തിരുവനന്തപുരം; പിണറായി സര്‍ക്കാരിന്റെ മുഴുവന്‍ ഭരണനേട്ടങ്ങളെയും മാച്ചുകളയുന്നതായിരുന്നു ആ ചിത്രം.റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ജോലി കിട്ടാത്തതിന്റെ സങ്കടത്തില്‍ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന തൃശൂരില്‍ നിന്നുള്ള രണ്ട് കൂട്ടുകാരികള്‍- ലയയും ഡെന്‍സി റീത്തുവും.
പിഎസ് സി റാങ്ക് ലിസ്റ്റ് റദ്ദാക്കരുതെന്നാവശ്യപ്പെട്ട് സെക്രട്ടറേറിയറ്റിനു മുന്നില്‍ സമരം ചെയ്യാനെത്തിയ ലയ സങ്കടം സഹിക്കാനാവാതെ ഒരു നിമിഷം പൊട്ടിക്കരഞ്ഞത്. പക്ഷെ ഇതിനെതിരെ പിന്നീട് അവരുടെ ഫേസ് ബുക്ക് പേജിലും സമൂഹമാധ്യമങ്ങളിലും സൈബര്‍ സഖാക്കളുടെ ആക്രമണമായിരുന്നു.
‘സാമൂഹികമാധ്യമങ്ങളില്‍ മറഞ്ഞിരുന്ന് ആക്രമിക്കുന്നത് മുഖമില്ലാത്തവരാണ്. എന്നെ ക്രൂരമായി ആക്രമിക്കുന്നവര്‍ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് വരൂ. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാം,’ലയ പറയുന്നു.
പിണറായി സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനത്തിനെതിരെ സെക്രട്ടേറിയറ്റില്‍ സമരം ചെയ്തുകൊണ്ടിരിക്കുന്നതിനിടയില്‍ നിയമനം കാത്തു കഴിയുന്ന ഡെന്‍സി റീത്തു വന്ന് കെട്ടപ്പിടിച്ചപ്പോള്‍ ലയ നിയന്ത്രണം വിട്ട് കരഞ്ഞു. സമരത്തിനിടയില്‍ ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിക്കാന്‍ ശ്രമം നടത്തിയപ്പോള്‍ ഇവരുടെ സങ്കടം ഇരട്ടിച്ചു. ഇത് പിറ്റേദിവസം പത്രങ്ങളിലും സമൂഹമാധ്യമങ്ങളിലും പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങളെ വെല്ലുവിളിക്കുന്ന ചിത്രമായി മാറുകയായിരുന്നു. ഇതോടെയാണ് സൈബര്‍ സഖാക്കളുടെ രോഷം അണപൊട്ടിയത്. പിന്നീടങ്ങളോട്ട് സൈബറിടങ്ങളില്‍ ലയക്കെതിരെ സംഘടിതാക്രമണമായിരുന്നു. അതില്‍ ഭൂരിഭാഗവും പുറത്തുപറയാന്‍ കൊള്ളാത്ത വാക്കുകളും പ്രയോഗങ്ങളുമായിരുന്നു.
ലയ കരഞ്ഞത് നാടകമാണെന്നും ലയ കോണ്‍ഗ്രസുകാരിയാണെന്നും തുടങ്ങി ഒരുപാട് വിമര്‍ശനങ്ങള്‍. എന്നാല്‍ ഈ സമരത്തിനറങ്ങിയവരില്‍ പാര്‍ട്ടിക്കാരായ ധാരാളം പേരുണ്ടെന്നും അതെന്താണ് സൈബര്‍ സഖാക്കള്‍ തിരിച്ചറിയാത്തതെന്നുമാണ് ലയയുടെ മറുചോദ്യം.
കഷ്ടപ്പെട്ടും പഠനത്തിനൊപ്പം പല ജോലികള്‍ നോക്കിയുമാണ് പിഎസ് സി പരീക്ഷയെഴുതിയത്. റാങ്ക് പട്ടികയിലെത്തിയിട്ടും തൊഴില്‍ലഭിക്കില്ലെന്ന് കണ്ടപ്പോള്‍ സങ്കടം സഹിക്കാനാവാതെയായിരുന്നു ലയ പൊട്ടിക്കരഞ്ഞത്. അഞ്ചുവര്‍ഷമായുള്ള സ്വപ്നംപൊലിയുമെന്ന പേടിയിലാണ് കരഞ്ഞതെന്നും ലയ പറയുന്നു.
തൃശൂര്‍ ഒളരിയിലാണ് ലയ രാജേഷിന്റെ വീട്. ലാസ്റ്റ് ഗ്രേഡില്‍ ജില്ലയില്‍ 583ാം റാങ്കുകാരിയാണ്. സാധാരണ ആയിരം പേരെ വരെ എടുക്കേണ്ടതിന് പകരം ഇക്കുറി 500 പോലും ആയിട്ടില്ല. പിന്‍വാതില്‍ നിയമനങ്ങള്‍ അധികമായപ്പോള്‍ തങ്ങളുടെ ജോലി സര്‍ക്കാര്‍ തടയുന്നു എന്നു തോന്നുമ്പോള്‍ എങ്ങിനെ കരയാതിരിക്കുമെന്നും ലയ ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: