കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ച ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ വില്പനയും ഉപയോഗവും വ്യാപകമാകുന്നു. 2020 ജനുവരി ഒന്ന് മുതലാണ് കേരളത്തില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ നിര്‍മ്മാണവും സംഭരണവും വിതരണവും നിരോധിച്ചത്. നിയമം ലംഘിക്കുന്ന മൊത്തക്കച്ചവടക്കാര്‍ക്ക് ആദ്യത്തെ തവണ 10000 രൂപ പിഴയും ആവര്‍ത്തിച്ചാല്‍ 20000 രൂപ പിഴയുമാണ് ചുമത്തിയിരുന്നത്. തുടര്‍ന്നും നിയമം ലംഘിക്കുന്നവരില്‍ നിന്ന് 50000 രൂപ പിഴ ഈടാക്കുന്നതോടൊപ്പം അവരുടെ സംരംഭം അടച്ച് പൂട്ടുമെന്നും വ്യക്തമാക്കിയിരുന്നു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സ്പൂണ്‍, പ്ലേറ്റ്, പ്ലാസ്റ്റിക് വാട്ടര്‍ പൗച്ച്, പ്ലാസ്റ്റിക് ബാഗ്സ്, പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ്സ് തുടങ്ങിയവയുടെ ഉപയോഗമാണ് കേരളത്തില്‍ നിരോധിച്ചത്. സ്കൂളുകളില്‍ ഫൗണ്ടന് പേനകള്‍ ഉപയോഗിക്കുന്നതിനും നിര്‍ദ്ദേശം നല്‍കിയിരുന്നു.
എന്നാല്‍ കേരള ബീവറേജസ് കോര്പ്പറേഷന്, കേരള ഫീഡ്, മില്‍മ, കേരള വാട്ടര്‍ അതോറിറ്റി എന്നിവയെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇത്തരം സ്ഥാപനങ്ങള്‍ അവര്‍ വില്പന നടത്തുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങള് തിരികെ വാങ്ങി ഉപയോഗിക്കുന്നതിനോ സംസ്കരിക്കുന്നതിനോ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്ലാസ്റ്റിക് നിരോധനം ഉറപ്പ് വരുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടര്‍മാര്‍, എഡിഎം, പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശവും നല്‍കിയിരുന്നു.
കൃത്യമായ മുന്നൊരുക്കമില്ലാതെ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയതിനെതിരെ തുടക്കത്തില്‍ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. സര്‍ക്കാര്‍ നടപടി കര്‍ശനമാക്കിയപ്പോഴും പകരം സംവിധാനത്തില്‍ അവ്യക്തതയുണ്ടായിരുന്നു. തുടക്കത്തില്‍ പരിശോധനയും നടപടിയും കര്‍ശനമാക്കിയിരുന്നെങ്കിലും കൊറോണക്കാലമായതോടെ നടപടികള്‍ ദുര്‍ബലമായി. ഗുരുതരമായ മാലിന്യ പ്രശ്നമുണ്ടാക്കുന്ന നിരോധിത പ്ലാസ്റ്റിക് സഞ്ചികളാണ് ഇപ്പോള്‍ വ്യാപകമയി ഉപയോഗിക്കുന്നത്. മത്സ്യമാര്‍ക്കറ്റുകളിലും ഹോട്ടലുകളിലും പലചരക്ക് കടകളിലുമൊക്കെ പ്ലാസ്റ്റിക് സഞ്ചികള്‍ സുലഭമാണ്. പ്ലാസ്റ്റികിന് പകരമായി ഉപയോഗിക്കുന്ന പേപ്പര്‍ ബാഗുകള്‍ക്ക് ചെലവ് കൂടിയതും ഉപയോഗിക്കാനുള്ള അസൗകര്യവുമാണ് വ്യാപാരികളെ പ്ലാസ്റ്റിക് ഉപയോഗത്തിന് പ്രേരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: