ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച അക്കൗണ്ടുകളെല്ലാം നീക്കം ചെയ്യാനാവില്ലെന്ന് വ്യക്തമാക്കി ട്വിറ്റര്‍. ദല്‍ഹിയിലെ ഇടനിലക്കാരുടെ സമരവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് കണ്ടെത്തിയ 1,178 ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ നോട്ടിസ് നല്‍കിയിരുന്നത്. ഈ നോട്ടിസിനുള്ള മറുപടിയിലാണ് ട്വിറ്റര്‍ എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കാനാകില്ലെന്ന് അറിയിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഒരുവിഭാഗം അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവരുടെ അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുത്തിട്ടില്ലെന്നും ട്വിറ്റര്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ നിയമം അനുസരിച്ചുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിന് ഇത് വിലങ്ങുതടിയാകുമെന്ന ന്യായീകരണമാണ് ട്വിറ്റര്‍ ഇതിന് മുന്നോട്ടുവയ്ക്കുന്നത്.
അക്കൗണ്ട് മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്നുവരി പ്രസ്താവനയാണ് ട്വിറ്റര്‍ നടത്തിയത്. ലോകത്ത് അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്ക്കാര സ്വാതന്ത്ര്യവും വലിയ രീതിയില്‍ ചോദ്യം ചെയ്യപ്പെടുന്നുവെന്നും പ്രസ്താവനയില്‍ ട്വിറ്റര്‍ അവകാശപ്പെടുന്നു. മരവിപ്പിച്ച അക്കൗണ്ടുകള്‍ ഇന്ത്യക്ക് പുറത്ത് ലഭ്യമാകുമെന്നും ട്വിറ്റര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: