതില്‍ മലയാളികള്‍ക്ക് കഴിഞ്ഞു. ഗള്‍ഫ് നാടുകളിലെ ജയിലുകളില്‍ കഴിയുന്നവരെ മോചിപ്പിക്കാന്‍ അവിടുത്തെ ഭരണാധികാരികളുമായി ചര്‍ച്ച നടത്തി. എന്നാല്‍ മോദി സര്‍ക്കാര്‍ കേരളത്തോട് അവഗണന കാണിക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണ് പിണറായി സര്‍ക്കാര്‍ തുടക്കം മുതലേ ശ്രമിക്കുന്നത്. ഗെയില്‍ പദ്ധതിയും ആലപ്പുഴ ബൈപാസും, അവസാനത്തെ പൊതുബജറ്റിലെ ആനുകൂല്യങ്ങളടക്കം ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണെങ്കിലും വികസനത്തില്‍ രാഷ്ട്രീയം കലര്‍ത്തുന്ന സമീപനം സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും കയ്യൊഴിയുന്നില്ല. ഇതിന് മാറ്റം വരുത്തിയാല്‍ കേരളത്തിന് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാനാവും. പ്രധാനമന്ത്രിയുടെ ഇപ്പോഴത്തെ സന്ദര്‍ശനം നല്കുന്ന സന്ദേശവും ഇതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: