ഇരിട്ടി: കുന്നോത്ത് വനവാസി കുടുംബത്തിന്റെ വീട് ജെസിബി ഉപയോഗിച്ച് പൊളിച്ചു നീക്കിയതായി പരാതി. വീട് നില്ക്കുന്ന സ്ഥലത്തോടെ ചേര്‍ന്ന് തുടങ്ങാനിരിക്കുന്ന ക്രഷറിന് അനുമതി ലഭിക്കാന്‍ വീട് തടസ്സമാവുമെന്ന കാരണത്താല്‍ ആണ് വീട് തകര്‍ത്തതെന്ന് വീടിന്റെ അവകാശികളും വനവാസി അവകാശ സംരക്ഷണ സമിതി ഭാരവാഹികളും വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
പായം പഞ്ചായത്തിലെ പതിനേഴാം വാര്‍ഡില്‍ കുന്നോത്തുള്ള ജാനുവിന്റെ വീടാണ് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ച് നീക്കിയത്. സര്‍ക്കാര്‍ നൽകിയ ഭൂമിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്. സമീപത്ത് തുടങ്ങാന്‍ ഒരുങ്ങുന്ന ക്രഷറിന് വീട് തടസ്സമായതിനെ തുടര്‍ന്നാണ് വീട് പൊളിച്ച് നീക്കിയതെന്ന് ബന്ധുക്കളും വനവാസി അവകാശ സംരക്ഷണ സമിതി നേതാക്കളുും ആരോപിക്കുന്നു.
ജനുവരി 22നാണ് ജാനുവിന്റെ വീട് പൊളിച്ചു നീക്കിയത്. ജാനുവിന്റെ ബന്ധുക്കളായ പവിത്രന്, മിനി, അച്യുതന്, ജാനുവിനെ പരിചരിച്ചിരുന്ന വാസന്തി എന്നിവര്‍ പോലീസിലും പായം പഞ്ചായത്തിലും ട്രൈബല്‍ ഓഫീസിലും പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നാണ് പരാതി. വനവാസി കുടുംബത്തിന്റെ വീട് പൊളിച്ചു നീക്കിയവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ വേണമെന്ന് കേരള വനവാസി അവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
ഇല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു വരുമെന്നും ഇവര്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലാ പ്രസി.ശങ്കരന് തില്ലങ്കേരി, സെക്രട്ടറി സുമേഷ് കോളാരി, കേരളാ വനവാസി അവകാശ സംരക്ഷണ സമിതി സംയോജകന്‍ സുശാന്ത് നരിക്കോടന്‍, തകര്‍ന്ന വീടിന്റെ അവകാശികളായ മിനി പവിത്രന്, അച്യുതന്, സുധാകരന് തുടങ്ങിയവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: