ആര്യനന്ദ എന്ന പേര് ഇന്ത്യന്‍ സംഗീതലോകം ശ്രദ്ധിച്ചു തുടങ്ങിയിട്ട് അധികം ആയിട്ടില്ല. എന്നാല്‍ ഈ കുറഞ്ഞ പ്രായത്തിനുള്ളില്‍ ഈ കോഴിക്കോട്ടുകാരി കൈപ്പിടിയിലൊതുക്കിയ നേട്ടങ്ങള്‍ ആരെയും അമ്പരിപ്പിക്കുന്നതാണ്.
പാടിത്തുടങ്ങിയതു മുതല്‍ ആര്യനന്ദ ഇങ്ങനെയാണ്. ഗുരുവായൂരില്‍ ചെമ്പൈ സംഗീതോത്സവത്തില്‍ പാടുമ്പോള്‍ പ്രായം രണ്ടര വയസ്സ് മാത്രം. മൂന്ന് മണിക്കൂറില്‍ നാല് ഭാഷകളിലെ 25 പാട്ടുകള്‍ പാടി ലിംക ഓഫ് ബുക്ക് റെക്കോഡ്സില്‍ ഇടംനേടി. സ്നേഹപൂര്‍വ്വം ആര്യനന്ദ എന്ന പേരില്‍ കോഴിക്കോട് ടൗണ്‍ഹാളിലായിരുന്നു ഈ ഗാനാര്‍ച്ചന. അന്ന് പ്രായം ഏഴ് വയസ്സ്. ദില്ലിയില്‍ സംഗം കലാ ഗ്രൂപ്പ് സംഘടിപ്പിച്ച സംഗീത മത്സരത്തില്‍ ഒന്നാംസ്ഥാനം. പിന്നീടങ്ങോട് ആര്യനന്ദയ്ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
തമിഴ് സീ ടിവി റിയാലിറ്റി ഷോയായ സരിഗമപയില്‍ രണ്ട് വര്‍ഷം മുന്‍പ് രണ്ടാംസ്ഥാനത്തോടെ ഒരു കിലോ സ്വര്‍ണം കരസ്ഥമാക്കിയാണ് ആര്യനന്ദ എന്ന പേര് കേരളത്തിന്റെ അതിര് വരമ്പുകള്‍ ഭേദിച്ചത്. സീ ടിവി ഹിന്ദി നടത്തിയ സരിഗമപ ലിറ്റില്‍ ചാപ്സ് പരിപാടിയില്‍ ഒന്നാമതെത്തിയോടെ പന്ത്രണ്ടു വയസ്സുകാരി ആര്യനന്ദ ലോകത്തെങ്ങുമുള്ള സംഗീതാസ്വാദകരുടെ പ്രിയപ്പെട്ട കൊച്ചു ഗായികയായി മാറി.
കോഴിക്കോട് ജില്ലയിലെ, കൊയിലാണ്ടി കീഴരിയൂര്‍ സ്വദേശികളായ സംഗീതാദ്ധ്യാപകരായ രാജേഷ് ബാബുവിന്റേയും ഇന്ദുവിന്റെയും ഏക മകളാണ് ആര്യനന്ദ. അച്ഛനും അമ്മയും പാട്ടുപഠിപ്പിക്കുന്നത് കേട്ടാണ് ആര്യനന്ദ പാടിത്തുടങ്ങുന്നത്. അച്ഛന് ശിഷ്യരുമായി ഗുരുവായൂരില്‍ പാട്ടുപാടിക്കാന്‍ പോയപ്പോഴാണ് പാട്ടു പഠിക്കാത്ത ആര്യനന്ദ ആദ്യമായി പാടിയത്. കടലുണ്ടി ഐഡിയല്‍ പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണിപ്പോള്‍ ആര്യനന്ദ.
ഹിന്ദി അറിയാത്ത ആര്യനന്ദ ബോളിവുഡ് സംഗീത ലോകത്തെ പാട്ടുപാടി കീഴടക്കിയതിന്റെ സന്തോഷത്തിലാണ്. സരിഗമപ ലിറ്റില്‍ ചാപ്സ് മത്സരത്തിന്റെ തുടക്കത്തില്‍ ബോളിവുഡിലെ മികച്ച ഗായകരായ കുമാര്‍ സാനു, ഉദിത് നാരായണ്‍, അല്‍ക്കാ യാഗ്നിക് തുടങ്ങിയവരായിരുന്നു വിധികര്‍ത്താക്കള്‍. മുപ്പതോളം ജൂറി അംഗങ്ങളും ഉണ്ടായിരുന്നത്. ഇവരുടെയൊക്കെ പ്രശംസ പിടിച്ചുപറ്റാന്‍ ആര്യനന്ദയ്ക്ക് കഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും മികച്ച പിന്നണി ഗായികയായി ആര്യനന്ദ വരുമെന്നാണ് വിധികര്‍ത്താക്കള്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടത്.
മത്സരത്തില്‍ ആര്യനന്ദ പാടിയ സത്യം ശിവം സുന്ദരം എന്ന ഗാനം ഇന്ത്യ ഒട്ടാകെ വൈറലായി. ലോക്ക് ഡൗണിന്റെ ഇടവേളയ്ക്കു ശേഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മത്സരം പുനരാരംഭിച്ചപ്പോള്‍ വിധികര്‍ത്താക്കളായി വന്നത് ബോളിവുഡിലെ തന്നെ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ഹിമേഷ് രേഷാമിയ, പ്രശസ്ത ഗായകരായ അല്‍ക്ക യാഗ്നിക്, ജാവേദ് അലി എന്നിവരാണ്. ഇവരുടെയും അനുഗ്രഹവാക്കുകള്‍ ഏറ്റുവാങ്ങാന്‍ ഈ ഗായികയ്ക്കായി. രേനാ ബിതി ജായേ എന്ന ഗാനം പാടി എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ചു. ഞാന്‍ ആര്യ നന്ദയുടെ ഒരു ബിഗ് ഫാനാണെന്നായിരുന്നു വിധി കര്‍ത്താക്കളിലൊരാളായ ഹിമേഷ് രേഷാമിയ പറഞ്ഞത്. മത്സരത്തില്‍ അതിഥിയായി എത്തിയ പ്രശസ്ത ഗായിക നേഹ കക്കര്‍ ആര്യനന്ദ പാടിക്കഴിഞ്ഞപ്പോള്‍ ഈ കഴിവിനെ ലോകമറിയണമെന്ന് പറഞ്ഞ് അവളോടൊപ്പം സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
ഹിന്ദി അറിയാത്ത ആര്യനന്ദ ഇന്ത്യയുടെ മനസ്സ് കീഴടക്കി ഒന്നാം സമ്മാനം നേടിയാണ് കേരളത്തിലേക്ക് മടങ്ങിയത്. മത്സര വിജയിക്കു ലഭിച്ച അഞ്ചു ലക്ഷം രൂപയടക്കമുള്ള സമ്മാനങ്ങള്‍ക്കുപുറമെ നിരവധി സിനിമകളില്‍ പാട്ടു പാടാനുള്ള അവസരവും സ്വന്തമാക്കിയായിരുന്നു ആ മടക്കം. പാട്ടില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും, ലോകമറിയുന്ന പാട്ടുകാരിയാവണമെന്നുമാണ് ഈ കൊച്ചു മിടുക്കിയുടെ ആഗ്രഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: