എം ശ്രീഹര്ഷന്
വാതില്‍ തുറന്നത് പ്രസന്നവദനനായ ഒരു ചെറുപ്പക്കാരന്റെ പുഞ്ചിരിയിലേക്കാണ്.
”Good morning sir, I am Shyam. Autowala.”
അയാള്‍ ഐ.ഡി കാര്‍ഡ് കാണിച്ചു. ശ്യാംപ്രസാദ് ശിവപതി.
”Oh, good morning. I am waiting for you. let’s go.”
”OK sir. Please come.”
മുറിപൂട്ടി ഇറങ്ങി. ഭുവനേശ്വര്നഗരത്തിന്റെ പ്രഭാതത്തിലൂടെ ശ്യാമിന്റെ റിക്ഷയില്‍.
”Shyam, would you come with me as a guide.”
”No sir. I don’t know the details. I can arrange a good guide for you.”
കുറച്ചു മുന്നോട്ട് പോയശേഷം വണ്ടി നിര്‍ത്തി. അയാളൊരു ടെലഫോണ്‍ ബൂത്തിലേക്കു കയറി.
താമസിക്കുന്ന ഹോട്ടല്‍ അലങ്കാറിനു അടുത്തുള്ള സൗത്ത് കനറ റസ്റ്റോറന്റ്. ഇന്നലത്തെ അത്താഴം. നല്ല രുചിയുള്ള ഉള്ളി ഊത്തപ്പവും പൂരിയും. ഒരു പൂരിക്കുകൂടി ഓര്‍ഡര്‍ കൊടുത്തിരിക്കുമ്പോള് അപ്പുറത്തെ ടേബിളില്‍ സംസാരിച്ചുകൊണ്ടിരുന്ന ഒരാള്‍ മുന്നില്‍ വന്നിരുന്നു. വെളുത്ത പാന്റും ഷര്‍ട്ടുമണിഞ്ഞ ഒരു മധ്യവയസ്കന്. കഷണ്ടികയറിയ നെറ്റിയില്‍ ചന്ദനക്കുറിയും കുങ്കുമവും. സ്വര്‍ണനിറമുള്ള കണ്ണട. വെളുത്തുതുടുത്ത മുഖം. കുലീനഭാവം.
വെള്ളം കുടിച്ചുകൊണ്ടിരിക്കെ ഞാന്‍ അയാളുടെ മുഖത്തേക്ക് നോക്കി.
”How’s the food? Tasty?” പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ചോദ്യം.
”Oh fine. realy delicious.”
”Thanks. I am the proprietor of this restaurant.”
പരസ്പരം പരിചയപ്പെട്ടു. മംഗലാപുരത്തുകാരനാണ്. കുശലം പറഞ്ഞു. വെയിറ്ററോടു പൂരി വാങ്ങി അദ്ദേഹം തന്നെ സര്‍വ് ചെയ്തു. സൗത്ത് കനറ റസ്റ്റോറന്റിലെ തിരക്കിന്റെ കാരണം പ്രത്യേകിച്ച് പറയണോ.
എന്റെ സന്ദര്‍ശന പരിപാടി പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ഒരു ഓഫര്‍.
”I shall arrange a nice man for you. One Mr. Shyam. Auto driver. He can communicate with you in English. Please give me your location details.”
ഹോട്ടല്‍ അഡ്രസ്സും റൂം നമ്പറും കുറിച്ചുകൊടുത്ത് നന്ദി പറഞ്ഞിറങ്ങി.
നഗരവീഥിയില്‍ തിരക്കാവുന്നതേയുള്ളൂ. ശ്യാം തിരികെ വന്നു
”Sir I have arranged. My young sister Nanditha. She will come soon. She is very smart.”
നന്ദിതയെക്കുറിച്ച് അയാള്‍ വാചാലനായി. ഉത്സാഹത്തോടെ. അഭിമാനത്തോടെ. ആറാംതരത്തില്‍ പഠിക്കയാണവള്. ഇംഗ്ലീഷ് സംസാരിക്കും. നന്നായി വായിക്കും. പഠനത്തില്‍ മിടുമിടുക്കി. പാട്ട്, നൃത്തം, അഭിനയം എല്ലാറ്റിലും കേമി. ഭുവനേശ്വറിലെ ക്ഷേത്രങ്ങളെക്കുറിച്ച് അവള്‍ക്കറിയാത്തതായി ഒന്നുമില്ല.
ശ്യാമിനോട് നന്ദി പറഞ്ഞു.
നല്ല റോഡുകള്‍. ഓരോ കവലയിലെത്തുമ്പോഴും ശ്യാം സ്ഥലം പരിചയപ്പെടുത്തുന്നുണ്ട്. ത്രിഭുനേശ്വര് എന്നാണീ നഗരത്തിന്റെ ശരിയായ പേര്. ത്രിലോകനാഥന്റെ നഗരം. ശാന്തമായ നഗരം. അടുക്കും വൃത്തിയുമുള്ള നഗരം. വിശാലവും സൗകര്യപ്രദവുമായ നഗരം.
കലിംഗതലസ്ഥാനമായ ശിശുപാല്ഗഡിന്റെ അവശിഷ്ടങ്ങള്‍ നഗരപ്രാന്തത്തിലുണ്ട്. നഗരചരിത്രം മനസ്സിലേക്ക് ഇഴഞ്ഞുകയറുകയാണ്.
മൗര്യസാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്കുശേഷം മഹാമഘവാഹനരാജവംശം. പിന്നീട് നിരവധി രാജവംശങ്ങള്‍. ശതവാഹനന്മാര്, ഗുപ്തര്, മാതരന്മാര്, ശൈലോത്ഭവന്മാര്, അങ്ങനെ. ഏഴാം നൂറ്റാണ്ടില്‍ കേസരി രാജവംശമാണ് ഇവിടെ നിരവധി ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചത്.
ഓടിയെത്തിയത് നഗരത്തിന്റെ തെക്കുകിഴക്കുഭാഗത്താണ്.
”ഈ ഭാഗത്തിന് ഒറീസ്സയുടെ തകര്‍ന്നുപോയ പ്രാചീനസംസ്കാരത്തിന്റെ ഒരു പ്രദര്‍ശനശാലയുടെ മട്ടുണ്ട്.”
ഞാനല്ല, വെട്ടൂര്‍ രാമന്നായര് പറഞ്ഞതാണ്. ‘പുരി മുതല്‍ നാസിക് വരെ’ എന്ന പുസ്തകത്തില്‍.
പഴയ ക്ഷേത്രങ്ങളുടെ നഗരം. ഏതാണ്ട് അഞ്ഞൂറിലേറെ പ്രാചീനക്ഷേത്രങ്ങള്‍. തകര്‍ന്നവയും തകരാത്തവയും. പാതിതകര്‍ന്നതും പൂര്‍ണമായി തകര്‍ന്നതും. പുനര്‍നിര്‍മ്മിച്ചതും നവീകരിച്ചതും.
ഒരു ക്ഷേത്രകവാടത്തിലേക്ക് തിരിയവേ ശ്യാം വണ്ടി നിര്‍ത്തി. പാറിവന്ന ചിത്രശലഭം പോലെ ഒരു കൊച്ചുപെണ്‍കുട്ടി ഓടിവന്ന് വണ്ടിയില്‍ കയറി. വര്‍ണാഭമായ നാടന്വസ്ത്രം. മുത്തുകിലുങ്ങുന്ന ചിരി.
”Good morning sir, I am Nanditha.”
ഞാന്‍ അധ്യാപകനാണെന്നറിഞ്ഞപ്പോള്‍ ആ മുഖത്തെ സൂര്യന് തിളങ്ങി. അവള് തൊഴുത് കാലില്‍തൊട്ടു.
”Sir, my goodness.”
മുക്തേശ്വര്ക്ഷേത്രത്തിനു മുന്നിലാണ് ഇറങ്ങിയത്. ഒരു മിനിയേച്ചര്‍ ക്ഷേത്രം. കല്ലുവിരിച്ച നടപ്പാതയുടെ ഇരുവശങ്ങളില്‍ അടുത്തടുത്തായി നിരത്തിവച്ച കൊച്ചുഗോപുരങ്ങള്‍. പൂങ്കുലമാലകള് നിറഞ്ഞുതൂങ്ങിനില്ക്കുന്ന സ്തൂപികാമരങ്ങളെപ്പോലെ. വൃത്തിയുള്ള കമനീയ പരിസരം. ഉയരംകുറഞ്ഞ ചെറുമതില്‍.
ശില്‍പ്പാലംകൃതമായ കൊച്ചുകമാനകവാടം. തടിച്ചുരണ്ട തൂണുകള്‍. മുത്തുമാലകള്‍ കോര്‍ത്തുകെട്ടിയപോലെ തോരണാലംകൃതമായ കൊത്തുവേലകള്‍ നിറഞ്ഞ കമാനം. ഇടയില്‍ സുന്ദരീരൂപങ്ങളും മൃഗപക്ഷീരൂപങ്ങളും. മുന്പിന്ഭാഗങ്ങളുടെ സമാനത.
”This Siva temple was built in10th century. Between A. D 950 and 975.” നന്ദിത വിവരിച്ചു.
ഭുവനേശ്വരിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളും ശിവാരാധയുമായി ബന്ധപ്പെട്ടതാണ്.
”This temple is known as the gem of Kalinga Architecture.” ആ മിടുക്കി വാചാലയാവുകയാണ്.
സോമവംശിരാജാവായ യയാതിയത്രേ ക്ഷേത്രം നിര്‍മ്മിച്ചത്. ജാജ്പൂരില്നിന്ന് ഭുവനേശ്വറിലേക്ക് തലസ്ഥാനം മാറ്റിയശേഷം.
അരയോളം പൊക്കമേയുള്ളൂ മതില്‍ക്കെട്ടിന്. ചുവന്ന മണല്‍ക്കല്ലുകൊണ്ടുള്ള ചെറിയ നിര്‍മ്മിതികള്‍. ഒതുക്കമുള്ള വാസ്തുശില്‍പ്പം. വിമാനം സമചതുരാകൃതിയില്‍ ഉയര്ന്നിട്ടാണ്. ചതുരത്തൂണുള്ള മുഖപ്പുകള്‍. ഉയരം കുറഞ്ഞ ശിഖരം. സൂക്ഷ്മമായ അലങ്കാരശില്പ്പങ്ങള്.
നാല് നടരാജവിഗ്രഹങ്ങള്‍. ചൈത്യജാലകങ്ങളില് മുഖംമൂടി ധരിച്ച രാക്ഷസത്തലയും കുള്ളന്രൂപവുമായി കൃതിമുഖന്മാരുടെ റിലീഫ്.
ശ്രീകോവില്വാതിലില് കേതുവിന്റെ ശില്‍പ്പം. ശ്രീകോവില്‍ച്ചുമരുകളില്‍ സര്‍പ്പങ്ങളും നാഗകന്യകമാരും. ധ്യാനരൂപികളായ മുനികള്. ചുമരിന്റെ അടിഭാഗത്തു കാണുന്ന സമാലംകൃതമായ കവാടരൂപങ്ങളില് സൂക്ഷ്മമായി കൊത്തിയെടുത്ത ജ്യാമിതീയരൂപങ്ങളുടെ പാറ്റേണുകള്‍.
അകത്ത് ശിവലിംഗപ്രതിഷ്ഠ. മുക്തിപ്രദായിയായ ഈശ്വരന്. മുക്തേശ്വരന്. എല്ലാ കെട്ടുകളില്നിന്നുമുള്ള വിടുതി. പൂര്‍ണമായ സ്വാതന്ത്ര്യം.
ജഗന്മോഹനമണ്ഡപത്തിന് മുപ്പത്തഞ്ച് മീറ്റര്‍ ഉയരമേയുള്ളൂ. പരമ്പരാഗതമായ ദ്വിതലഘടനയില്നിന്നു വ്യത്യസ്തമായി പിരമിഡ് മേല്ക്കൂരയോടുകൂടിയ ഗോപുരത്തിന്റെ ആദ്യമാതൃകയാണത്രേ ഇത്.
നിറഞ്ഞ ശില്പ്പകൗതുകം. ഋഷികള്‍, ദേവതകള്‍, സര്വാഭരണവിഭൂഷിതകളായ സുന്ദരികള്‍. ഗംഗായമുനാനദികള്‍. ഗജലക്ഷ്മിയും രാഹുകേതുക്കളും. വാതില്പ്പടിക്കരികില് പാശുപതശൈവമതസ്ഥാപകനായ ലകുലിസയുടെ ഭൂമിസ്പരമുദ്രയിലുള്ള വിഗ്രഹം.
വിമാനശിഖരം വക്രാകൃതിയിലാണെങ്കില് ജഗന്മോഹനമണ്ഡപം സൂചിസ്തംഭാകൃതിയിലാണ്. അനന്യമായ ആയതശിഖരം. മേല്‍ത്തട്ടില്‍ നാലുഭാഗത്തും പുറത്തേക്ക് തള്ളിനിലകൊള്ളുന്ന പിന്കാലിലിരിക്കുന്ന സിംഹപ്രതിമകള്‍.
ദൂരെ മാറിനിന്ന് നോക്കി. സര്‍വാഭരണവിഭൂഷിതയായി നില്ക്കുന്ന നവവധുവിനെപ്പോലെ. സ്ഥൂലത
കുറഞ്ഞ സ്ഥാവരസൗന്ദര്യം. വാസ്തുവിദ്യയും ശില്‍പ്പകലയും സമഞ്ജസമായി കൂടിച്ചേര്‍ന്ന ശിലാകാവ്യം. കാലപരിണാമങ്ങളെയകറ്റിയ ത്രസിപ്പിക്കുന്ന നിത്യയൗവനം. ഋതുഭേദങ്ങളില്‍ നവഭാവം പകരുന്ന ചാരുത.
മതില്‍ക്കെട്ടിനു പുറത്ത് സരസ്വതി, ഗണേശ, ലകുലിസ ക്ഷേത്രങ്ങള്‍. കാലില്‍ യോഗപ്പട്ട ധരിച്ച് യോഗ, ഭൂമിസ്പര, വ്യാഖ്യാന മുദ്രകളോടെയുള്ള ലകുലിസരൂപങ്ങള് ചൈത്യകമാനങ്ങളില് അവിടവിടെയായി കാണാം.
”വീരശൈവമതത്തിലെ ഏറ്റവും പുരാതനവിഭാഗമായ പശുപതരുടെ ആത്മീയഗുരുവാണ് ലകുലിസന്. അതിന്റെ സ്ഥാപകനോ ആദ്യഗുരുവോ ആണ്. ശിവന്റെ ഇരുപത്തിയെട്ടാമത്തെ അവതാരമായാണ് ലകുലിസനെ ലിംഗപുരാണത്തില്‍ പരാമര്‍ശിക്കുന്നത്. വായുപുരാണമനുസരിച്ച് ദ്വാപരയുഗമാണത്രേ ഇദ്ദേഹത്തിന്റെ കാലം.” നന്ദിത വിവരിച്ചു.
പിന്നില്‍ കിഴക്കുഭാഗത്ത് ക്ഷേത്രത്തോടുചേര്‍ന്ന് മനോഹരമായ ചിറ. മരീചി കുണ്ഡ്. വൃത്തിയും ഭംഗിയുമുള്ള കല്‍പ്പടവുകള്‍. സ്ഫടികസമാനമായ ജലം. ഇതില്‍ കുളിച്ചാല്‍ സ്ത്രീകളുടെ വന്ധ്യത മാറുമെന്ന് ആളുകള്‍ വിശ്വസിക്കുന്നതായി നന്ദിത.
പറമ്പിലെ ഉദ്യാനമലരുകള് ലോഹ്യം ചൊല്ലി. ചെറുമരത്തണലുകള് സത്കാരോദ്യുക്തരായി.
വശ്യമായ ആ കാല്‍പ്പനികലോകത്തിനു പുറത്ത് ശ്യാം കാത്തിരിപ്പായിരുന്നു. മുഷിപ്പേതുമില്ലാതെ.
നഗരത്തില്‍ തിരക്ക് കൂടിക്കൊണ്ടിരിക്കുന്നു. പ്രധാനവീഥിവിട്ട് ഇടുങ്ങിയ തെരുവുകളിലൂടെയാണ് സഞ്ചരിക്കുന്നത്. ദൂരെനിന്നേ കണ്ടുതുടങ്ങിയിരുന്നു ലിംഗരാജക്ഷേത്രത്തിന്റെ ഉത്തുംഗഗോപുരം.
വിത്തുവീണ് പൊട്ടിമുളച്ചപോലെ ചെറുതും വലുതുമായ രണ്ടായിരത്തിലേറെ ക്ഷേത്രങ്ങള്‍ അടുത്തടുത്തായി ഈ നഗരത്തിലൂണ്ടായിരുന്നത്രേ. പൂര്ണരൂപത്തിലോ അല്ലാതെയോ അഞ്ഞൂറെണ്ണം ചുരുങ്ങിയ ചുറ്റളവില്‍ ഇപ്പോഴുമുണ്ട്. ഓരോന്നും ചൂണ്ടി നന്ദിത പേരുപറഞ്ഞുകൊണ്ടിരുന്നു.
രാജാറാണിക്ഷേത്രം, പരശുരാമക്ഷേത്രം, ഐസന്വേശ്വരക്ഷേത്രം, അഷ്ടശംഭുക്ഷേത്രം, ഭൃംഗേശ്വരക്ഷേത്രം, ഭാരതിമാതക്ഷേത്രം, ബ്രഹ്മേശ്വരക്ഷേത്രം, ഭൃകുതേശ്വരക്ഷേത്രം, ബയമോകേശ്വര ക്ഷേത്രം, ഭാസ്കരേശ്വരക്ഷേത്രം, ചക്രേശ്വരിക്ഷേത്രം, ദിഷിസ്വാരക്ഷേത്രം…..
നന്ദിത ചറപറായെന്ന് പറഞ്ഞുകൊണ്ടിരിക്കയാണ്. ഓരോന്നിന്റെയും കാലം, ആരാധന, ചരിത്രം, ഐതിഹ്യം അങ്ങനെയങ്ങനെ…
അവള്‍ക്ക് കേരളത്തെക്കുറിച്ചറിയണം. നമ്മുടെ പച്ചപ്പിനെയും ജലസമൃദ്ധിയെയും കുറിച്ച് അവള് കേട്ടിട്ടുണ്ട്. നാടുചുറ്റിക്കാണാന്‍ അവള്‍ക്ക് വലിയ കൊതിയൊന്നുമില്ല. കൊച്ചുമോഹങ്ങള്‍ മാത്രമുള്ള അവള്‍ക്ക് ചേട്ടനെ വലിയ ഇഷ്ടമാണ്. അച്ഛനമ്മമാരില്ലാത്ത അവളുടെ കാണപ്പെട്ട ദൈവം.
അവള്‍ക്ക് നാലുവയസ്സുള്ളപ്പോള്‍ അച്ഛനുമമ്മയും ചേച്ചിയും മരിച്ചു. ആ തെരുവില്‍ നടമാടിയ നടപ്പുദീനത്തില്‍. പ്ലേഗില്‍ പൊലിഞ്ഞുപോയ കുറേ ജീവിതങ്ങള്‍. നന്ദിതയും ശ്യാമും ഇളയമ്മയും മാത്രം ബാക്കിയായി. ബിരുദധാരിയായ ശ്യാം ആറുവര്‍ഷമായി നഗരത്തില്‍ ഓട്ടോവാലയായി ജോലിചെയ്യുന്നു. കൊച്ചനിയത്തിയെ പഠിപ്പിക്കുന്നു.
(അടുത്തലക്കം: കഥയ മമ കഥയ മമ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: