ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷം ലഘൂകരിക്കാന്‍ അടുത്തിടെ നരേന്ദ്ര മോഡി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ രാജ്യം സ്വാഗതം ചെയ്തു. മുന്‍ സൈനിക മേധാവി വേദ് മാലിക്ക് അടക്കമുള്ള പ്രതിരോധ വിദഗ്ധരും ലോകരാഷ്ട്രങ്ങളും ഈ നീക്കത്തെ നല്ലനിലക്ക് തന്നെ കണ്ടു. ഇത്തരമൊരു പ്രശ്നത്തില്‍ അതു തന്നെയാണ് ചെയ്യാനാവുക എന്നത് ആരും സമ്മതിക്കുന്നു. ചൈനയുമായുള്ള പ്രശ്നങ്ങള്‍ എന്നെന്നേക്കുമായി പരിഹരിച്ചു എന്നല്ല മറിച്ച് ആദ്യഘട്ടമെന്ന നിലക്ക് ചില ധാരണകള്‍ ഉണ്ടാക്കാനായി. സമാധാനാന്തരീക്ഷം ഉണ്ടാക്കാന്‍ അത് സഹായിക്കും. രണ്ടുകൂട്ടരും അതൊക്കെ അംഗീകരിക്കുന്നു. എന്നാല്‍ പ്രതിപക്ഷത്തെ ചിലര്‍, പ്രത്യേകിച്ചും രാഹുല്‍ ഗാന്ധിയും എ.കെ. ആന്റണിയും, ഇപ്പോഴത്തെ ധാരണകള്‍ രാജ്യത്തിന് ദോഷകരമാണെന്ന് പ്രചരിപ്പിക്കുന്നു. ദോഷൈകദൃക്കാണ് എന്നല്ല അതിനപ്പുറമാണ് ആ കോണ്‍ഗ്രസ് നേതാക്കളെ വിശേഷിപ്പിക്കേണ്ടത്. കോണ്‍ഗ്രസ് ഭരണകാലത്ത് ഇന്ത്യയുടെ ഭൂമി ചൈനക്ക് അടിയറവ് വെച്ചത്, രാജ്യത്തെ ചൈനക്ക് പണയപ്പെടുത്തിയത്, സൈനികരുടെ തലയറത്തുമാറ്റിയപ്പോള്‍ മൗനം ദീക്ഷിച്ചത് എന്നിവയൊക്കെ ചര്‍ച്ചചെയ്യാന്‍ ഇത് വഴിവെക്കുകയാണ്.
ഇന്ത്യ ആര്‍ക്കും ഒരിഞ്ച് ഭൂമി പോലും ഇപ്പോള്‍ വിട്ടുകൊടുത്തിട്ടില്ല. പാംഗോങ് തടാകത്തിന്റെ കരയില്‍ രണ്ടു സൈന്യവും പിന്നാക്കം പോകുന്നു. ഇന്ത്യന്‍ സേനയാവട്ടെ, അവര്‍ നേരത്തെ നിലകൊണ്ടിരുന്ന സ്ഥലത്തേക്ക് തന്നെ. ചൈനയാവട്ടെ ഫിംഗര്‍ എട്ടിന് കിഴക്ക് ഭാഗത്തേക്കും. അവര്‍ ഉണ്ടാക്കിയ താല്‍ക്കാലിക നിര്‍മ്മിതികള്‍ ഒക്കെ സ്വയം നശിപ്പിക്കും. ഇതിനിടയിലുള്ള സ്ഥലത്ത് പട്രോളിംഗ് ഉള്‍പ്പടെയുള്ള പ്രവൃത്തിയില്‍നിന്ന് രണ്ടുകൂട്ടരും തല്ക്കാലം പിന്‍വാങ്ങുന്നു. സൈനിക തലത്തിലെ ചര്‍ച്ചകള്‍ രണ്ടു രാജ്യങ്ങളും തുടരാനും ധാരണയായി. വലിയൊരു സംഘര്‍ഷാന്തരീക്ഷം ഒഴിവാകുന്നു എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. സൈനിക തലത്തില്‍ തന്നെ അത് സാധ്യമാവുന്നു എന്നത് പ്രധാനവുമാണ്. അക്സായ് ചിന് ഉള്‍പ്പടെയുള്ള അന്യാധീനപ്പെട്ട പ്രദേശങ്ങള്‍ കൈവശപ്പെടുത്തുമെന്നതാണ് ബിജെപിയുടെ പ്രഖ്യാപിത നയം എന്ന് ഓര്‍ക്കേണ്ടതുണ്ട്. അതുതന്നെയാണ് ഇപ്പോള്‍ മോഡി സര്‍ക്കാറിന്റെ നയവും. അത് സര്‍ക്കാര്‍ പലവട്ടം വ്യക്തമാക്കിയതാണ്. അതുകൊണ്ട് രാജ്യത്തെ സ്നേഹിക്കുന്നവര്‍ക്ക് ആശയക്കുഴപ്പമോ ആശങ്കയോ ഒന്നുമില്ല.
1947 മുതല്‍ നെഹ്റു ചെയ്ത പാതകങ്ങള്‍
ഇന്നിപ്പോള്‍ മോഡി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രാഹുല്‍ഗാന്ധി മുന്‍പ് തന്റെ കുടുംബം ചെയ്തുകൂട്ടിയതൊക്കെ ഓര്‍ക്കുന്നത് നല്ലതാണ്. കോണ്‍ഗ്രസ് എന്തൊക്കെ പാതകങ്ങളാണ് ഈ രാജ്യത്തോട് ചെയ്തത്?
1947 -ല്‍ പാക് സൈന്യം ജമ്മു കശ്മീരിന്റെ ഒരു ഭാഗം കയ്യടക്കിയപ്പോള്‍ അന്നത്തെ സൈനിക മേധാവി പറഞ്ഞത്, ‘അനുമതി നല്‍കൂ, 48 മണിക്കൂര്‍ കൊണ്ട് ആ പ്രദേശം നമുക്ക് സ്വന്തമാക്കാം’ എന്നാണ് . അതിനാവശ്യമായ കരുത്തും സന്നാഹവും ഇന്ത്യന്‍ സേനക്കുണ്ട്…. സൈന്യം തയ്യാറുമായിരുന്നു. പക്ഷെ നെഹ്റു സ്വീകരിച്ചത്’ പോകുന്നതൊക്കെ പോകട്ടെ’ എന്ന നിലപാടാണ്.
അന്ന് യുദ്ധത്തിന് അനുമതി നിഷേധിച്ചത് കൊണ്ടാണ് ‘പാക് അധീന കശ്മീര്‍’ എന്ന് ഇന്നും നമുക്ക് പറയേണ്ടിവരുന്നത്. യഥാര്‍ഥത്തില്‍ പാക് ജിഹാദി താല്പര്യത്തിന് നെഹ്രുവും കോണ്‍ഗ്രസും വഴങ്ങുകയായിരുന്നു, കീഴ്പ്പെടുകയായിരുന്നു. ഷെയ്ഖ് അബ്ദുള്ളയുടെ താല്പര്യവും നെഹ്റുവിന്റെ തീരുമാനത്തിന് കാരണമായിട്ടുണ്ട് എന്നത് ചരിത്രവുമാണ്.
1962 ലെ ചൈനീസ് യുദ്ധം. ഇന്ത്യയും ചൈനയും ‘ഭായ് ഭായ്’ എന്ന് പറഞ്ഞുനടക്കുമ്പോഴാണ് ചൈന ഇന്ത്യയെ ആക്രമിച്ചത്. ആ സൈനിക നീക്കം നെഹ്റു അറിഞ്ഞില്ല. പിന്നില്‍ നിന്ന് കുത്തുകയാണ് ചൈന ചെയ്തത് എന്ന് പറയുന്നവരുണ്ട്. പക്ഷെ, അന്നത്തെ പ്രതിരോധ മന്ത്രി, കമ്മ്യുണിസ്റ്റ് സഹയാത്രികനായ വികെ കൃഷ്ണമേനോന്റെ നേരെ വിരല്‍ ചൂണ്ടുന്നവരെയും ചരിത്രത്തില്‍ കണ്ടിട്ടുണ്ട്. എന്തായാലും ഇന്ത്യക്ക് അതോടെ 38,000 ചതുരശ്ര കിലോമീറ്റര്‍ ഭൂപ്രദേശം നഷ്ടമായി.
പിന്നീട് 1963 -ല്‍ പാക്കിസ്ഥാനുമായുണ്ടാക്കിയ കരാര്‍ പ്രകാരം ഇന്ത്യയില്‍ നിന്ന് പിടിച്ചെടുത്ത 5,180 ചതുരശ്ര കിലോമീറ്റര്‍ കൂടി ചൈനയുടെ അധീനതയിലായി. അത് ഒരു ചൈന – പാക് നീക്കമായിരുന്നു. ഇതൊക്കെ നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ കുടുംബമാണ്, നെഹ്റുവാണ്, ഇന്ത്യ ഭരിച്ചിരുന്നത്. അന്ന് ഒന്നും ചെയ്യാത്തവരാണ് ഇപ്പോള്‍ മോഡിക്കെതിരെ കുരയ്ക്കുന്നത്. മോഡി സര്‍ക്കാര്‍ ഒരിഞ്ച് ഭൂമി ആര്‍ക്കും വിട്ട് കൊടുത്തിട്ടില്ല. അപ്പോഴാണ് ഈ കള്ളക്കരച്ചിലിന്റെ ഗൗരവം ബോധ്യപ്പെടുക.
മറ്റൊന്ന് എകെ ആന്റണി പ്രതിരോധ മന്ത്രിയായിരിക്കെ നടത്തിയ വെളിപ്പെടുത്തലാണ്; അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിന് തങ്ങളുടെ സര്‍ക്കാരുകളുടെ കാലത്ത് ഒരു ശ്രമം നടത്തിയിട്ടില്ലെന്നാണ് അദ്ദേഹം തുറന്നുസമ്മതിച്ചത്. അങ്ങിനെ നിലപാടെടുത്തത് എന്തുകൊണ്ടാവാം? കോണ്‍ഗ്രസ് തന്നെയാണ് വെളിപ്പെടുത്തേണ്ടത്.
ഡോക് ലാം എംഓയു മുതല്‍ ലഡാക്ക് വരെ
മന്മോഹന് സിംഗ് ഭരിക്കുമ്പോള്‍ കോണ്‍ഗ്രസ്സ് ചൈനയിലെത്തി സര്‍ക്കാരുമായി ഒരു ധാരണാപത്രം ഉണ്ടാക്കി. ഒപ്പുവെച്ചത് ഇതേ രാഹുല്‍ ഗാന്ധി. ഒരു രാഷ്ട്രീയ പാര്‍ട്ടി മറ്റൊരു രാജ്യത്തെ സര്‍ക്കാരുമായി എന്ത് ധാരണാപത്രമാണ് ഉണ്ടാക്കുക? എന്താണ് അതില്‍ പറഞ്ഞിട്ടുള്ളത്? ഇനിയും അത് പുറത്തുവരാനിരിക്കുന്നു. എന്നാല്‍ വേറൊന്ന് നയതന്ത്ര വിദഗ്ദ്ധന്മാര് ചൂണ്ടിക്കാണിക്കുന്നുണ്ട്; ഈ ധാരണാപത്രം ഒപ്പുവെച്ചതിന് പിന്നാലെയാണ് ചൈനീസ് ഉത്പന്നങ്ങള്‍ക്കായി ഇന്ത്യന്‍ വിപണി തുറന്നിട്ടുകൊടുത്തതെന്നത്. അതിനുശേഷമാണ് ചൈനീസ് എംബസി രാജീവ് ഗാന്ധി, ഇന്ദിര ഗാന്ധി ട്രസ്റ്റുകള്‍ക്ക് കൈയയച്ച് സംഭാവന നല്‍കിയത്. ഒരര്‍ത്ഥത്തില്‍ കോണ്‍ഗ്രസ്സ് ഇന്ത്യയെ വിറ്റഴിക്കുകയായിരുന്നു. മറു പക്ഷത്ത് ചൈന ആയതിനാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുംമൗനം പാലിച്ചു. രണ്ടുകൂട്ടരും തമ്മിലെന്താണ് വ്യത്യാസം?
മറ്റൊന്ന് 2017 ഡോക് ലാമിലെ സംഘര്‍ഷമാണ്. ഇന്ത്യ- ഭൂട്ടാന് അതിര്‍ത്തിയില്‍ ചൈനീസ് പട്ടാളം നീക്കം നടത്തുകയായിരുന്നു. ഇന്ത്യ -ഭൂട്ടാന് യാത്രാ മാര്‍ഗം അടച്ചു കെട്ടാനും അവിടം കയ്യടക്കാനും ചൈന ശ്രമിച്ചു. എന്നാല്‍ ഇന്ത്യന്‍ സേന ഉടനെ രംഗത്ത് വരികയും ഏറ്റുമുട്ടലിന്റെ പാതയിലേക്ക് കാര്യങ്ങളെത്തുകയും ചെയ്തു. അവിടെ ആ മഞ്ഞുമലമുകളില്‍ ചൈനീസ് പട്ടാളവുമായി നേര്‍ക്കുനേര്‍ ഇന്ത്യന്‍ സൈനികര്‍ നിലകൊള്ളുമ്പോഴാണ് ഒരു ഇന്ത്യന്‍ പ്രതിപക്ഷ നേതാവ് രാത്രിയുടെ മറവില്‍ ചൈനീസ് എംബസിയിലെത്തുന്നത്. രഹസ്യ കൂടിക്കാഴ്ച. ചൈനയുമായി യുദ്ധസമാനമായ അന്തരീക്ഷത്തില്‍ ഇന്ത്യന്‍ സേന നിലകൊള്ളുമ്പോള്‍ എന്തിനാണ് ശത്രുരാജ്യത്തിന്റെ ഓഫീസിലേക്ക് രാഹുല്‍ ഗാന്ധി പോയത്? എന്ത് രഹസ്യമാണ് അവര്‍ കൈമാറിയത്? ഇനിയും രാഹുല്‍ ഗാന്ധി അത് വ്യക്തമാക്കിയിട്ടില്ല. അക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടുകള്‍ തുടക്കത്തിലേ സംശയം വര്‍ധിപ്പിക്കുന്നതായിരുന്നു. ഈ പ്രതിപക്ഷ കക്ഷിയെ എങ്ങിനെയാണ് വിശ്വസിക്കുക? അന്ന് അവിടെ ചൈനീസ് പട്ടാളത്തിന് വാലും ചുരുട്ടി മടങ്ങിപ്പോകേണ്ടിവന്നു എന്നത് ചരിത്രം. അതാണ് മോദിക്ക് കീഴിലെ ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്ത്.
എ.കെ. ആന്റണി പ്രതിരോധ മന്ത്രിയായിരിക്കെയാണ് ഇതാദ്യമായി ഒരു ഇന്ത്യന്‍ സൈനികന്റെ തലയറത്തുമാറ്റാന്‍ പാക് പട്ടാളം തയ്യാറായത്. അന്ന് നാവനേക്കണ്ടെന്ന് പറഞ്ഞയാളാണ് ആന്റണി. മുംബൈ ഭീകരാക്രമണം ഉണ്ടായപ്പോള്‍ പ്രതികരിക്കാതെ ഒളിച്ചോടിയതും ആന്റണി പ്രതിരോധ മന്ത്രിയായിരിക്കെയാണല്ലോ. അദ്ദേഹമാണിപ്പോള്‍ ചാരിത്ര്യ പ്രസംഗം നടത്തുന്നത്.
ഡോക് ലാമിന് ശേഷമാണ് ലഡാക്കില്‍ ബലപരീക്ഷണത്തിന് ചൈന ശ്രമിച്ചത് എന്നതോര്‍ക്കുക. ഇന്ത്യയെ വെല്ലുവിളിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. വലിയൊരു സൈനികനീക്കം തന്നെ. പണ്ട് നെഹ്റു – കോണ്‍ഗ്രസ് കാലഘട്ടത്തില്‍ അത്തരം നീക്കങ്ങള്‍ വിജയിച്ചിട്ടുണ്ട് എന്ന തോന്നലാവാം ഇതിന് പ്രേരിപ്പിച്ചത്. പക്ഷെ, വന്നുനിന്ന് മഞ്ഞുകൊണ്ടത് മാത്രം പ്രയോജനം. വന്നത് പോലെ ചൈനീസ് പട്ടാളക്കാര്‍ മടങ്ങുന്നതാണ് ഇപ്പോള്‍ കാണുന്നത്. അപ്പോഴും രാഹുല്‍ ഗാന്ധിമാര്‍ക്ക് സഹിക്കുന്നില്ല. ഇന്ത്യന്‍ ഭൂമി ചൈന പിടിച്ചടക്കി എന്നവര്‍ വിളിച്ചുകൂവുന്നു……. കള്ളത്തരം പറയുന്നതില്‍ ഒരു ലജ്ജയുമില്ലാത്തവരില്‍ നിന്ന് വേറെന്താണ് പ്രതീക്ഷിക്കേണ്ടത്? ഇന്ന് ഇന്ത്യ ഭരിക്കുന്നത് നരേന്ദ്ര മോദിയാണ്, അതെ, ബിജെപിയാണ്. ലോകരാഷ്ട്രങ്ങള്‍ക്ക് അത് ബോധ്യമായിട്ടുണ്ട്. മോദിയെ കരുത്തനായ പ്രധാനമന്ത്രി എന്ന് വാഴ്ത്താന്‍ ലോകം തയ്യാറായിട്ടുമുണ്ട്. അപ്പോഴാണ് തിരഞ്ഞെടുപ്പില്‍ ദയനീയമായി തോറ്റ പാര്‍ട്ടികള്‍ ചേര്‍ന്ന് വിദേശ സഹായത്തോടെ മോദിയെ തളര്‍ത്താന്‍ ശ്രമിക്കുന്നത്. ഇത്തരം ദേശവിരുദ്ധ കൂട്ടുകെട്ട്, അതാണ് ഏതൊരു രാജ്യത്തിന്റെയും വെല്ലുവിളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: