തിരുവനന്തപുരം: സംഗീതരംഗത്തും കേരളത്തിലെ സാംസ്കാരിക വേദികളിലും നിറസാന്നിധ്യമായിരുന്ന ഗായകന് എം.എസ്. നസീം അന്തരിച്ചു. ഇന്നലെ രാവിലെ 6.30ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏതാനും വര്‍ഷങ്ങളായി പക്ഷാഘാതത്തെ തുടര്‍ന്നുള്ള ചികിത്സയിലായിരുന്നു. കഴക്കൂട്ടത്തിന് സമീപം വെട്ടുറോഡ് മേടയില്‍ വീട്ടില്‍ പരേതരായ മുഹമ്മദ് സാലിയുടെയും അസ്മാ ബീവിയുടെയും മകനാണ്.
ഗായകന്, സംഘാടകന്‍, സംഗീത ലഘുചിത്ര സംവിധായകന്, അവതാരകന് എന്നീ നിലകളില്‍ ഏറെ ശ്രദ്ധേയനായിരുന്നു. ദൂരദര്‍ശനിലും സ്റ്റേജ് പ്രോഗ്രാമുകളിലും സജീവ സാന്നിധ്യമായിരുന്നു. മുഹമ്മദ് റാഫി, ബാബുരാജ്, എ.എം. രാജ എന്നിവരുടെ ഗാനങ്ങള്‍ പുനരാവിഷ്കരിച്ചു കൊണ്ടാണ് ജനശ്രദ്ധ നേടിയത്. 2003ല്‍ ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിന്ന് സ്വമേധയാ വിരമിച്ച നസീം പൂര്‍ണ സമയം കലാപ്രവര്‍ത്തനത്തില്‍ വ്യാപൃതനായി. സ്വരലയയുടെ തിരുവനന്തപുരം ഘടകം രൂപംകൊണ്ടപ്പോള്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. കെ.പി. ഉദയഭാനു ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന ഗാനസംഘത്തിന് പ്രാരംഭം കുറിച്ചതു മുതല്‍ അതിന്റെ ഗായകന്, മ്യൂസിക് ഡയറക്ടര്‍ എന്നീ നിലയില്‍ ഒട്ടേറെ സ്വീകാര്യത ലഭിച്ചു.
അറബ് രാജ്യങ്ങളിലെ അദ്ദേഹത്തിന്റെ സംഗീതയാത്രകള്‍ ജനശ്രദ്ധ നേടി. മലയാള ചലച്ചിത്രരംഗത്തെ സംഗീതത്തെ അടിസ്ഥാനമാക്കി നിരവധി ടെലിവിഷന്‍ പരിപാടികള്‍ സംവിധാനം ചെയ്തു. ആദ്യത്തെ വനിതാ മലയാള ചലച്ചിത്ര ഗായിക രേവമ്മയെ പരിചയപ്പെടുത്തിയത് നസീമാണ്. രേവമ്മയുടെ ആദ്യ ഗാനം മുതല്‍ 1985 വരെ അവതരിപ്പിച്ച ഗാനങ്ങള്‍ വരെ നസീം റെക്കോര്‍ഡ് ചെയ്തു. ‘ആയിരം ഗാനങ്ങള്‍ തന് ആനന്ദലഹരി’ എന്ന ജനകീയ ദൂരദര്ശന് സംഗീതപരിപാടി മലയാള സംഗീത വ്യവസായത്തെക്കുറിച്ചുള്ള ആദ്യത്തെ ഗവേഷണ പ്രവര്‍ത്തനം ആയി കണക്കാക്കപ്പെടുന്നു. വിവിധ ഗായകരെക്കുറിച്ചും സംഗീതവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചും നിരവധി ഡോക്യുമെന്ററികള്‍ അദ്ദേഹം നിര്‍മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ‘സ്നേഹമാണ് സംഗീതം ‘എന്ന പേരില്‍ ഒരു പുസ്തകം എഴുതി. നാല് തവണ മികച്ച ടിവി ഗായക പുരസ്കാരം, മികച്ച ഗായകനു
ള്ള കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്, ഡോക്യുമെന്ററിക്ക് വേണ്ടിയുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്, നാനാ ഫിലിം അവാര്‍ഡ്, എ.ടി. ഉമ്മര്‍ പുരസ്കാരം, പ്രേംനസീര്‍ ഫൗണ്ടേഷന്റെ പ്രേംനസീര്‍ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: ഷാഹിദ. മക്കള്‍: നദിയാ. നസ്നി. മരുമക്കള്‍: ജാസിര്‍. താജുദ്ദീന്. കണിയാപുരം പരിയാരത്ത് കര മുസ്ലിം ജമാഅത്തില്‍ ഖബറടക്കി.
എം.എസ്. നസീമിന്റെ നിര്യാണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് അനുശോചിച്ചു. ഗാനമേളകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും ആസ്വാദക ഹൃദയം കവര്‍ന്ന കലാകാരനായിരുന്നു നസീം. അദ്ദേഹത്തിന്റെ വിയോഗം കലാ കേരളത്തിന് നഷ്ടമാണ്. തന്റേതായ വ്യത്യസ്ത ആലാപന ശൈലിയിലൂടെ ഓരോ മലയാളിയുടേയും മനസില്‍ ഇടംപിടിച്ച അനുഗ്രഹീത കലാകാരനായിരുന്നു അദ്ദേഹമെന്നും നസീമിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: