കൊച്ചി: കേരളത്തിനും കൊച്ചിക്കും നമസ്കാരം പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിമാരും അണിനിരന്ന വേദിയില്‍ വികസനപദ്ധതികള്‍ ഉദ്ഘാടനം ചെയ്താണ് പ്രധാനമന്ത്രി കേരളത്തിലെ ജനങ്ങള്‍ക്ക് നമസ്കാരം പറഞ്ഞത്. 6100 കോടിയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
ഭാവിതലമുറയ്ക്കായി ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനാണ് തന്റെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മോദി പറഞ്ഞു. 110 ലക്ഷം കോടി രൂപയുടെ നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്പ് ലൈന്‍ പദ്ധതി അതിന് വേണ്ടിയാണ് വിഭാവനം ചെയ്തിട്ടുളളതെന്നും കൊച്ചിയിലെ പദ്ധതികള്‍ ഇതിന്റെ ഭാഗമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കൊച്ചിയില്‍ അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനല്‍ സാഗരികയും കൊച്ചിന് ഷിപ്പ് യാര്‍ഡിന്റെ മറൈന്‍ എഞ്ചിനിയറിംഗ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടും ഉള്‍പ്പെടെ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.
അടിസ്ഥാന സൗകര്യ വികസന പദ്ധതികളില്‍ തീരദേശ മേഖലയ്ക്കും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും പര്‍വ്വത പ്രദേശങ്ങള്‍ക്കും പ്രത്യേക ശ്രദ്ധപതിപ്പിക്കുന്നുണ്ട്. മറൈന്‍ എഞ്ചിനിയറിംഗ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഈ മേഖലയിലെ നിര്‍ണായക പഠനകേന്ദ്രമായി ഭാവിയില്‍ മാറുമെന്ന് അദേഹം പറഞ്ഞു.
ഈ രംഗത്ത് പഠനം നടത്തുന്നവര്‍ക്ക് വലിയ അവസരമായിരിക്കും ഇത് നല്‍കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍പുണ്ടായിരുന്ന ധാരണ പോലെ ഏതാനും നഗരങ്ങളെ മാത്രം ബന്ധിപ്പിക്കുന്നതോ ഗതാഗത വികസനമോ വാര്‍ത്താവിനിമയമോ മാത്രമല്ല ഇപ്പോള്‍ അടിസ്ഥാന സൗകര്യ വികസനമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സമഗ്രമായ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: