തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് പരിശോധനകളുടെ എണ്ണം കുറവാണെന്ന് കേന്ദ്രസംഘത്തിന്റെ വിലയിരുത്തല്‍. പരിശോധന കൂട്ടാന്‍ സംഘം നിര്‍ദേശിച്ചു. നിലവിലെ സാഹചര്യത്തില്‍ രോഗവ്യാപനം കൂടാന്‍ സാധ്യതയുണ്ടെന്നും അവര്‍ മുന്നറിയിപ്പ് നല്കി. സംഘം ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി കൂടിക്കാഴ്ച നടത്തി. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പരിശോധനകളുടെ എണ്ണം കുറവാണെന്ന് നേരത്തേ തന്നെ ആക്ഷേപമുയര്‍ന്നിരുന്നു.
ഇതു ശരിവയ്ക്കുന്നതാണ് ഇന്ന് കേന്ദ്രസംഘം നല്കിയ നിര്‍ദേശം. തുടക്കത്തില്‍തന്നെ പരമാവധി പരിശോധനകള്‍ നടത്തിയിരുന്നുവെങ്കില്‍ രോഗവ്യാപനം ഇത്രത്തോളം രൂക്ഷമാകില്ലായിരുന്നുവെന്ന നിരീക്ഷണവും സംഘം നടത്തിയതായാണ് വിവരം. തുടക്കത്തില്‍തന്നെ രോഗികളെ കണ്ടെത്തി നിരീക്ഷണത്തിലേക്ക് മാറ്റാനും രോഗം വ്യാപിക്കുന്നത് തടയാനും സാധിക്കുമായിരുന്നുവെന്നും കേന്ദ്രസംഘം വിലയിരുത്തി.
പരിശോധനകളുടെ എണ്ണം വ്യാഴാഴ്ച മുതല്‍ എണ്‍പതിനായിരത്തിന് മുകളിലേക്ക് എത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി മറുപടി നല്കി. പരിശോധനകള്‍ പരമാവധി കൂട്ടാനാണ് തീരുമാനം. തെരഞ്ഞെടുപ്പുകൂടി അടുത്ത സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രതയോടെയാണ് മുന്നോട്ടുപോകുന്നതെന്നും മന്ത്രി കേന്ദ്രസംഘത്തെ അറിയിച്ചു.
ദേശീയശരാശരിയേക്കാള്‍ അഞ്ചിരട്ടിയും ആറിരട്ടിയുംവരെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കേരളത്തില്‍ അധികമാകുന്നതെങ്ങനെയെന്നും കേന്ദ്രസംഘം ആരാഞ്ഞു. മൂന്ന് ജില്ലകളിലാണ് കേന്ദ്രസംഘം സന്ദര്‍ശനം നടത്തിയത്. റിപ്പോര്‍ട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: