കോട്ടയം: ഏറ്റുമാനൂര്‍ ശ്രീ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഒരുക്കങ്ങളായി. 14ന് രാവിലെ 8.45നും 9.45നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തന്ത്രി ചെങ്ങന്നൂര്‍ താഴമണ്‍ മഠത്തില്‍ കണ്ഠര് മോഹനര്, കണ്ഠര് രാജീവര്, മേല്‍ശാന്തി തളിയില്‍ വാരിക്കാട്ട് കേശവന് സത്യേഷ് എന്നിവരുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റ് നടക്കും. 23 വരെയുള്ള ദിവസങ്ങളില്‍ വിശേഷാല്‍ പൂജകള്‍, പ്രഭാഷണങ്ങള്‍, നൃത്തനൃത്ത്യങ്ങള്‍, വിവിധ കലാപരിപാടികള്‍ എന്നിവയുണ്ടാകും.
21ന് രാത്രി ഒമ്പതുമുതല്‍ 12 വരെയാണ് ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനം. കോവിഡ് സാഹചര്യത്തില്‍ ഏഴരപ്പൊന്നാന ദര്‍ശനത്തിന് ഇത്തവണ 5000 പേര്‍ക്ക് മാത്രമാണ് പ്രവേശനം. മുന്‍കൂട്ടി പാസ് നല്‍കും. 50 പേരടങ്ങിയ ചെറുസംഘങ്ങളെ വീതം ക്ഷേത്രത്തിനകത്തേക്ക് പ്രവേശിപ്പിക്കും. ക്ഷേത്രോപദേശക സമിതി ഓഫീസില്‍ നിന്ന് അഞ്ചാം ഉത്സവദിനം മുതല്‍ പാസ് ലഭിക്കും.
22ന് ഒന്‍പതാം ഉത്സവദിവസം പള്ളിവേട്ട നടക്കും. 23നാണ് ആറാട്ട്. ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് അഞ്ചു വരെ ഭക്തജനങ്ങള്‍ക്ക് പറ സമര്‍പ്പിക്കുന്നതിനായി ഭഗവാനെ പ്രത്യേകം തയ്യാറാക്കുന്ന മണ്ഡപത്തില്‍ എഴുന്നെള്ളിച്ചിരുത്തും. വൈകിട്ട് അഞ്ചിന് ആറാട്ടിന് പുറപ്പെടും. രാത്രി 9.30ന് പേരൂര്‍ കവല ആറാട്ട് എതിരേല്‍പ്പ് മണ്ഡപത്തില്‍ ആറാട്ട് എതിരേല്‍പ്പ്, 10.30ന് ക്ഷേത്ര മൈതാനിയില്‍ ആറാട്ട് എഴുന്നെള്ളിപ്പ്, 11.30ന് ആറാട്ട് വരവ്, കൊടിയിറക്ക് എന്നിവ നടക്കും.
കോവിഡിന്റെ പശ്ചാത്തലത്തില്‍ കൊടിയേറ്റ് മുതല്‍ ആറാട്ട് വരെയുള്ള എല്ലാ ചടങ്ങുകളുടെയും പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. കല്യാണ മണ്ഡപത്തിലുള്ള ക്ഷേത്ര ഉപദേശക സമിതി ഓഫീസില്‍ നിന്ന് പാസുകള്‍ മുന്‍കൂട്ടി വിതരണം ചെയ്യും. ഉത്സവ ദിവസങ്ങളില്‍ (ആറാട്ട് ദിവസം ഒഴികെ )വെളുപ്പിന് നാലു മുതല്‍ ഭക്തര്‍ക്ക് പ്രവേശനം നല്‍കും. നാലു മുതല്‍ ഏഴു വരെ ഭക്തര്‍ക്ക് നിയന്ത്രണം ഉണ്ടായിരിക്കില്ല. ഒന്നു മുതല്‍ എട്ടുവരെയുള്ള ദിവസങ്ങളില്‍ രാവിലെ 2000, വൈകിട്ട് 2000 എന്ന കണക്കില്‍ 4000 പേരെയും എട്ടാം ദിവസം ഏഴരപ്പൊന്നാന ദര്‍ശനത്തിന് 5000 പേരെയും 9,10 ദിവസങ്ങളില്‍ 5000 പേര്‍ക്കുമായിരിക്കും പ്രവേശനമെന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരി ബാബു, ക്ഷേത്രോപദേശകസമിതി സെക്രട്ടറി കെ.എന്‍. ശ്രീകുമാര്‍, എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രോപദേശകസമിതി അംഗങ്ങളായ പി.എന്‍. രവീന്ദ്രന്, ആര്. അശോക് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: