ഡോ.പി. ശിവപ്രസാദ്
തൊണ്ണൂറുകള്‍ക്കുശേഷം ആന്തരവൈരുദ്ധ്യങ്ങളുടെയും പുറംപൂച്ചുകളുടെയും കാപട്യങ്ങളുടെയും അവസരവാദത്തിന്റെയും മണലില്‍ ആഴത്തില്‍ തലപൂഴ്ത്തിയശേഷം പുറമേ പുരോഗതിയുടെ പരസ്യം പതിച്ച തമ്മിലിണങ്ങാത്ത അനേകം ഉടുപ്പുകള്‍ സച്ചിദാനന്ദന് മാറി മാറി ധരിച്ചു. ദളിത്, പെണ്ണെഴുത്ത്, പരിസ്ഥിതി, നവമാര്‍ക്സിസം, തൊഴിലാളിവര്‍ഗ്ഗം, നവചരിത്രം, കൊളോണിയല്‍, സ്വത്വം, ന്യൂനപക്ഷം, മതേതര ആത്മീയം, മൂന്നാംലിംഗം, പ്രതിരോധം തുടങ്ങി ആന്റിഫാസിസം വരെയുള്ള എത്രയോ ഉടുപ്പുകള്‍ അങ്ങനെ സച്ചിദാനന്ദന് തുന്നിയിട്ടുണ്ട്. പക്ഷേ, സ്വന്തം മനസ്സാക്ഷിയെപ്പോലും ബോധ്യപ്പെടുത്താനാവാത്ത, തൊലിപ്പുറത്തുപോലും സ്പര്‍ശിക്കാത്ത വീരസ്യങ്ങള്‍ മാത്രമായി അവ മാറി. അപ്പപ്പോള്‍ മാര്‍ക്കറ്റുള്ള ചരക്കുകള്‍ ചുളുവിലയ്ക്ക് ലേലത്തിനെടുക്കുന്ന കുശാഗ്രബുദ്ധിയായ വ്യാപാരിയെപ്പോലെ സച്ചിദാനന്ദന് ഇത്തരം ആശയങ്ങളെയെല്ലാം വാരിപ്പുണരുകയും മാര്‍ക്കറ്റ് ഇടിയുമ്പോള്‍ ഉപേക്ഷിക്കുകയും ചെയ്തു. സച്ചിദാനന്ദന്റെ ഈ കാപട്യം പക്ഷേ താമസിയാതെ പലരും തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ എല്ലാ പുതിയ ചിന്തകളുടെയും പിതൃത്വം സച്ചിദാനന്ദന് വിട്ടുകൊടുക്കാന്‍ അവര്‍ തയ്യാറായില്ല. ദളിതരും ഫെമിനിസ്റ്റുകളും സ്വത്വവാദികളും പില്ക്കാലത്ത് ഒരേ സ്വരത്തില്‍ സച്ചിദാനന്ദനെ തള്ളിപ്പറഞ്ഞു. അവരോട് സംവദിച്ചപ്പോഴൊക്കെ സച്ചിദാനന്ദന്റെയുള്ളിലുള്ള കാപട്യത്തിന്റെ ചെമ്പ് പുറത്തുവരുന്നത് നമ്മള് കണ്ടതാണ്.
കേരളത്തിലെ ചില സ്റ്റാര്‍ ഹോട്ടലുകള്‍ക്കു മുന്പില് വിവിധ രാജ്യങ്ങളുടെ പല നിറത്തിലുള്ള കൊടികള്‍ നാട്ടിയതു കണ്ടിട്ടില്ലേ. എല്ലാ രാജ്യങ്ങളിലെയും തനതുരുചിയിലുള്ള ഭക്ഷണം അവിടെ ലഭിക്കും എന്ന പരസ്യമാണല്ലോ അതുകൊണ്ടുദ്ദേശിക്കുന്നത്. എന്നാല്‍ അടുക്കളയില്‍പോയി നോക്കിയാല്‍ അവിടെ പാചകം ചെയ്യുന്നത് പലപ്പോഴും ഉത്തരേന്ത്യന്‍ രുചി മാത്രം പരിചയമുള്ള ബംഗാളിയായിരിക്കും കാണുക. ഉപഭോക്താക്കളെ പറ്റിക്കുന്ന പരിപാടിയാണിത്. സായ്പ് അടുക്കളയില്‍ ഒളിഞ്ഞുനോക്കില്ല എന്ന വിശ്വാസമാണ് ഹോട്ടല്‍ മുതലാളിയുടെ വിജയരഹസ്യം. രുചിയില്‍ വ്യത്യാസമുണ്ടായാലും അത് കാര്യമാക്കാതെ തങ്ങളുടെ ഭക്ഷണത്തിന്റെ തനതുരുചി ലോകത്തൊരിടത്തും ലഭിക്കില്ല എന്നു മനസ്സില്‍ പറഞ്ഞ് അതില്‍ അഭിമാനിച്ച് സായിപ്പ് പോയ്ക്കൊള്ളും. അങ്ങനെ പറ്റിക്കുന്നവനും പറ്റിക്കപ്പെടുന്നവനും വലിയ മനസ്താപമില്ലാതെ ബിസിനസ്സ് തഴച്ചുവളരും. എന്നാല്‍ ഇതിനിടയില്‍ പെട്ടുപോവുന്നത് പാവം നാട്ടുകാരാണ്. സ്വീഡിഷ് രുചിയോ ആഫ്രിക്കന്‍ രുചിയോ പ്രതീക്ഷിച്ച് വലിയ വിലകൊടുത്ത് നമ്മുടെ നാട്ടുകാര്‍ അവിടെനിന്നും വാങ്ങിക്കഴിക്കുന്ന ഭക്ഷണത്തിന് ഉത്തരേന്ത്യന്‍ രുചി മാത്രമേയുള്ളൂ എന്നു മനസ്സിലാക്കാന്‍പോലും അവര്‍ക്ക് കഴിയണമെന്നില്ല. കാരണം സ്റ്റാര്‍ഹോട്ടല്‍ അങ്ങനെ തങ്ങളെ പറ്റിക്കില്ല എന്ന് അവര്‍ വിശ്വസിക്കുന്നു. മാത്രമല്ല സമകാലിക സ്വീഡിഷ് രുചിയെക്കുറിച്ച് അവര്‍ക്ക് അറിയാനും തരമില്ല. ഇതുപോലെ ലോകകവിതകളെന്നും പറഞ്ഞ് സച്ചിദാനന്ദന് മലയാളിക്കു മുന്നില്‍ കാഴ്ചവച്ച പരിഭാഷകളെല്ലാം കണ്ണുമിഴിച്ച് തൊണ്ട തൊടാതെ വിഴുങ്ങാന്‍ മാത്രമേ മലയാളി വായനക്കാര്‍ക്ക് സാധിച്ചിട്ടുള്ളൂ. താന്‍ എഴുതുന്നതുപോലെതന്നെയാണ് ലോകത്തിലെ എല്ലാ കവികളും എഴുതുന്നതെന്ന് ഈ പരിഭാഷകള്‍ വഴി സച്ചിദാനന്ദന് അവരെ വിശ്വസിപ്പിച്ചു.
സാഹിത്യവിമര്‍ശം
2020 ഏപ്രില്‍-ജൂണ്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: