ലക്നൗ: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയെ വിമര്‍ശിച്ച് പാര്‍ട്ടി വിമത നേതാവ് അദിതി സിംഗ്. തെരഞ്ഞെടുപ്പിന് ശേഷം റായിബറേലി മണ്ഡലത്തില്‍ സോണിയ നടത്തിയ സന്ദര്‍ശനങ്ങളുടെ എണ്ണം ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. സോണിയയ്ക്കായി വോട്ട് ചെയ്തവര്‍ക്കു ഒന്നും തിരിച്ചുകിട്ടിയില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. 2019-ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ റായ്ബറേലി ലോക്സഭാ മണ്ഡലം സോണിയ നിലനിര്‍ത്തിയെങ്കിലും പിന്നീട് രണ്ടു പ്രാവശ്യം മാത്രമാണ് മണ്ഡലത്തില്‍ എത്തിയത്.
2019 ജൂണിലും കഴിഞ്ഞകൊല്ലം ജനുവരിയിലുമായിരുന്നു ഇത്. ഇതാണ് എംഎല്‍എയുടെ കുറ്റപ്പെടുത്തലിന്റെ അടിസ്ഥാനം. ‘താങ്കളിലിരിക്കുന്ന പദവിയെ എങ്കിലും ബഹുമാനിക്കുകയും അധികാരത്തിലേറ്റിയ ജനങ്ങളുടെ കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്യണം. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുകയും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യുന്ന അത്തരത്തിലുള്ള എല്ലാ നേതാക്കളെയും പാര്‍ട്ടി ഏതെന്ന് നോക്കാതെ ഞാന്‍ ബഹുമാനിക്കുന്നു.’- റായിബറേലിയില്‍നിന്നുള്ള എംഎല്‍എയായ അദിതി സിംഗ് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് പടിയിറങ്ങയതിന് ശേഷം വലിയ നേതൃപ്രതിസന്ധിയാണ് കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്നത്. അടുത്തിടെ ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിലും തിരിച്ചടി നേരിട്ടതോടെ മുതിര്‍ന്ന നേതാക്കളായ പി ചിദംബരവും കപില്‍ സിബലും നേതൃത്വത്തിനെതിരെ പരസ്യപ്രതികരണം നടത്തി. മെയില്‍ അധ്യക്ഷനായി തെരഞ്ഞെടുപ്പ് നടത്താനാണ് പാര്‍ട്ടിയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: