തിരിച്ചുപോകാനുള്ള അനുമതി ലഭിക്കാന്‍ ശിവാജി ഉപായം അന്വേഷിച്ചുകൊണ്ടിരുന്നു. ബാദശാഹയുടെ മനഃപരിവര്‍ത്തനത്തിനുവേണ്ടി പ്രയത്നിക്കാന്‍ നഗരത്തിലും പുരത്തിലുമുള്ള ധനികരെ സമ്മാനം കൊടുത്ത് പ്രേരിപ്പിച്ചു. ജാഫര്‍ഖാന്‍ വലിയൊരു ധനരാശി തന്നെ കൊടുത്തു. എന്നാലതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ല. ഒരിക്കല്‍ ശിവാജി നേരിട്ട് ചെന്ന് ജാഫര്‍ഖാനെ കണ്ടു. കൂടിക്കാഴ്ച സമയത്തു തന്നെ ഖാന്റെ പത്നി ശയിസ്തേഖാന്റെ അനുജത്തി സൂചന കൊടുത്തു. അഫ്സല്‍ഖാന്റെ വയറ് പിളര്‍ന്നവന്‍ ശയിസ്തേഖാന്റെ വിരലുകള്‍ ഖണ്ഡിച്ചവന്‍ ആരാണോ അവനാണ് ഇവന്. അതുകൊണ്ട് കൂടിക്കാഴ്ച നിര്‍ത്തുന്നതാണ് ഉചിതം. ശിവാജി- കാണാന്‍ വരുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ ജാഫര്‍ഖാന്‍ ഭയന്നുവിറച്ചു. ഇപ്പോള്‍ ഭാര്യയുടെ ഹിതോപദേശം കൂടിയായപ്പോള്‍ കൂടിക്കാഴ്ച നിര്‍ത്തി. ശിവാജിയ്ക്ക് സമ്മാനങ്ങള്‍ കൊടുത്തു തിരിച്ചയച്ചു. ശിവാജി ബാദശാഹയ്ക്ക് കൊടുക്കാന്‍ തയ്യാറാക്കിയ നിവേദന പത്രം ജാഫര്‍ഖാന്‍ ബാദശാഹയെ ഏല്‍പ്പിച്ചു.
ശിവാജി ബാദശാഹയ്ക്ക് വീണ്ടും വീണ്ടും പ്രാര്‍ത്ഥനാ പത്രങ്ങളയച്ചു. എന്നാലതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ല. സംഭാജിയെ ഇവിടെ നിര്‍ത്തി തന്നെ ബീജാപ്പൂരിന് വിരുദ്ധ യുദ്ധം ചെയ്യാനായി ദക്ഷിണത്തിലേക്കയക്കണമെന്ന നിവേദനവും നടത്തിനോക്കി.
ബാദശാഹയോട് എന്നിലുള്ള നിഷ്ഠ അചഞ്ചലമാണ് എന്നും സൂചിപ്പിച്ചിരുന്നു. ഈ നിവേദനപത്രത്തില്നിന്നു തന്നെ ഔറംഗസേബിന് മനസ്സിലായി. ശിവാജി എങ്ങനെയും ദക്ഷിണ ദേശത്തേക്ക് രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നു എന്ന്. അതോടുകൂടി ബാദശാഹ ശിവാജിയുടെ കാവല്‍ ശക്തിപ്പെടുത്തി. ഇതോടെ പുറത്തുപോകുന്നതിന് പ്രതിബന്ധമേര്പ്പെടുത്തി. രാമസിംഹന്റെ വീട്ടിലും പോകാന്‍ സാധ്യമല്ല. ഒരു ദിവസം ബാദശാഹയുടെ ആജ്ഞാനുസാരം ശിവാജിയുടെ രക്ഷണവ്യവസ്ഥ പോളാദഖാന്‍ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ കുതിരപ്പടയാളികളും പീരങ്കി സൈനികരും ശിവാജിക്ക് ചുറ്റും വന്നു കാവല്‍ നിന്നു. ഇതുകണ്ട് ശിവാജി തന്റെ ഇരുണ്ട ഭവിഷ്യത്തിന്റെ കഠിനത മനസ്സിലാക്കി. സ്വരാജ്യരക്ഷണത്തെ സംബന്ധിച്ച ചിന്ത അദ്ദേഹത്തിന്റെ ഹൃദയത്തില്‍ വ്യാകുലത ഉണ്ടാക്കി.
അപ്പോള്‍ വീണ്ടും രാമസിംഹന് ഇടപെട്ടു, ശിവാജിയുടെ സുരക്ഷാവ്യവസ്ഥയുടെ ഭാരം എന്നിലാണ്. അതനുസരിച്ച് ബാദശാഹയ്ക്ക് പ്രതിജ്ഞാപത്രം എഴുതിക്കൊടുത്തിട്ടുമുണ്ട് എന്ന് പോളാദഖാനെ ഓര്‍മിപ്പിച്ചു. എന്നു മാത്രമല്ല ഖാന്റെ രക്ഷണവ്യൂഹത്തിനകത്ത് ശിവാജിക്ക് ചുറ്റും തന്റെ വിശ്വസ്തരായ രാജപൂത് സൈനികരെ അംഗരക്ഷകന്മാരായി നിയോഗിച്ചു.
ഔറംഗസേബ് ജയസിംഹനയച്ച കത്തിന് മറുപടി വന്നു. അതില്‍ പുരന്ദര്‍ സന്ധിയുടെ നിയമങ്ങള്‍ എന്തെല്ലാമെന്ന് എഴുതിയറിയിക്കുക മാത്രമാണുണ്ടായത്. ഇതല്ലാതെ കൂടുതലൊന്നും ഞാന്‍ വാക്കു കൊടുത്തിട്ടില്ല എന്ന് പറഞ്ഞൊഴിഞ്ഞു ജയസിംഹന്.
മോഹന കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: