കൊല്‍ക്ക്ത്ത: ഭാരത് മാതാ കീ ജയ് വിളിക്കുമ്പോള്‍ വിറളി പിടിക്കുന്ന മമത എന്തുകൊണ്ടാണ് ആളുകള്‍ ഇന്ത്യയ്ക്കെതിരെ സംസാരിക്കുമ്പോള്‍ അവര്‍ക്ക് കോപമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗാളിലെ ഹാല്‍ദിയയില്‍ 348 കിലോമീറ്ററുള്ള ധോബി-ദുര്‍ഗപൂര്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ബംഗാളില്‍ അഴിമതി തൃണമൂല്‍ ഭരണത്തില്‍ സ്ഥാപനവല്ക്കരിക്കപ്പെട്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ക്ഷണിച്ചിരുന്നെങ്കിലും മമത ബാനര്‍ജി ചടങ്ങില്‍ പങ്കെടുത്തില്ല. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ സദസ്സില്‍ നിന്നും ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിയെത്തുടര്‍ന്ന് മമത പ്രസംഗിക്കാതെ ഇറങ്ങിപ്പോയിരുന്നു. ഭാരത് പെട്രോളിയം കോര്പറേഷന് ലി. നിര്‍മ്മിച്ച 1100 കോടിയുടെ എല്‍പിജി ടെര്‍മിനലും റാമീചക്കിലെ നാല് വരി ആര്‍ഒബി-കം-ഫ്ളൈ ഓവറും മോദി ഉദ്ഘാടനം ചെയ്തു.
‘ഇന്ന് ആത്മനിര്‍ഭരതയുടെ വലിയ ദിവസമാണ്. ഇന്ന് ഉദ്ഘാടനം ചെയ്ത നാല് പദ്ധതികളും ബംഗാളിലെയും മറ്റ് കിഴക്കന്‍ സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യും. ഈ പദ്ധതികള്‍ ഹാല്‍ദിയയെ വാതക കയറ്റുമതിയുടെ ഹബ്ബാക്കി മാറ്റും. ഒരു രാജ്യം-ഒരു ഗ്യാസ് ഗ്രിഡ് എന്ന് പദ്ധതിയിലേക്ക് രാജ്യത്തെ അടുപ്പിക്കുന്നതാണ് ഈ പദ്ധതി. ഏഷ്യയിലെ തന്നെ ഉയര്‍ന്ന ഗ്യാസ് നിര്‍മ്മാണ രാജ്യമായ് ഇന്ത്യ മാറുകയാണ്,’ മോദി പറഞ്ഞു.
‘മമത സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ആദ്യ വര്‍ഷത്തില്‍തന്നെ മനസ്സിലായി ഇടതുപക്ഷം ബാക്കിവെച്ചുപോയതിന്റെ പുനരാവര്‍ത്തനമാണ്, അല്ലാതെ പരിവര്‍ത്തനമല്ല ബംഗാളില്‍ ഉണ്ടാകുകയെന്ന്. ഇടതുപക്ഷത്തിന്റെ പുനരുജ്ജീവനമെന്നാല് അഴിമതി, കുറ്റകൃത്യങ്ങള്‍, അക്രമം, ജനാധിപത്യത്തിന്മേലുള്ള കടന്നുകയറ്റങ്ങള്‍ എന്നിവയാണ്.’ – മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: